കോട്ടയം പാമ്പാടിയിൽ വീട്ടമ്മയ്ക്കും അയൽവാസിക്കും നേരെ കുറുക്കന്റെ ആക്രമണം

പാമ്പാടി :
സൗത്ത് പാമ്പാടിയിൽ കുറുക്കന്റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. സൗത്ത് പാമ്പാടി കല്ലേപ്പുറം മാലത്ത് വീട്ടിൽ ബിൻസി മോൾ കുര്യാക്കോസ് (46) അയൽവാസി വടക്കേൽ തോമസ് ഫിലിപ്പ് (42) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. വീടിന്റെ തിണ്ണയിൽ വിശ്രമിക്കുകയായിരുന്ന ബിൻസി യെ കോഴിക്കൂട് ലക്ഷ്യമാക്കി എത്തിയ കുറുക്കൻ ആക്രമിക്കുകയായിരുന്നു. കോഴിയെ ഓടിച്ചെത്തിയ കുറുക്കനെ കല്ലെറിഞ്ഞ് പ്രതിരോധിക്കാൻ ശ്രമിച്ച ബിൻസിയെ കുറുക്കൻ ആക്രമിക്കുകയായിരുന്നു.ബിൻസിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസിയായ തോമസിനേയും കുറുക്കൻ ആക്രമിച്ചു. ഇരുവരുടെയും നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ കുറുക്കൻ രക്ഷപെട്ടു. ബിൻസിയുടെ തലയിലും മുഖത്തും കാലിനും , പരിക്കേറ്റു.തോമസിന്റെ കാലിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും സാരമായ പരിക്കുകളോടെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പാടിയിൽ കിടത്തി ചികിത്സ ഇല്ലാത്തതിനാൽ പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മാന്തുരുത്തി, സൗത്ത് പാമ്പാടി, കല്ലേപ്പുറം ഭാഗത്ത് ഏതാനും നാളുകളായി കുറുക്കൻ്റെയും, കുരങ്ങുകളുടെയും ശല്യം ഏറുന്നതായി നാട്ടുകാർ പറയുന്നു.
രാത്രിക്കാലങ്ങളിൽ കൂട്ടത്തോടെ എത്തുന്ന കുറുക്കന്മാർ പുരയിടങ്ങളിലെ കൃഷി വിളകൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
ഇതിനിടെയാണ് ഏറ്റവും ഒടുവിലായി മനുഷ്യരെയും ആക്രമിക്കുന്ന സ്ഥിതി ഉണ്ടായത്.

Top