കോഴിക്കോട്:സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലുളള കോഴിക്കോട്ടെ പരിപാടിയുടെ സംഘാടനത്തില്‍ നിന്ന്, കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിര്‍ദ്ദേശാനുസരണം ,യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയിരുന്നു. ഇതേകുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു.പരിപാടിക്ക് അനാവശ്യ വിവാദം സൃഷ്ടിച്ചത് ശരിയായില്ല.യൂത്ത് കോൺഗ്രസിന്‍റെ പിൻമാറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്ന എം കെ രാഘവന്‍റെ ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.അന്വേഷണം വേണമെന്ന ശശി തരൂരിന്‍റേയും എംകെ രാഘവന്‍റേയും ആവശ്യത്തെ കരഘോഷത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചത്.
എല്ലാവരോടും ചർച്ച ചെയ്ത് തന്നെയാണ് തരൂരിന്‍റെ പരിപാടി പ്ലാൻ ചെയ്തതെന്ന് എം.കെ രാഘവൻ എംപി വ്യക്തമാക്കി.യൂത്ത് കോൺഗ്രസ് ,സെമിനാറിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് അന്വേഷിക്കണാനുള്ള കമ്മീഷനെ കെപിസിസി അധ്യക്ഷൻ നിയോഗിക്കണം. ഇല്ലെങ്കിൽ പാർട്ടി വേദികളിൽ തനിക്ക് കാര്യങ്ങൾ തുറന്നു പറയേണ്ടി വരുമെന്ന് എം.കെ രാഘവൻ പറഞ്ഞു. സംഭവിച്ചത് ഏറെ ഗൗരവകരമായ കാര്യമാണ്. ഈ വിഷയത്തിൽ കെ. സുധാകരനും കെ. മുരളീധരനും സ്വീകരിച്ച നിലപാടുകൾ സ്വാഗതാർഹമാണ്. ഇന്നുതന്നെ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകുമെന്നും എം കെ രാഘവൻ വ്യക്തമാക്കി.
വിവാദങ്ങള്‍ക്കിടെ ശശി തരൂര്‍ നാലു ദിവസത്തെ മലബാര്‍ സന്ദര്‍ശനം തുടങ്ങി. രാവിലെ എംടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ചാണ് തരൂര്‍ സന്ദര്‍ശനത്തിന് തുടക്കമിട്ടത്. അപ്രഖ്യാപിത വിലക്കിനെക്കുറിച്ചുളള ചോദ്യത്തിന് രാഷ്ട്രീയത്തെയും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലാണ് കാണുന്നതെന്നും തന്‍റെ സ്ഥാനം സെന്‍റര്‍ ഫോര്‍വേഡാണെന്നുമായിരുന്നു തരൂരിന്‍റെ മറുപടി.കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലായി 20 ലേറെ പരിപാടികളിലാണ് തരൂര്‍ പങ്കെടുക്കുന്നത്. ഇതില്‍ പാര്‍ട്ടിക്ക് പങ്കാളിത്തമുളള പൊതുപരിപാടികളില്‍ എല്ലാം പരമാവധി പങ്കാളിത്തം ഉറപ്പാക്കാനാണ് എംകെ രാഘവന്‍റെയും തരൂര്‍ അനുകൂലികളുടെയും നീക്കം.
അതേസമയം സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പര്യടനങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് എം പി ശശി തരൂരിന് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ശശി തരൂരിന് അപ്രഖ്യാപിത വിലക്കെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഒരു വിഭാഗം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോഴിക്കോട് നടക്കുന്ന തരൂരിന്റെ പരിപാടിയില്‍ പങ്കെടുത്തത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫില്‍, വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ഡി സി സി ജനറല്‍ സെക്രട്ടറി ഐ പി രാജേഷ് എന്നിവര്‍ പരിപാടിക്കെത്തി.
അതേ സമയം തരൂരിന്റെ സന്ദര്‍ശനം എം കെ രാഘവന്‍ എം പി ജില്ലാ കമ്മിറ്റിയെ അറിയിച്ചിരുന്നുവെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ വിഭാഗീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പര്യടനം നടത്തുന്നതെന്ന വാര്‍ത്ത വന്നതില്‍ പലര്‍ക്കും ആശങ്കയുണ്ടെന്നും അതിനാലാണ് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതെന്നുമാണ് ഡിസിസി പ്രസിഡന്റിന്റെ വിശദീകരണം.