കൃഷ്ണദാസ് കേസ്: എഫ്‌ഐആറിലെ പൊലീസ് വീഴ്ചയില്‍ വകുപ്പുതല അന്വേഷണം

പാലക്കാട്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് ലക്കിടി ലോ കോളെജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ എഫ്‌ഐആര്‍ തയ്യാറാക്കിയതിലെ പൊലീസ് വീഴ്ചയെക്കുറിച്ച് വകുപ്പ്തല അന്വേഷണം ആരംഭിച്ചു. തൃശ്ശൂര്‍ റൂറല്‍ എസ്പി വിജയകുമാര്‍ പഴയന്നൂര്‍ എസ്‌ഐയോട് വിശദീകരണം തേടി. കൃഷ്ണദാസിനെ കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഹൈക്കോടതി ഉയര്‍ത്തിയത്. ഈ സാഹചര്യത്തിലാണ് വകുപ്പുതല അന്വേഷണം നടത്തുന്നത്.

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അടക്കമുള്ളവരെ പ്രതിയാക്കി എഫ്‌ഐആര്‍ തയ്യാറാക്കിയപ്പോള്‍ ജാമ്യം ലഭിക്കുന്ന മൂന്ന് വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരുന്നത്. പരാതിക്കാരന്റെ മൊഴിയില്‍ തന്നെ ജാമ്യമില്ലാ വകുപ്പ് ചുമത്താനുള്ള തെളിവുണ്ടെന്നിരിക്കേ ജാമ്യമുള്ള വകുപ്പ് മാത്രം ചുമത്തിയത് വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. പഴയന്നൂരിലെ എഎസ്‌ഐ ജ്ഞാനശേഖരനാണ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്. ജിഷ്ണു കേസിന്റെ ആദ്യഘട്ട അന്വേഷണം അട്ടിമറിച്ചതും ഇതേ എഎസ്‌ഐ ആണെന്നും ജിഷ്ണുവിന്റെ അമ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അറസ്റ്റ് ചെയ്യുമ്പോള്‍ കൃഷ്ണദാസിനെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. എന്നാല്‍ റി്മാന്‍ഡ് റിപ്പോര്‍ട്ടില്‍ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് പൊലീസിനെതിരെ ഉയര്‍ത്തിയത്. ജാമ്യമില്ലാ വകുപ്പുകള്‍ രണ്ടാമത് കൂട്ടിച്ചേര്‍ത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. പൊലീസ കോടതിയെ വിഡ്ഢിയാക്കാന്‍ നോക്കുകയാണോയെന്ന് ആരാഞ്ഞ കോടതി കേസ് വ്യാജമാണെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സര്‍വ്വീസില്‍ ഉണ്ടാകില്ലെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.

ലക്കിടി നെഹ്‌റു കോളെജിലെ ഷഹീര്‍ ഷൗക്കത്തിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് കഴിഞ്ഞ ദിവസം നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനായ പി കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോളേജിലെ അനധികൃത പണപ്പിരിവുകളെ കുറിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര ആദായ നികുതി വകുപ്പിനും പരാതിപ്പെട്ടതാണ് സഹീറിന് മര്‍ദ്ദനമേല്‍ക്കാന്‍ കാരണമായത്. ജനുവരി മൂന്നിന് ജവഹര്‍ലാല്‍ കോളേജില്‍ നിന്നും പ്രത്യേക വാഹനത്തില്‍ പാമ്പാടി നെഹ്‌റു കോളെജില്‍ കൊണ്ടുപോയി ചെയര്‍മാന്റെ മുറിയില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. പരാതി പിന്‍വലിക്കുന്നതായി നിര്‍ബന്ധിച്ച് എഴുതിവാങ്ങി. റാഗിങ്ങില്‍ ക്ഷമ ചോദിക്കുന്നു എന്നു കൂടി എഴുതി നല്‍കണമെന്ന ആവശ്യം സഹീര്‍ നിരാകരിച്ചതോടെയാണ് മര്‍ദ്ദനം ആരംഭിച്ചത്. തൃശൂര്‍ റൂറല്‍ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്

Top