
കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്‍റെ ഭാവി നിര്‍ണയിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തിലെ ആദ്യസൂചനകള്‍ പുറത്തുവന്നപ്പോള്‍ ബിജെപി മുന്നില്‍. 15 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ 10 ഇടത്ത് ബിജെപി മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസും ജനതാദളും രോ സീറ്റില്‍ വീതവും ലീഡ് ചെയ്യുന്നുണ്ട്.
കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ പതനത്തിന് ചുക്കാന്‍ പിടിച്ച വിമത സ്ഥാനാര്‍ഥികളാണ് ബിജെപി ടിക്കറ്റില്‍ മത്സരിച്ച 13 പേരും. കൂറുമാറ്റത്തിനും കാലുമാറ്റത്തിനും എതിരായ കോണ്‍ഗ്രസ്-ജെഡിഎസ് പ്രചാരണങ്ങള്‍ മറികടക്കുന്ന ജനവിധിയുടെ സൂചനയാണ് ആദ്യ ഘട്ടത്തില്‍ ലഭിക്കുന്നത്.
കോണ്‍ഗ്രസ് കോട്ടകളില്‍ പോലും വിമതരായി ബിജെപിയിലെത്തിയവര്‍ മികച്ച ലീഡ് സ്വന്തമാക്കി മുന്നേറുന്നു. യശ്വന്ത്പുരയിലും കെ.ആര്‍ പേട്ടയിലും ബിജെപിയിലെത്തിയ വിമതര്‍ക്ക് പക്ഷേ പ്രതീക്ഷ നല്‍കുന്നതല്ല ആദ്യ സൂചനകള്‍. ഹോസ്‌കോട്ടയില്‍ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ബിജെപി വിമതന്‍ മുന്നേറുന്നു.
യെദ്യൂരപ്പ സര്‍ക്കാരിന് ഭരണത്തില്‍ തുടരണമെങ്കില്‍ ആറ് സീറ്റിലെങ്കിലും ജയിക്കണം. ഇപ്പോഴത്തെ ലീഡ് നിലനിര്‍ത്താനായാല്‍ ബിജെപിക്ക് അഗ്‌നിപരീക്ഷ അനായാസം കടക്കാനാകും. വിവിധ എക്സിറ്റ് പോളുകള്‍ ബി.ജെ.പി.ക്ക് 13 സീറ്റുകള്‍വരെ ലഭിക്കുമെന്നാണ് പ്രവചിച്ചത്.
67.91 ശതമാനമായിരുന്നു പോളിങ്. സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് 17 കോണ്‍ഗ്രസ്, ജെ.ഡി.എസ്. എം.എല്‍.എ.മാര്‍ രാജിവെച്ചതിനെ ത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉപതിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ നിയമസഭയിലെ അംഗബലം 222 ആവും.
ബി.ജെ.പി.ക്ക് ഒരു സ്വതന്ത്രന്‍ അടക്കം 106 പേരുടെ പിന്തുണയാണിപ്പോഴുള്ളത്. കോണ്‍ഗ്രസിന് 66 പേരുടെയും ജെ.ഡി.എസിന് 34 പേരുടെയും പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് 112 പേരുടെ പിന്തുണ വേണം. തിരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ്. വിമതരെയാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കിയത്. നിയമസഭാ സ്പീക്കര്‍ ഇവരെ അയോഗ്യരാക്കിയെങ്കിലും മത്സരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കുകയായിരുന്നു.