ശശികലയുടെ അറസ്റ്റില്‍ പോലീസിനുള്ളിലും പൊട്ടിത്തെറികള്‍; എസ്പിക്കെതിരെ ഐജി റിപ്പോര്‍ട്ട്, ഡിജിപി വിശദീകരണം തേടും

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്തത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്. ഇപ്പോള്‍ പോലീസിനുള്ളിലും ശശികലയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍. ശശികലയെ അറസ്റ്റ് ചെയ്ത മരക്കൂട്ടം എസ്പിക്കെതിരെ ഐജി റിപ്പോര്‍ട്ട് നല്‍കിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ശശികലയുടെ അറസ്റ്റ് വൈകിയെന്ന് ആരോപിച്ചാണ് സമയം മരക്കൂട്ടം മേഖലയുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്പി സുദര്‍ശനെതിരെ ഐജി വിജയ് സാഖറെ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്പിയോട് ഡിജിപി വിശദീകരണം ചോദിക്കും.
കഴിഞ്ഞ മാസം 14 ന് ആയിരുന്നു കെപി ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോള്‍ ചുമതലയുള്ള എസ്പിയോ ഡിവൈഎസ്പിയോ സ്ഥലത്തുണ്ടായിരുന്നില്ല. വനിത പോലീസ് എത്തിയായിരുന്നു അറസ്റ്റ്. സ്റ്റേഷന്‍ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മതി എന്നതായിരുന്നു എസ്പി അടക്കമുള്ളവരുടെ നിലപാട്.

Top