കൊച്ചി: കാന്തപുരം എപി അബൂബക്കര്‍ മുസ്ലീയാര്‍ക്കെതിരെ ആഞ്ഞടിച്ച് കെപിഎ മജീദ്. കാന്തപുരം സംഘപരിവാറുമായി കൂട്ടുചേര്‍ന്ന് ഇന്ത്യയിലെ മുസ്ലീങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മജീദ് പറയുന്നത്. വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കും സംഘടനാപരമായ താല്‍പര്യങ്ങള്‍ക്കുവെണ്ടി കാന്തപുരം സംഘപരിവാറുമായി കൂട്ടുചേര്‍ന്നു. ഇത് കേരളത്തിലെ മുസ്ലീം സമുദായത്തോട് കാണിച്ച വഞ്ചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ മുസ്ലീമുകളെ ഭിന്നിപ്പിക്കാന്‍ സംഘപരിവാറിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന രീതിയിലാണ് കാന്തപുരത്തിന്റെ പ്രവര്‍ത്തനം. മഞ്ചേശ്വരത്തടക്കം ബിജെപിക്ക് വേണ്ടി വോട്ടു മറിച്ചു. മണ്ണാര്‍ക്കാട്ടെ ലീഗിന്റെ വിജയം കാന്തപുരത്തിന്റെ അഹങ്കാരത്തിനുള്ള മറുപടിയാണെന്നും ചന്ദ്രികയിലൂടെ കെ.പി.എ.മജീദ് പറയുന്നു.
കേരളത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഉണ്ടാക്കാന്‍ സാധിച്ചെന്നും മുസ്ലിംകളില്‍ കൂടി സ്വീകാര്യതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള ബിജെപി ദേശീയ നേതാക്കളുടെ പ്രസ്താവനകളും ബിജെപി നേതാവ് ശ്രീധരന്‍പിള്ള ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ തനിക്ക് കാന്തപുരം മുസ്ലിയാര്‍ പിന്തുണ വാഗ്ദാനം നല്‍കിയെന്ന് പരസ്യമായി പറഞ്ഞതും മലപ്പുറം നിയോജക മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാനിറങ്ങിയ സ്ഥാനാഥി തനിക്ക് ഉസ്താദിന്റെ പിന്തുണയുണ്ടെന്നു പരസ്യമായി പറഞ്ഞതും അദ്ദേഹം നിഷേധിച്ചിട്ടില്ല.
അഖിലേന്ത്യാ സംഘടന രൂപീകരിച്ച് നാട്ടിലെത്തിയ കാന്തപുരത്തിന് നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുത്ത ബിജെപി നേതാവ് പറഞ്ഞത് ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. നരേന്ദ്ര മോദിയെ അംഗീകരിച്ച ഇന്ത്യയിലെ ആദ്യ മുസ്ലിം പണ്ഡിതന്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ആണെന്നായിരുന്നു നേതാവിന്റെ വാഴ്ത്തല്‍. ആ വാക്കുകള്‍ കൈയടിയോടെ ആസ്വദിക്കുകയായിരുന്നു മുസ്ലിയാരും അനുയായികളും. പരലോകത്ത് സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ് മുറിച്ചുകൊടുക്കുന്ന പണി കാന്തപുരത്തെയാണ് ഏല്‍പ്പിച്ചതെന്ന് അനുയായികളെ വിശ്വസിപ്പിച്ചവര്‍ക്ക് നരേന്ദ്ര മോദിയുടെ പേര് കേട്ടാല്‍ തക്ബീര്‍ ചൊല്ലിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും മജീദ് ലേഖനത്തില്‍ പറയുന്നു.