കേന്ദ്രം സംസ്ഥാനത്തിന് 8330 കോടി രൂപയിലധികം നൽകാനുണ്ടെന്ന് തോമസ് ഐസക് !!എല്ലാ ക്ഷേമ പെൻഷനുകളും വർദ്ധിപ്പിച്ചു.ക്ഷേമ പെൻഷനുകൾ 1300 രൂപയായി വയോജനങ്ങൾക്ക് സർക്കാരിന്റെ കൈത്താങ്ങ്

തിരുവനന്തപുരം: എല്ലാ ക്ഷേമ പെൻഷനുകളും കൂട്ടിയതായി 2020-21 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റിൽ ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. 100 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ക്ഷേമ പെൻഷനുകൾ 1300 രൂപയായി.13 ലക്ഷത്തിലധികം വയോജനങ്ങൾക്ക് കൂടി ക്ഷേമ പെൻഷൻ നൽകിയെന്ന് തോമസ് ഐസക് അറിയിച്ചു.

കഴിഞ്ഞ യു.ഡി.എഫ് സർക്കാ‌ർ ക്ഷേമ പെൻഷനുവേണ്ടി വിതരണം ചെയ്തത് 9311 കോടി രൂപയാണ്. കഴിഞ്ഞ നാല് വർഷത്തിനിടെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ ക്ഷേമപെൻഷൻ ഇനത്തിൽ 22,000 കോടിയിലധികം ചിലവഴിച്ചെന്ന് ധനമന്ത്രി ബഡ്ജറ്റവതരണവേളയിൽ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2020-21 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്ര സർക്കാരിന്റെ നയങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ടാണ് ധനമന്ത്രി തന്റെ ബഡ്ജറ്റ് അവതരണം ആരംഭിച്ചത്. ജനാധിപത്യവും സ്വേച്ഛാധിപത്യവും രാജ്യത്ത് മുഖാമുഖം നിൽക്കുകയാണെന്നും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ മാത്രം സംസാരിക്കുന്ന ഭരണാധികാരികളാണ് കേന്ദ്ര സർക്കാരിൽ ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമവും ഹിംസവും കർമമെന്ന് വിശ്വസിക്കുന്ന അണികളാണ് അവർക്കുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യൻ സാമ്പത്തിക ഘടന അങ്ങേയറ്റത്തെ തകർച്ചയിലാണെന്നും കേന്ദ്രം സംസ്ഥാനത്തിന് 8330 കോടി രൂപയിലധികം നൽകാനുണ്ടെന്നും സംസ്ഥാനം നിലവിൽ സാമ്പത്തികമായി ശ്വാസം മുട്ടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബഡ്ജറ്റിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ:
സ്വകാര്യ സ്ഥാപനങ്ങളുടെ ബസ് നികുതിയും സർക്കാർ വർദ്ധിപ്പിക്കും.
രണ്ട് ലക്ഷത്തിന് മുകളിലുള്ള ഇരുചക്ര വാഹനങ്ങൾക്ക് 2% നികുതി വർദ്ധിപ്പിച്ചു, 15 ലക്ഷത്തിന് മേൽ വിലയുള്ള വാഹനങ്ങൾക്ക് 2% നികുതി കൂട്ടി
ലൊക്കേഷൻ മാപ്പിന് ഫീസ് കൂട്ടി 200 രൂപയാക്കി, പോക്കുവരവിനും ഫീസ് കൂടിയിട്ടുണ്ട്, ഫാൻസി നമ്പറുകളുടെ എണ്ണവും കൂട്ടും
ഭൂമിയുടെ ന്യായവില 10% കൂട്ടി, വൻകിട പദ്ധതികൾക്ക് അടുത്തുള്ള പദ്ധതികൾക്ക് 30% ന്യായവില കൂടും
ജി.എസ്.ടിയിൽ നിന്നും പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല, ജി.എസ്.ടി പിരിവ് മെച്ചപ്പെടുത്താൻ 12 ഇന പരിപാടി നടപ്പിലാക്കും
ഇരട്ട പെൻഷൻകാരെ ഒഴിവാക്കി 700 കോടി ലാഭിക്കാൻ സാധിക്കും, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരെ പുനർവിന്യസിക്കുന്നതിലൂടെ 1500 കോടി ലാഭമുണ്ടാകും.

