മീ ടൂ ക്യംപെയിനിന്റെ ഭാഗമായി ലൈംഗികാരോപണ വിധേയനായ ടൈംസ് ഓഫ് ഇന്ത്യയുടെ ഹൈദരബാദ് റസിഡന്റ് എഡിറ്റര്‍ രാജിവെച്ചു. കെ.ആര്‍. ശ്രീനിവാസാണ് വെളിപ്പെടുത്തലില്‍ കുടുങ്ങി രാജിവെച്ചിരിക്കുന്നത്. ആദ്യമായാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ലൈംഗികആരോപണത്തെതുടര്‍ന്ന് രാജിവെക്കുന്നത്. ജോലി സ്ഥലത്തുവെച്ച് യുവതിയെ ലൈംഗികമായി അതിക്രമിച്ചതിന്റെ പേരിലാണ് രാജി. മാധ്യമ പ്രവര്‍ത്തകയായ സന്ധ്യാ മേനോനാണ് ശ്രീനിവാസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
അശ്ലീല മെസ്സേജുകളയയ്ക്കുന്നതും അശ്ലീല ആംഗ്യങ്ങളും ചേഷ്ഠകളും കാണിക്കുന്നതും ശരീരഭാഗങ്ങളില്‍ പിടിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതുമെല്ലാം ഇദ്ദേഹത്തിന്റെ വിനോദങ്ങളായിരുന്നു എന്നും 2008 ല്‍ കടന്നു പിടിച്ചതായും സന്ധ്യ മേനോന്‍ വെളിപ്പെടുത്തിയിരുന്നു.
ശ്രീനിവാസിന് പുറമെ ഗൗതം അധികാരിയ്‌ക്കെതിരെയും സന്ധ്യ ആരോപണങ്ങല്‍ ഉയര്‍ത്തിയിരുന്നു. സന്ധ്യക്ക് പിന്നാലെ ഇത്തരം അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നിരവധി മാധ്യമപ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. ശ്രീനിവാസിന് എതിരെ മാനവ വിഭവ വകുപ്പിനും സന്ധ്യ പരാതി നല്‍കിയിരുന്നു.
താന്‍ ‘ലക്ഷ്യം വെക്കപ്പെട്ടു’വെന്ന് കെആര്‍ ശ്രീനിവാസ് പ്രതികരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഏഴ് സ്ത്രീകള്‍ ഒക്ടോബര്‍ 9ന് ആരോപണങ്ങളുമായി രംഗത്തു വന്നതിനു പിന്നാലെ ടൈംസ് ഓഫ് ഇന്ത്യ ഇദ്ദേഹത്തെ ഭരണപരമായ ചുമതലകളില്‍ നിന്നും നീക്കം ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയായ ശേഷമാണ് നടപടിയെടുത്തിരിക്കുന്നത്. എല്ലാ തൊഴിലാളികള്‍ക്കും സുരക്ഷിതമായ തൊഴില്‍സാഹചര്യം നല്‍കാന്‍ തങ്ങള്‍ പ്രതിബദ്ധമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ പ്രതികരിച്ചു.