കോഴിക്കോട്:കെഎസ്എഫ്ഇയില്‍ ക്രമക്കേടുകളുണ്ടെന്നു സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സി തന്നെ കണ്ടെത്തിയ സാഹചര്യത്തില്‍ എന്‍ഫോഴ്സ്മെന്റിനെ ഇറക്കാ ൻ ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നാണ് വിവരം.കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നുണ്ടെന്ന കണ്ടെത്തല്‍ കേന്ദ്രഏജന്‍സികളുടെ കടന്നുവരവിന് ആക്കം കൂട്ടുന്നതാണ്. സ്വര്‍ണക്കടത്ത് കേസിലും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഊഴം കാത്തിരിക്കുന്നതിനിടെയാണ് വിജിലന്‍സിന്റെ പുതിയ കണ്ടെത്തല്‍.
വലിയ വിവാദ കോലാഹലത്തി നിടയിലും കെഎസ്എഫ്ഇ അന്വേഷണം തുടരാനുറച്ച് വിജിലന്‍സ്. വിജിലന്‍സ് റേഞ്ച് എസ്പിമാരുടെ നേതൃത്വത്തിലാണ് പലേടത്തും പരിശോധന നടന്നത്.പണം വകമാറ്റി ചെലവിടല്‍ അടക്കം ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് വിജിലൻസ് നൽകുന്ന സൂചന. പലയിടത്തും പ്രഥമദൃഷ്ട്യാ തന്നെ ക്രമക്കേടുകള്‍ കണ്ടെത്തി. ഇത് അടിസ്ഥാനമാക്കി അന്വേഷണം തുടരാനാണിപ്പോള് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.
സാധാരണ ഇത്തരത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഈ റിപ്പോര്‍ട്ട് വിജിലന്‍സ് മേധാവി പരിശോധിച്ച് അനുമതി നല്കിയാല് കേസ് രജിസ്റ്റര്‍ ചെയ്യുകയുമാണ് പതിവ്. കെഎസ്എഫ്ഇ വിഷയത്തിലും ഇതേ രീതി തുടരാനാണ് തീരുമാനം.
അന്വേഷണം തടസപ്പെടുത്തിയാല്‍ ഇക്കാര്യം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കാനുള്ള സാധ്യതയും ഏറെയാണ്. അതിനാല്‍ തുടരന്വേഷണത്തിന്റെ നടപടി ക്രമങ്ങള്‍ പാലിച്ച് അന്വേഷണം തുടരാനാണ് വിജിലന്‍സ് തീരുമാനിച്ചത്.
പരിശോധനകളും തുടര്‍ നടപടികളും സംബന്ധിച്ചു സര്‍ക്കാര്‍ വിജിലന്‍സില്‍നിന്നു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലന്‍സിന്റെ കൈയിലുള്ള രേഖകള്‍ നിര്‍ണായകമാണ്.ഈ രേഖകള്‍ ചോര്‍ന്നാല്‍ പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കാനാവും. അതിനാല്‍ രേഖകള്‍ സംബന്ധിച്ചുള്ളതോ മറ്റുള്ള വിവരങ്ങളോ പുറത്താവരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഉത്തരമേഖലയിലെ കോഴിക്കോട് മാത്രം വിജിലന്‍സ് രണ്ട് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. നടക്കാവ്, കല്ലായ് എന്നിവിടങ്ങളിലെ ശാഖകളിലാണു പരിശോധന നടത്തിയത്. പല രേഖകകളും വിജിലന്‍സ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.