തിരുവനന്തപുരം: പ്രൊഫ. കെ.വി തോമസിനെ യുഡിഎഫ് കൺവീനർ ആക്കുമെന്ന് സൂചന.എ.ഐ.സി.സിക്ക് താല്പര്യം അദ്ദേഹത്തിനെ ആണ് എന്ന് സൂചന .കെവി തോമസിന് എന്ത് സ്ഥാനം നൽകണമെന്ന കാര്യത്തിൽ എ.ഐ.സി.സിയുടെ ഭാഗത്ത് നിന്ന് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി . യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് എ ഗ്രൂപ്പ് എം.എം ഹസന്റെ പേര് ശക്തമായി മുന്നോട്ട് വച്ചിട്ടുണ്ട്.അതിനാൽ ഹസൻ യു.ഡി.എഫ് കൺവീനർ ആകാൻ സാധ്യതയും തെളിഞ്ഞു .
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
അതേസമയം കേരളത്തിലെ കോൺഗ്രസ് ഭാരവാഹി പട്ടികയിൽ തന്റെ ഇടപെടൽമൂലം ഹൈക്കമാൻഡ് നടത്തിയത് സർജിക്കൽ സ്ട്രൈക്കെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുറന്നടിച്ചു. തന്റെ കടുംപിടിത്തം കാരണമാണ് എം.എൽ.എമാരുടെയും എം.പിമാരുടെയും അടക്കം പേരുകൾ ഹൈക്കമാൻഡ് വെട്ടിയത്. നിലവിലെ പട്ടികയിലെ പോരായ്‌മകൾ രണ്ടാംഘട്ടത്തിൽ പരിഹരിക്കും. തന്റെ മനസിലുള്ള കമ്മിറ്റിയല്ല നിലവിൽ വന്നത്. കെ.പി.സി.സി പുന:സംഘടനയെക്കുറിച്ച് തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രൻ..
ഗ്രൂപ്പുകൾ തന്ന പട്ടിക ഒരു കാരണവശാലും സമ്മതിക്കില്ലെന്ന് ഞാൻ പറഞ്ഞു. പന്ത്രണ്ട് ദിവസം ഞാൻ ഡൽഹിയിൽ നിന്നതിന് കാരണം അതായിരുന്നു. പാർട്ടി ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ തൊപ്പിയിൽ തൂവലുമായി നടക്കുന്ന ഭാരവാഹികളെയല്ല വേണ്ടത്. ഡെഡിക്കേറ്റഡായി പ്രവർത്തിക്കുന്ന ഒരു ടീമാണ് ആവശ്യം. എം.എൽ.എമാരെയും എം.പിമാരെയും ഭാരവാഹികളാക്കിയാൽ അവർക്ക് എവിടെയാണ് പ്രവർത്തിക്കാൻ സമയം കിട്ടുക? നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു. ഒരു വർഷത്തിൽ ആറ് മുതൽ ഒമ്പതുമാസം വരെ എം.പിമാർ ഡൽഹിയിലായിരിക്കും. പ്രതിപക്ഷത്തായതിനാൽ ജോലി കൂടുതലാണ്. എല്ലാം വാരിപ്പിടിച്ച് എന്റെ കൈയിലൊതുക്കണം എന്ന ചിന്താഗതി ശരിയല്ല. വൈസ് പ്രസിഡന്റും ജനറൽ സെക്രട്ടറിമാരും സെക്രട്ടറിമാരും ഉൾപ്പടെ 32 ഭാരവാഹികൾ കെ.പി.സി.സിക്ക് മതിയെന്നായിരുന്നു എന്റെ നിലപാട്. കൂടി പോയാൽ 35 പേർ. എന്നാൽ, പിന്നീട് പട്ടികയിൽ വെള്ളം ചേർക്കേണ്ടി വന്നു. അതാണ് എന്റെ സൂത്രവാക്യം തെറ്റാൻ കാരണം.
ഇപ്പോൾ പ്രസിദ്ധീകരിച്ച പട്ടികയിൽ ഹൈക്കമാൻഡിന് അതൃപ്‌തിയൊന്നുമില്ല. എന്നാൽ, സ്‌ത്രീകൾക്കും യുവാക്കൾക്കും ദളിത് വിഭാഗത്തിനും വേണ്ടത്ര അവസരം ഈ പട്ടികയിലുണ്ടായില്ല എന്നത് യാഥാർത്ഥ്യമാണ്. വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്ന കാര്യത്തിൽ സോണിയ ഗാന്ധിയെക്കാൾ ആഗ്രഹം എനിക്കുണ്ടായിരുന്നു. പക്ഷേ, പല കാരണങ്ങൾ കൊണ്ടും അത് നടപ്പായില്ല. മുൻമന്ത്രി പി.കെ ജയലക്ഷ്‌മിയെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിന് സാധിക്കാതെ വന്നതിൽ എനിക്ക് ദു:ഖമുണ്ട്. അഞ്ച് വനിതകളെ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്താൻ ഞാൻ തീരുമാനിച്ചിരുന്നു. എന്നാലത് മൂന്നിലേക്ക് ചുരുങ്ങി. ആ വിഴ്ച പരിഹരിക്കണമെന്ന വാശി എനിക്കുണ്ട്. അതുകൊണ്ട് സെക്രട്ടറിമാരുടേതും എക്സിക്യൂട്ടീവ് അംഗങ്ങളുടേതുമായി അടുത്ത് വരുന്ന പട്ടികയിൽ യുവാക്കൾക്കും സ്‌ത്രീകൾക്കും ദളിതർക്കും അർഹമായ പ്രാതിനിധ്യമുണ്ടാകും.
എന്റെ മനസിലുള്ള കമ്മിറ്റി വന്നിട്ടില്ല എന്നതാണ് സത്യം. ഭാരവാഹികളുടെ എണ്ണം കുറച്ചുകൂടി കുറയ്ക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, ഗ്രൂപ്പുകളുടെയും എം.പിമാരുടെയും സമ്മർദം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. മുൻ കെ.പി.സി.സി അദ്ധ്യക്ഷൻമാരെല്ലാം ശക്തമായ സമ്മർദം ചെലുത്തി. എ.കെ ആന്റണിയും തെന്നല ബാലകൃഷ്ണപിള്ളയും ഒഴിച്ചുള്ളവർക്കെല്ലാം ഓരോ പട്ടികയുണ്ടായിരുന്നു. അതേസമയം, പുന:സംഘടനയിൽ ഒരു തരത്തിൽ ഗ്രൂപ്പുകളുടെ മുനയൊടിക്കാൻ കഴിഞ്ഞു. ഗ്രൂപ്പുകൾ നൽകിയ എല്ലാ പേരും ഞാൻ പട്ടികയിൽ ഉൾപ്പെടുത്തിയില്ല. പിന്നെ, നിലവിലുള്ള ആളുകളെ വച്ചല്ലേ കമ്മിറ്റിയുണ്ടാക്കാൻ പറ്റൂ. സ്വർഗത്തിൽ നിന്ന് ആരേയും കൊണ്ടുവരാൻ സാധിക്കില്ലല്ലോ. തമ്മിൽ ഭേദം തൊമ്മൻ. അതാണ് ഈ കമ്മിറ്റി. അതേസമയം, ചിലരെ ഭാരവാഹികളാക്കിയതിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് അടിസ്ഥാനമില്ല.