പത്തനംതിട്ട: ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല തന്ത്രി അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ ദീപം തെളിയിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. നിരവധി പേര് ഇപ്പോൾ തന്നെ അയ്യപ്പ സംഗമത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. കനത്ത സുരക്ഷയാണ് പമ്പാതീരത്തും സമീപ പ്രദേശത്തും ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തെ തുടര്‍ന്ന് മൂന്ന് സെക്ഷനുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് ജയകുമാര്‍ ഐഎഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയാണ് ആദ്യത്തേത്. മൂവായിരത്തിലധികം ആളുകൾ ഇന്ന് ഈ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.
പിണറായി വിജയൻ മൂന്നാമതും മുഖ്യമന്ത്രി ആകുമെന്ന് വെള്ളാപ്പാള്ളി ആവർത്തിച്ചു . ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.പ്രതിപക്ഷത്തെ ഷണ്ഡന്മാരെന്ന് അധിക്ഷേപിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ആഗോള അയ്യപ്പ സംഗമം വിജയമാണെന്നും അഭിപ്രായപ്പെട്ടു. യുവതി പ്രവേശന കാലത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നത് ന്യായമായ ആവശ്യമാണെന്നും അദേഹം വ്യക്തമാക്കി.
അതേസമയം, യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതി നൽകിയ സത്യവാംഗ്മൂലം തിരുത്തണമെന്ന് വാശി പിടിക്കേണ്ട ആവശ്യമില്ലെന്നും തിരുത്തിയ രീതിയിലാണ് സർക്കാരിന്റെ സമീപനമെന്നും വെള്ളാപ്പള്ളി പറഞ്ഞു.യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്കെതിരായ കേസുകൾ പിൻവലിച്ചാൽ അതിന്റെ നേട്ടം സർക്കാരിനുണ്ടാകുമെന്നും അദേഹം അഭിപ്രായപ്പെട്ടു.
പിണറായി വിജയൻ ഭക്തനാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി പിണറായിയുടെ മനസിൽ ഭക്തിയുണ്ടെന്നും അതുകൊണ്ടാണ് വേദിയിൽ അയ്യപ്പ വിഗ്രഹം സ്വീകരിച്ചതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.










