കൊച്ചി: സ്വവര്‍ഗ്ഗ ലൈംഗീകത നിയമപരമായി കുറ്റകരമല്ലെന്ന് സുപ്രീം കോടതി വിധിച്ചു. ഒരു പൗരന് തന്റെ ഇഷ്ടത്തിനുള്ള ലൈംഗീകത തെരഞ്ഞെടുക്കാനുള്ള അവകാശമാണ് സുപ്രീം കോടതി അനുവദിച്ചത്. എന്നാല്‍ സുപ്രീം കോടതി വിധിക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല രംഗത്തെത്തി.
സ്വവര്‍ഗ്ഗ ലൈംഗീകത സ്വഭാവ വൈകൃതമാണെന്നും അതിനെ സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കുകയാണെന്ന് സംശയമുണ്ടെന്നും കെ.പി ശശികല പറഞ്ഞു. സ്വവര്‍ഗ്ഗാനുരാഗം നിയമ വിധേയമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.
ഭരണഘടനാ ശില്‍പ്പികള്‍ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് ഈ നാടിന്റെ പാരമ്പര്യവും പൈതൃകവും കൂടി പരിഗണിച്ച് കൊണ്ടായിരിക്കാം ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന എല്ലാ നിയമവും നാം പിന്തുടരുന്നില്ല. ഐപിസി 377 സെ നിലനിര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് നമ്മുടെ സംസ്‌കാരത്തെ കൂടി പരിഗണിച്ചാണ്. അതിനാല്‍ ആ നിയമത്തിന്റെ ഭേദഗതി ശരിയാണോ എന്നെനിക്കറിയില്ലെന്നും ശശികല പറഞ്ഞു.
കോടതി വിധിയേയും നടപടികളെയും വിമര്‍ശിക്കാന്‍ താന്‍ ആളല്ലെന്നും ഒരു പക്ഷേ ഇത് വ്യക്തിസ്വാതന്ത്ര്യമായിരിക്കാമെന്നും ശശികല കൂട്ടിച്ചേര്‍ത്തു. മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് പരിധികളും പരിമിതികളുമുണ്ട്. അത് മൃഗത്തിന്റേതിന് തുല്യമല്ല. ചില വ്യവസ്ഥകള്‍ ഇല്ലെങ്കില്‍ ശരിയാകില്ലെന്നും അവര്‍ പറഞ്ഞു.