കാറുകൾ വാങ്ങുന്നതിന് പകരം മാസ വാടക നൽകി വാടകയ്‌ക്കെടുക്കും
തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ പുനർവിന്യസിക്കും, വിന്യാസം ഈ വർഷം പൂർത്തിയാക്കും, പുതിയ കാറുകൾ വാങ്ങില്ല
ക്ഷേമ പെൻഷനുകളിൽ നിന്നും അനർഹരെ ഒഴിവാക്കുമെന്നും അനാവശ്യ അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കുമെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു
കഴിഞ്ഞ വർഷത്തേക്കാൾ 15% കൂടുതൽ ചിലവാണ് ഉണ്ടായിരിക്കുന്നതിനും അദ്ദേഹം പറഞ്ഞു
ചിലവ് ചുരുക്കില്ലെന്നും സംസ്ഥാനത്ത് വികസന സ്തംഭനം ഉണ്ടാക്കുന്ന തരത്തിലാണ് സംസ്ഥാനത്തിന്റെ ചിലവ് വരുന്നതെന്നും മന്ത്രി സൂചിപ്പിച്ചു
കുടിവെള്ള വിതരണത്തിന് 8523 കോടി, ഒരു ദിവസം 10 കോടി ലിറ്റർ കുടിവെള്ള വിതരണം ലക്ഷ്യം, ജല അതോറിറ്റിക്ക് 675 കോടി
ഉന്നത വിദ്യാഭ്യാസത്തിന് 493 കോടി, 1000 പുതിയ തസ്തികകൾ, കോളേജുകളിൽ പുതിയതായി 60 കോഴ്‌സുകൾ, കോട്ടയം സി.എം.എസ് കോളേജിൽ ചരിത്ര മ്യൂസിയം
യേശുദാസ് ഡിജിറ്റൽ ലൈബ്രറിക്ക് 75 ലക്ഷം സർക്കാർ നൽകും
കുടുംബശ്രീ ചിട്ടികൾ ആരംഭിക്കും, 4% പലിശയ്ക്ക് 3000 കോടി ബാങ്ക് വായ്‌പ
നഗരവികസനത്തിനു 1945 കോടി രൂപ
കൈത്തറി മേഖലയ്ക്ക് 153 കോടി രൂപ സർക്കാർ നൽകും, ഖാദി ഗ്രാമ വ്യവസായത്തിന് 16 കോടി രൂപ നൽകും
ജലപാത ഈ വർഷം തുറന്നുകൊടുക്കും, ബേക്കൽ കോവളം ജലപാതയാണ് ഗതാഗതത്തിനായി തുറന്നുകൊടുക്കുക
വൈദ്യതി അപകടങ്ങൾ കുറയ്ക്കാൻ ഇ-സേഫ് പദ്ധതി
പ്രവാസ ചിട്ടി ഇതര സംസ്ഥാന തൊഴിലാളികൾക്കും ലഭ്യമാക്കും
പ്രവാസ ചിട്ടിക്കൊപ്പം ഇൻഷുറൻസും പെൻഷനും നൽകാൻ തീരുമാനം
പൂട്ടിക്കിടക്കുന്ന കടുവണ്ടി ഫാക്ടറികൾ സർക്കാർ തുറക്കും
എം.എൽ.എമാർ നിർദേശിച്ച പ്രവർത്തനങ്ങൾക്കായി സർക്കാർ 1800 കോടി രൂപ നൽകും
കർഷക ക്ഷേമത്തിനായി ഊബർ മാതൃകയിൽ പഴം, പച്ചക്കറി എന്നിവ വിതരണം ചെയ്യും
കയർമേഖലയ്ക്ക് 112 കോടി, മൂന്ന് ഫാക്ടറികൾ ആരംഭിക്കും, വാളയാറിൽ അന്താരാഷ്ട്ര കമ്പനിയുടെ ചകിരിച്ചോർ സംസ്കരണ ഫാക്ടറി
മത്സ്യ തൊഴിലാളികൾക്ക് 40,000 വീടുകൾ നിർമിച്ച് നൽകും
വയനാടിന് 2000 കോടി രൂപയുടെ ത്രിവർഷ പാക്കേജ്, ഇടുക്കിക്ക് 1000 കോടി രൂപയുടെ പാക്കേജ്
രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി 2400 കോടി രൂപ വകയിരുത്തി
പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 19,130 കോടി, എല്ലാ സ്‌കൂളുകളിലും സൗരോർജ നിലയം, സ്‌കൂൾ യൂണിഫോം അലവൻസ് 400 രൂപയിൽ നിന്നും 600 രൂപയാക്കി
പ്രീപ്രൈമറി അദ്ധ്യാപകരുടെ അലവൻസ് 500 രൂപ കൂട്ടി
ഓഖി ഫണ്ട് വിനിയോഗത്തിൽ ഓഡിറ്റിങ്ങ് കൊണ്ടുവരും, ഫിഷ് മാർക്കറ്റുകൾക്ക് 100 കോടി, 1000 കോടിയുടെ തീരദേശ പാക്കേജ്
മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധർമ്മടത്ത് ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് സർക്കാർ കൊണ്ടുവരും
കേരള ബോട്ട് ലീഗ് വിജയമെന്ന് വിലയിരുത്തൽ, നടത്തിപ്പിൽ മാറ്റം കൊണ്ടുവരും, 20 കോടി നൽകും
1509 കോടി രൂപ വനിതാക്ഷേമത്തിനായി സർക്കാർ നീക്കി വയ്ക്കും
