നാട്ടുകാര്‍ ചിറ വൃത്തിയാക്കി : കോഴിക്കോട് കലക്ടര്‍ ബിരിയാണി നല്‍കി വാക്കു പാലിച്ചു

കോഴിക്കോട് : നാട്ടിലെ ജലസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി കുളം, ചിറ മുതലായവ വൃത്തിയാക്കുന്നവര്‍ക്ക് ബിരിയാണി വാങ്ങിത്തരാമെന്ന കോഴിക്കോട് കലക്ടര്‍ എന്‍.പ്രശാന്തിന്റെ വാഗ്ദാനം ഏറ്റെടുത്ത് നാട്ടുകാര്‍. തന്റെ വാഗ്ദാനം ചെവിക്കൊണ്ട് 14 ഏക്കര്‍ വിസ്തീര്‍ണം വരുന്ന കൊല്ലം പിഷാരികാവു ചിറ വൃത്തിയാക്കിയ നാട്ടുകാര്‍ക്ക് നല്ല അസല്‍ കോഴിക്കോടന്‍ ബിരിയാണി നല്‍കി കലക്ടര്‍ വാക്കു പാലിച്ചു.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കലക്ടര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കുളവും ചിറയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സന്നദ്ധപ്രവര്‍ത്തനത്തിനിറങ്ങുന്നവരുടെ ഭക്ഷണത്തിനും യാത്രാ ചെലവിനുമായി തുക അനുവദിക്കാന്‍ വകുപ്പുണ്ടെന്നും അതനുസരിച്ച് ചിറകളും കുളങ്ങളും വൃത്തിയാക്കുന്നവര്‍ക്ക് ബിരിയാണി വാങ്ങിത്തരാമെന്നും കലക്ടര്‍ പോസ്റ്റിട്ടത്. ഇതനുസരിച്ചാണ് നാട്ടുകാര്‍ സംഘടിച്ച് കൊല്ലം പിഷാരികാവു ചിറ വൃത്തിയാക്കിയത്.14 ഏക്കർ വിസ്തീർണം വരുന്ന ഒരു ചിറ വൃത്തിയാക്കുക എന്നത് ചില്ലറ കളിയല്ല. പക്ഷെ കൊയിലാണ്ടിക്കാരും ചില്ലറക്കാരല്ല. ചെയ്യും എന്ന് പറഞ്ഞാൽ ചെയ്തിരിക്കും. അതാണ്‌ ഇന്ന് കൊല്ലം പിഷാരികാവു ചിറ വൃത്തിയാക്കിയ എല്ലാ സന്നദ്ധ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ – കലക്ടർ ഫെയ്സ്ബുക്കിലെഴുതി.biriyani-ready.jpg.image.784.410
ബിരിയാണി വാഗ്ദാനം ചെയ്തുകൊണ്ടുള്ള കലക്ടറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
സ്വന്തം നാട്ടിലെ ജലസമ്പത്ത്‌ സംരക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നവര്‍ക്ക്‌ ഒരു ഹേതു വന്നു പെട്ടിട്ടുണ്ട്. വരള്‍ച്ച പ്രതിരോധ ഫണ്ടില്‍ നിന്നും കുടിവെള്ള പദ്ധതികള്‍ക്കും ജലസ്രോതസ്സ് സംരക്ഷണത്തിനുമായി അനുവദിച്ച തുകയില്‍ ശ്രമദാനമായി കുളം, ചിറ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധസേവകരുടെ ഭക്ഷണത്തിനും യാത്ര ചെലവിനുമായി ഒരു തുക അനുവദിക്കാന്‍ വകുപ്പുണ്ട്. പ്രദേശത്തെ 100 ലധികം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ചിറയോ കുളമോ ആണെങ്കില്‍ വൃത്തിയാക്കുന്ന ജോലിക്ക് വേണ്ടി ഒരു പമ്പ് വാടകക്ക് എടുക്കാനും അനുമതിയുണ്ട്. ഒരു പദ്ധതിക്ക്‌ ഈ ഫണ്ടില്‍ നിന്നും മൊത്തം ചെലവാക്കുന്ന തുക അമ്പതിനായിരം രൂപയില്‍ കൂടരുത് എന്ന് മാത്രം.
താല്പര്യമുള്ള യുവജന സംഘടനകളോ സന്നദ്ധ സംഘടനകളോ റസിഡന്‍സ് അസ്സോസിയേഷനുകളൊ ഉണ്ടെങ്കില്‍ ജില്ലാ കലക്ടരുടെ ഓഫീസുമായി ബന്ധപ്പെടുക. നാട്ടുകാര്‍ക്ക് ഉപകാരമുള്ള ഒരു കാര്യം. അദ്ധ്വാനം നിങ്ങളുടേത്. ബിരിയാണി സര്‍ക്കാരിന്റെ വക.എന്താ ഒരു കൈ നോക്കുന്നോ?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top