ഊർജ്ജരംഗത്തെ പ്രതിസന്ധികൾ നേരിടാൻ ഒറ്റക്കെട്ടായി മുന്നേറണം : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

 

ഉൽപ്പാദന പ്രസാരണവിതരണരംഗങ്ങളിൽ വളരെയേറെ പ്രശ്നങ്ങളെ നമ്മൾ അഭിമുഖീകരിക്കുന്നുണ്ടെന്നും ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെ അവയെ തരണം ചെയ്തുമാത്രമേ നമുക്ക് ഇനി മുന്നോട്ട് പോകാനാവൂ എന്നും ഊർജ്ജ- ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഊർജ്ജ മന്ത്രിക്ക് കെ എസ് ഇ ബി ലിമിറ്റഡ് നൽകിയ സ്വീകരണയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതോൽപ്പാദനം വർദ്ധിപ്പിക്കാൻ നാനാമേഖലകളിലും ലഭിക്കാവുന്ന എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണം.  ആലസ്യം വെടിയണം. മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പുനരുജ്ജീവിപ്പിച്ച് സമയബന്ധിതമായി പൂർത്തിയാക്കണം, ഒപ്പം പ്രസാരണ നഷ്ടവും പരമാവധി കുറക്കേണ്ടതുണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.. ഇതിലൊക്കെ പ്രധാനം വിതരണമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ്. ഇതിനായി താഴേത്തട്ടിലെ ഉദ്യോഗസ്ഥർ മാത്രം താല്പര്യമെടുത്താൽ പോരാ. ഉന്നത ഉദ്യോഗസ്ഥരും ക്രിയാത്മകമായി ഇടപെടണം, ഉത്തരവാദിത്തം ഏറ്റെടുക്കണം. ഉപഭോക്താക്കളാണ് നമ്മുടെ യജമാനന്മാർ. അവരുടെ താല്പര്യം മുൻനിർത്തി പെരുമാറിയേ തീരൂ അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് ‘പുതിയ വാനം പുതിയ ഭൂമി..’ എന്നുതുടങ്ങുന്ന കെ എസ് ഇ ബിയുടെ മുദ്രാഗാനം മന്ത്രി പ്രകാശനം ചെയ്തു. റഫീക് അഹമ്മദ് രചിച്ച് എം ജയചന്ദ്രൻ സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. ഗാനത്തിന്റെ സംഗീതസംവിധായകൻ ശ്രീ. എം ജയചന്ദ്രൻ യോഗത്തിൽ സംബന്ധിച്ചു.

കെ എസ് ഇ ബിയുടെ നവീകരിച്ച വെബ് സൈറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.  സ്വതന്ത്ര സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കി കെ എസ് ഇ ബി കോഴിക്കോട്  ഐ ടി യൂണിറ്റിലെ ജീവനക്കാരാണ് പുതിയ വെബ്‌സൈറ്റിന്റെ രൂപകൽപ്പന നിർവ്വഹിച്ചത്.
കെ എസ് ഇ ബി ആസ്ഥാനത്ത് നടന്ന യോഗത്തിൽ കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ശ്രീ. പോൾ ആന്റണി ഐ എ എസ് അദ്ധ്യക്ഷനായി. ഡയറക്ടർ ഫിനാൻസ് ശ്രീ എൻ എസ് പിള്ള ഐ എ & എ എസ് സ്വാഗതവും ചീഫ് പേഴ്സണൽ ഓഫീസർ (ഇൻ ചാർജ് ഓഫ് ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ) ശ്രീ. റാം മഹേഷ് ആർ. കൃതജ്ഞതയും അർപ്പിച്ചു. കെ എസ് ഇ ബി ഡയറക്ടർമാരായ ശ്രീ സി വി നന്ദൻ, ഡോ. ഒ അശോകൻ, ശ്രീമതി പി. വിജയകുമാരി, ചീഫ് വിജിലൻസ് ഓഫീസർ എ ഡി ജി പി പദ്‌മ‌കുമാർ ഐ പി എസ്,  LA&DEO ശ്രീ. നന്ദകുമാർ (ജില്ലാ ജഡ്ജ്) തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യോഗത്തെത്തുടർന്ന് മന്ത്രി, കെ എസ് ഇ ബിയുടെ 1912 കോൾസെന്റർ, ഡാറ്റ സെന്റർ, സ്കാഡ വിഭാഗം, ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ തുടങ്ങിയവ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.

