പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ആയിരം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന കെപിസിസിയുടെ പ്രഖ്യാപനം പാഴ് വാക്കായിരുന്നെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം. പ്രഖ്യാപനത്തെത്തുടര്‍ന്ന് കെപിസിസി നല്‍കിയ ആദ്യ വീട് ഓഖി ഫണ്ട് കൊണ്ട് നിര്‍മ്മിച്ചതാണെന്ന് റിപ്പോര്‍ട്ട്. ആദ്യത്തെ വീടിന്റെ താക്കോല്‍ദാനം നവംബര്‍ 19 ന് നടന്നിരുന്നു. എന്നാല്‍ ഈ വീട് സ്ഥലം എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നാണ് വിമര്‍ശനം ഉയരുന്നത്.
ഓള്‍ ഇന്ത്യ പ്രഫഷണല്‍സ് കോണ്‍ഗ്രസ് എറണാകുളം ജില്ല കമ്മിറ്റിയും വേള്‍ഡ് മലയാളി കൗണ്‍സിലും തിരുകൊച്ചി പ്രോവിന്‍സും സംയുക്തമായി നിര്‍മിച്ച വീടാണ് നവംബര്‍ പത്തൊമ്പതിന് ആയിരം വീട് പദ്ധതിയിലെ ആദ്യ വീടായി കൈമാറിയതെന്നാണ് കെപിസിസി പറയുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവ് താക്കോല്‍ കൈമാറിയ വീട് പ്രളയാനന്തരം നിര്‍മിച്ചതല്ലെന്നും ഓഖി ബാധിതമേഖലയായിരുന്നു കണ്ണമാലിയില്‍ ആ സമയത്ത് ഭാഗികമായി തകര്‍ന്ന വീട് എംപിയുടെ നേതൃത്വത്തില്‍ പുനര്‍നവീകരിച്ച് എടുത്തതാണെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്.
പ്രളയം ഉണ്ടാകുന്നിതിനു മാസങ്ങള്‍ക്കു മുമ്പ് ഫെയ്സ്ബുക്ക് പേജില്‍ ഈ വീടിന്റെ പുനര്‍നിര്‍മാണത്തിന് തുടക്കം കുറിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. ആ പോസ്റ്റിട്ട വ്യക്തി ഇപ്പോള്‍ ഈ വീടിന്റെ നിര്‍മാണത്തില്‍ പങ്കാളിയെന്നു പറയുന്നവരെയെല്ലാം പരാമര്‍ശിച്ചിട്ടുമുണ്ട്. അദ്ദേഹം നേതൃത്വം നല്‍കുന്ന ഒരു ഗൃഹനിര്‍മാണ പദ്ധതിയുടെ ഭാഗമായാണ് ഈ വീടിന്റെയും പുനര്‍നിര്‍മാണം നടന്നത്. അതേ വീടാണ് ഇപ്പോള്‍ പ്രളയത്തിനു ശേഷം നിര്‍മിച്ചു നല്‍കിയെന്നു പറഞ്ഞ് കെപിസിസി കൈമാറിയിരിക്കുന്നത്; പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തിയതായ് ഓണ്‍ലൈന്‍ പത്രം റിപ്പോർട്ട് ചെയ്യുന്നു.
ചെല്ലാനം, കണ്ണമാലി, തോപ്പുംപടി, ഫോര്‍ട്ട് കൊച്ചി എന്നീ കടലോര പ്രദേശങ്ങളില്‍ പ്രളയം ബാധിച്ചിരുന്നില്ലെന്നും, പ്രളയബാധിതമല്ലാത്തൊരു പ്രദേശത്ത് തന്നെ എന്തിനാണ് കെപിസിസി ആയിരം വീട് പദ്ധതിയിലെ ആദ്യവീട് നിര്‍മിച്ച് കൈമാറിയതെന്നും എറണാകുളം ജില്ലയില്‍ നിന്നുതന്നെയുള്ള ഈ നേതാക്കള്‍ ചോദിക്കുന്നു. മാത്രമല്ല, ഇപ്പോള്‍ കൈമാറിയിരിക്കുന്ന വീട് തീര്‍ത്തും പുതിയതായി നിര്‍മിച്ച് നല്‍കിയതല്ലെന്നും ഇവര്‍ പറയുന്നു.
ഓഖി സമയത്ത് ചെറിയ തകര്‍ച്ച പറ്റിയ വീടാണിത്. ഈ വീടിന്റെ തറയൊന്നും പൊളിക്കാതെ, റെഡ് ഓക്സൈഡ് പൂശിയ പഴയ തിണ്ണയും അതുപോലെ നിലനിര്‍ത്തിയിരിക്കുകയാണ്. കൂടാതെ ഭിത്തികളും പൊളിക്കാതെ ആ ഭിത്തികളുടെ വശങ്ങളില്‍ ഹോളോ ബ്രിക്സ് കെട്ടിപ്പൊക്കി ആസ്ബറ്റോസ് ഷീറ്റും ഇട്ടാണ് ഇപ്പോള്‍ പുതിയ വീടെന്ന് പറഞ്ഞ് കൈമാറിയിരിക്കുന്നത്. കോണ്‍ക്രീറ്റ് ചെയ്യാത്ത മേല്‍ക്കൂരയാണ് വീടിന്. വെറും ആസ്ബറ്റോസ് ഷീറ്റാണ് വീടിന് മുകളിലുള്ളത്.