മോട്ടോര്‍ വാഹന വകുപ്പ് അപകടം നടന്ന സ്ഥലത്ത് വാഹനം നിര്‍ത്താതെ പോയിട്ടില്ല; വീഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ പുറത്തുവിട്ട് കേരളാ പോലീസ്

കോട്ടയം പാമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടമുണ്ടായ സമയത്ത് അതുവഴി വന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം നിര്‍ത്താതെ പോയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, ഈ വാദഗതി തെറ്റാണെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ അവിടെ വാഹനം നിര്‍ത്തുകയും കാര്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ടെന്നും തെളിയിക്കുന്ന വീഡിയോ കേരള പോലീസ് തന്നെ അവരുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ബസ് അപകടത്തിന്റെ ആദ്യം പുറത്തു വന്ന ദൃശ്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം നിര്‍ത്താതെ പോകുന്നതായിട്ടായിരുന്നു ഉണ്ടായിരുന്നത്.

എന്നാല്‍, ഇത് ഒരു വശത്തേ മാത്രം സിസിടിവി ദൃശ്യമായിരുന്നു. ഇതിന്റെ മറുഭാഗത്തുള്ള സിസിടിവിയില്‍ വാഹനം നിര്‍ത്തുന്നതും ഉദ്യോഗസ്ഥന്‍ പുറത്തിറങ്ങി കാര്യങ്ങള്‍ പരിശോധിക്കുന്നതും ഫോണില്‍ സംസാരിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങളുണ്ട്. ആദ്യം പുറത്തുവന്ന വാട്ട്സ്ആപ്പ് ദൃശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അപകടം കണ്ടിട്ടും നിര്‍ത്താതെ പോയി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. മാധ്യമങ്ങളെല്ലാം ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ വീഡിയോയുടെ മറുവശവും പുറത്ത് വന്നിരിക്കുന്നത്. പാമ്പാടി നെടുംകുഴി ജംക്ഷനില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടത്. കുമളിയില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ബസാണ് വഴിയോട് ചേര്‍ന്നുള്ള കുഴിയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. സമീപത്തെ ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് അശ്രദ്ധയോടെ ഓട്ടോറിക്ഷ വട്ടം ചുറ്റിച്ചു റോഡിലേക്കു കയറ്റിയതാണ് അപകടകാരണമായത്. ഓട്ടോയില്‍ ഇടിക്കാതിരിക്കാന്‍ ശ്രദ്ധിച്ച് വെട്ടിച്ച ബസ് റോഡില്‍ നിന്ന് താഴേക്ക് മറിയുകയായിരുന്നു. 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top