 

അപാരജീവിതോർജ്ജ താളമായ്. കെ എസ് ഇ ബിക്ക് പുതിയ മുദ്രാഗാനം

കെ എസ് ഇ ബിയുടെ മുദ്രാഗാനം ഊർജ്ജ – ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. പുതിയവാനം പുതിയഭൂമി ഉണരുമൂർജ്ജം ഹൃദയതാളം എന്നുതുടങ്ങുന്ന മുദ്രാഗാനം രചിച്ചത് പ്രശസ്ത ഗാനരചയിതാവായ റഫീക് അഹമ്മദാണ്. എം ജയചന്ദ്രൻ സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ്. ഗാനത്തിന്റെ സംഗീതസംവിധായകൻ ശ്രീ. എം ജയചന്ദ്രൻ യോഗത്തിൽ സംബന്ധിച്ചു. കെ എസ് ഇ ബി ഉദ്യോഗസ്ഥനായിരുന്ന തന്റെ പിതാവിന്റെ സ്മരണയാണ് ഈ ഗാനത്തിന്റെ സൃഷ്ടിക്ക് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു. കെ എസ് ഇ ബി മുൻ സി എം ഡി ശ്രീ. എം ശിവശങ്കറിന്റെയും മുൻ പി ആർ ഒ ശ്രീ. എസ് ഡി പ്രിൻസിന്റെയും സവിശേഷ താല്പര്യമാണ് ഈ മുദ്രാഗാനത്തിന്റെ പിറവിക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ എസ് ഇ ബി ആസ്ഥാനത്ത് മന്ത്രിക്കു നൽകിയ സ്വീകരണവേദിയിലാണ് മുദ്രാഗാനം പ്രകാശനം ചെയ്തത്.

 

കെ എസ് ഇ ബിക്ക് പുതിയ വെബ് സൈറ്റ്

കെ എസ് ഇ ബിയുടെ നവീകരിച്ച വെബ്‌സൈറ്റ് (www.kseb.in) കെ എസ് ഇ ബി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഊർജ്ജ – ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സ്വതന്ത്ര സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കി കോഴിക്കോട് ഐ.ടി വിഭാഗം ജീവനക്കാരാണ് ഈ വെബ്‌സൈറ്റ് വികസിപ്പിച്ചത്. മൊബൈൽ ഫോണുകൾക്കും , ടാബ്‌ലെറ്റുകൾക്കും അനുയോജ്യമായ വിധത്തിലാണ് പുതിയ വെബ്‌സൈറ്റിന്റെ രൂപകല്പന.

ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുതിന് പുതിയ വെബ്‌സൈറ്റിൽ വളരെയേറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് തങ്ങളുടെ വൈദ്യുതി ബിൽ ഓൺലൈൻ കാണുതിനും അത് നെറ്റ്ബാങ്കിംഗ്, ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ വഴി അടയ്ക്കുന്നതിനും കഴിയും.
ഉപഭോക്താക്കൾ വൈദ്യുതി ബോർഡുമായി ബന്ധപ്പെടുമ്പോൾ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങൾ ചോദ്യോത്തര രൂപത്തിൽ (എഫ്.എ.ക്യു) നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമർ കെയർ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ, കെ എസ് ഇ ബിയുടെ വിവിധ പ്രവർത്തന മേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയും പുതിയ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കെ എസ് ഇ ബിയുടെ വിവിധ ഓഫീസുകളിൽ നിന്നും ടെൻഡർ അടക്കമുള്ള വിവരങ്ങൾ പുതിയ വെബ്‌സൈറ്റിലേയ്ക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്ന രൂപത്തിലാണ് പുതിയ വെബ്‌സൈറ്റിന്റെ രൂപകൽപ്പന. സൈബർ ലോകത്ത് നിന്നുള്ള ആക്രമണങ്ങളെ തടയാൻ കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ പുതിയ വെബ്‌സൈറ്റിന് കഴിയും. കെ എസ് ഇ ബിയുടെ ആധുനികവത്കരണത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങൾ നല്‍കുതിനു വേണ്ടിയാണ് പുതിയ വെബ്‌സൈറ്റ് രൂപകല്പന ചെയ്തിട്ടുള്ളത്.

 

Top