നിർഭയ ഹോമുകൾക്ക് 10 കോടി നൽകും, വനിതാക്ഷേമത്തിനുള്ള വിഹിതം ഇരട്ടിയാക്കി
കുടുംബശ്രീക്ക് 600 കോടി ബഡ്ജറ്റിൽ വകയിരുത്തി, പ്രായമായ മാതാപിതാക്കളുടെ സംരക്ഷണത്തിന് പദ്ധതി
200 കേരള ചിക്കൻ ഔട്ലെറ്റുകളും കേരള സർക്കാർ ആരംഭിക്കും
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് സർക്കാർ ലഭ്യമാക്കും, ഇതിനായി 1000 ഭക്ഷണശാലകളും തുറക്കും
ജനകീയാസൂത്രണത്തിന്റെ വാർഷികത്തിൽ തൃശൂരിൽ വച്ച് സർക്കാർ പ്രത്യേക സമ്മേളനം നടത്തും
ലോക കേരള സഭയ്ക്ക് 12 കോടി വകയിരുത്തും
ആലപ്പുഴയിൽ ഓങ്കോളജി പാർക്ക് സംസ്ഥാന സർക്കാർ സ്ഥാപിക്കും
പതിനായിരം നഴ്‌സുമാർക്ക് വിദേശങ്ങളിൽ ജോലി സാധ്യത ഉറപ്പാക്കുന്നതിനായി ക്രാഷ് കോഴ്സ്, 5 കോടി നൽകും
ആരോഗ്യ മേഖലയിൽ, മെഡിക്കൽ സർവീസസ് കോർപറേഷന് 50 കോടി, കെ.എസ്.ഡി.പി മരുന്ന് ഉത്പാദനം ആരംഭിക്കും
കാൻസറിനുള്ള മരുന്നിന്റെ വില കുറയ്ക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു
ലൈഫ് പദ്ധതിയിൽ ഒരു ലക്ഷം വീടുകളും ഫ്ലാറ്റുകളും കൂടി സർക്കാർ നിർമിച്ച് നൽകും
പൊതുമരാമത്ത് പ്രവർത്തനങ്ങൾക്ക് സർക്കാർ 1500 കോടി രൂപ നൽകും
കൊച്ചി വികസനത്തിന് 6000 കോടി രൂപ,കൊച്ചിയിൽ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം കൊണ്ടുവരും
കൊച്ചിയിൽ ഏകീകൃത ട്രാവൽ കോഡ്
ടൂറിസം രംഗത്തെ വികസനത്തിനായി മുസിരിസ് പൈതൃക പദ്ധതി 2020-21ൽ സർക്കാർ കമ്മീഷൻ ചെയ്യും
നെൽകർഷകർക്ക് നാൽപത് കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്
അതിവേഗ റെയിൽ പാതയുടെ ബന്ധപ്പെട്ട നടപടികൾ അവസാനഘട്ടത്തിലെന്ന് മന്ത്രി തോമസ് ഐസക്ക്
സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് പലിശ രഹിത വായ്‌പ്പ സർക്കാർ നൽകും
5000 കിലോമീറ്ററിന്റെ റോഡ് നിർമാണം സർക്കാർ ഈ വർഷം പൂർത്തീകരിക്കും
എല്ലാ ക്ഷേമ പെൻഷനുകളിലും 100 രൂപയുടെ വർദ്ധനവ്, ക്ഷേമ പെൻഷനുകൾ 1300 രൂപയാക്കി
ഗ്രാമീണ റോഡ് പദ്ധതിക്ക് 1000 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി, തീരദേശ വികസനത്തിനും 1000 കോടി
സി.എഫ്.എൽ. ഫിലമെന്റ് ബൾബുകൾ സർക്കാർ നിരോധിക്കും, നിരോധനം നവംബർ മുതൽ
43 കിലോമീറ്ററുകളിൽ 10 ബൈപ്പാസുകളും, 53 കിലോമീറ്ററിൽ 74 പാലങ്ങളും സർക്കാർ കൊണ്ടുവരും
തൊഴിൽ സംരംഭകരുടെ എണ്ണം നിലവിൽ 23453
കുടുംബശ്രീ അംഗങ്ങളുടെ എണ്ണം 47 ലക്ഷമായി വർദ്ധിച്ചു
സംസ്ഥാനത്ത് മത്സ്യോത്പാദനം 8.2 ലക്ഷം ടൺ ആയി
2020-21ൽ കിഫ്ബിയിൽ 20,000 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും
രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകൾ കൂടി സർക്കാർ നൽകും, 4384 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ
500 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പദ്ധതികൾ സർക്കാർ ആരംഭിക്കും
ആരോഗ്യ പദ്ധതിക്ക് സംസ്ഥാന സർക്കാർ 9651 കോടി രൂപ ചിലവഴിച്ചു
പ്രവാസ ക്ഷേമ പദ്ധതികൾക്ക് 90 കോടി ബഡ്ജറ്റിൽ പ്രഖ്യാപിച്ചു

Top