
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ ആയിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ വൈദ്യുതി ബില്ലുകളും ഓൺലൈനായി മാത്രമെ സ്വീകരിക്കൂ എന്ന് കെ.എസ്.ഇ.ബി അധികൃതർ. ഗാർഹിക ഉപയോക്താക്കളുടെ നിരക്ക് ഉൾപെടെ എല്ലാ ഇടപാടുകളും ഇതിൽ ഉൾപെടുമെന്നും അധികൃതർ വ്യക്തമാക്കി.
ആയിരം രൂപയിൽ താഴെയുള്ള വൈദ്യുതി തുക അതാത് സെക്ഷൻ ഓഫിസുകളിലെ കൗണ്ടറുകളിലാണ് സ്വീകരിക്കുക. വൈദ്യുതി ബിൽ ഓൺലൈൻ ആയി ഉപഭോക്താക്കൾക്ക് അടയ്ക്കാൻ നിരവധി മാർഗങ്ങളുണ്ട്.
ബാങ്കുകളുടെ ഓൺലൈൻ ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുപയോഗിച്ചോ, ഭീം, ഗൂഗിൾ പേ, ഫോൺ പേ, ആമസോൺ പേ, വിവിധ ബാങ്കുകളുടെ ബാങ്കിംഗ് ആപ്ലിക്കേഷനുകൾ തുടങ്ങിയ ബിബിപിഎസ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചോ ഉപഭോക്താക്കൾക്ക് അനായാസമായി വൈദ്യുതി ബിൽ അടയ്ക്കാൻ സാധിക്കും.
2021 ജൂലൈ 31 വരെ കെഎസ്ഇബിയുടെ കസ്റ്റമർ കെയർ പോർട്ടൽ മുഖേനെയും കെഎസ്ഇബി എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും വൈദ്യുതി ബിൽ അടയ്ക്കുമ്പോൾ ട്രാൻസാക്ഷൻ ഫീസ് പൂർണമായി ഒഴിവാക്കിയിട്ടുണ്ടെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.