തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ സിപിഐയ്ക്ക് മുന്നില്‍ മുട്ടുമടക്കി സിപിഐഎം. പദ്ധതി തല്‍ക്കാലത്തേക്ക് മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കത്ത് നല്‍കും. കത്ത് സിപിഐ സംസ്ഥാന നേതൃത്വം പരിശോധിക്കുകയാണ്. മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കടുത്ത നടപടിയിലേക്ക് സിപിഐ കടക്കുമെന്നിരിക്കെയായിരുന്നു സിപിഐഎമ്മിന്റെ നിര്‍ണായക നീക്കം.തീരുമാനം സിപിഐ ദേശീയ സെക്രട്ടറി ഡി രാജയെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെയും അറിയിച്ചു.

എല്ലാം പോസിറ്റീവാണെന്നായിരുന്നു കെ പ്രകാശ് ബാബു പ്രതികരിച്ചത്. സിപിഐ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ഒരുമണിക്ക് ചേരും. തലസ്ഥാനത്ത് ഇല്ലാത്ത അംഗങ്ങളോട് ഓണ്‍ലൈനിലൂടെ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഐ അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റ് ചേരുകയാണ്. സർക്കാർ തീരുമാനത്തിൽ അനുകൂല നിലപാടാണ് അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റിനുള്ളത്. കേന്ദ്രത്തിന് അയക്കുന്ന കത്ത് മാധ്യമങ്ങൾക്ക് നൽകണമെന്ന ആവശ്യം സിപിഐഎമ്മിന് മുന്നിൽ വെച്ചു. അല്ലെങ്കിൽ മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ സർക്കാർ തീരുമാനം മാധ്യമങ്ങളോട് പറയണമെന്നുള്ള നിലപാടിൽകൂടിയാണ് സിപിഐ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എംഎ ബേബിയുടെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍പ്പിന് വഴങ്ങുന്നത്. പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കണമെന്നായിരുന്നു സിപിഐ മുന്നോട്ട് വച്ച പ്രധാന ഉപാധി. ആ ഉപാധിക്കാണ് വഴങ്ങുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കത്തിന്റെ കരട് സിപിഐഎം തയാറാക്കി സിപിഐ നേതൃത്വത്തിന് കൈമാറുകയായിരുന്നു. മലയാളത്തിലുള്ള കത്ത് ഡി രാജ സിപിഐ സംസ്ഥാന നേതൃത്വത്തിന് കൈമാറി. കത്ത് നല്‍കിയാല്‍ മാത്രം പോരാ. കേന്ദ്രത്തിന് നല്‍കുന്ന കത്ത് സംസ്ഥാന സര്‍ക്കാര്‍ തന്നെ നല്‍കണം. അങ്ങനെ നല്‍കുന്ന കത്ത് പരസ്യപ്പെടുത്തണം. അതായത് കത്ത് നല്‍കിയ വിവരം മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ പരസ്യപ്പെടുത്തണമെന്നാണ് സിപിഐയുടെ നിലപാട്.

അതേസമയം, മന്ത്രിസഭായോഗം വൈകിട്ട് മൂന്നരയ്ക്ക് ചേരും. സാധാരണ രാവിലെ 10-ന് ചേരുന്ന മന്ത്രിസഭാ യോഗമാണ് ബുധനാഴ്ച മൂന്നരയിലേക്ക് മാറ്റിയത്. സമവായ നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഈ മാറ്റമെന്നാണ് പുറത്തുവന്നിരുന്ന സൂചനകൾ. സിപിഐ മന്ത്രിമാര്‍ യോഗത്തിന് എത്തുമോ എന്നാണ് ഇനി അറിയേണ്ടത്.

രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ പട്ടിക തയ്യാറാക്കല്‍ അടക്കം പിഎം ശ്രീയുടെ തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. നിശബ്ദത പാലിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ധാരണാപത്രം റദ്ദാക്കാതെ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവില്ലെന്ന് സിപിഐ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

ചര്‍ച്ചയില്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ച എല്ലാ ഉപാധികളും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളിയിരുന്നു. പിഎം ശ്രീ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്ത് തീരുമാനവുമെടുക്കാമെന്ന് സിപിഐ ദേശീയ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. അതോടൊപ്പം ധാരണാപത്രം റദ്ദാക്കണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയും പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

Top