പിണറായിക്കെതിരേ പടയൊരുക്കം.സിപിഎമ്മിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി ശ്രീവാസ്തവ.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമര്‍ഷം. പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ ഉടനീളം പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കി ഉയര്‍ന്നുവന്ന വിഷയങ്ങളിലെല്ലാം പിന്നില്‍ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവാണെന്ന വിമര്‍ശനം ശക്തമായി . വിവാദമുയര്‍ത്തിയ പോലീസ് നിയമഭേദഗതി, വിദ്യാര്‍ത്ഥികള്‍ക്കെതിരേ ചുമത്തിയ യുഎപിഎ, ഐപിഎസുകാര്‍ക്ക് നല്‍കിയ മജിസ്റ്റീരിയല്‍ പദവി, ഒടുവില്‍ കെഎസ്എഫ്ഇ റെയ്ഡ് തുടങ്ങി സര്‍ക്കാരിന് പിന്നീട് തിരിച്ചെടുക്കേണ്ടി വന്ന പല വിവാദ തീരുമാനങ്ങളിലും രമണ്‍ശ്രീവാസ്തവയുടെ പങ്ക് തിരയുകയാണ് ഇപ്പോള്‍ സിപിഎം നേതാക്കള്‍.

കെഎസ്എഫ് ഇ ശാഖകളില്‍ നടത്തുന്ന വിജിലന്‍സ് പരിശോധനയാണ് ഇക്കാര്യത്തില്‍ ഏറ്റവും പുതിയത്. വിജിലന്‍സ് അന്വേഷണം ആദ്യമറിഞ്ഞതു രമണ്‍ ശ്രീവാസ്തവയായിരുന്നു. ഓപ്പറേഷന്‍ ബചത് എന്ന് പേരിട്ടിരുന്ന പരിശോധനയുടെ വിവരം വിജിലന്‍സ് നേരത്തേ തന്നെ ശ്രീവാസ്തവയെ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രി അറിഞ്ഞില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനിടെയാണ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും റെയ്ഡ് കാര്യം അറിഞ്ഞതു തന്നെ. ഇരുവരും കൂടിയാലോചിച്ച് പരിശോധന നിര്‍ത്തി വെയ്ക്കാന്‍ ഉടന്‍ ആവശ്യപ്പെടുകയും ചെയ്തു.

സര്‍ക്കാരിന് പൊലീസ് തലവേദന സൃഷ്ടിക്കുന്നുവെന്ന പരാതി ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍ അതിന് പരിഹാരമായി ചീഫ് സെക്രട്ടറി റാങ്കിലായിരുന്നു പൊലീസ് ഉപദേഷ്ടാവായി ശ്രീവാസ്തവയുടെ നിയമനം. സിപിഎമ്മിനോട് അനുഭാവപൂര്‍വ്വം ഇടപെട്ട മുന്‍ ഡിജിപിമാരെയെല്ലാം അവഗണിച്ചായിരുന്നു ഇത് . എന്നാല്‍ ഉപദേശകനായതിന് ശേഷം നാലു വര്‍ഷത്തിനിടെ അനേകം തവണയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് വിവാദങ്ങളില്‍ തലയിടേണ്ടി വന്നത്.

പോലീസ് ഉപദേഷ്ടാവാകുന്നതിന് മുമ്പ് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് ഇരുന്ന രമണ്‍ശ്രീവാസ്തവ ഇപ്പോഴും ആ പദവിയില്‍ തുടരുന്നതായി സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് നല്‍കുന്ന തെളിവ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് വിജിലന്‍സ് റെയ്ഡ് എന്നാണ് മന്ത്രി തോമസ് ഐസക് പോലും തുറന്നടിച്ചത്. കെഎസ്എഫ്് ഇയില്‍ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നും ക്രമക്കേടു നടക്കുന്നതായുമുള്ള ആക്ഷേപത്തെ തുടര്‍ന്നാണ് റെയ്ഡ് എന്നാണ് ഇക്കാര്യത്തില്‍ പുറത്തുവന്നിരിക്കുന്ന വിശദീകരണം. ആരോപണം സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നാണ് ഐസക്കിന്റെ വിലയിരുത്തല്‍.

മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നിയമഭേദഗതി ഓര്‍ഡിനന്‍സ് പുറത്തിറക്കി പിന്നീട് പിന്‍വലിച്ച് നാണം കെടേണ്ടിവന്നു. ഇതിന്റെ കരട് തയാറാക്കുന്നതിന്റെ പിന്നിലും രമണ്‍ ശ്രീവാത്സവ ഉണ്ടായിരുന്നു. ഭാഗ്യലക്ഷ്മിയും കൂട്ടരും വിജയ് പി നായരുമായി ഉണ്ടായ പ്രശ്‌നത്തിന്റെയും സാമൂഹ്യ മാധ്യമങ്ങളിലെ വിദ്വേഷ അപവാദ പ്രചരണങ്ങളുടേയും ചുവട് പിടിച്ചാണ് സംസ്ഥാനസര്‍ക്കാര്‍ കേരളാ പോലീസ് ആക്ടില്‍ ഭേദഗതി കൊണ്ടുവന്നത്. നിയമസഭ പോലും കൂടാതെ പോലീസിന്റെ താല്‍പ്പര്യം തിരുകിക്കയറ്റി നടത്തിയ നിയമനിര്‍മ്മാണം പിണറായി സര്‍ക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയുമായി. നവംബര്‍ 21 ന് വിജ്ഞാപനമായെങ്കിലും മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ഭേദഗതിയാണെന്ന് വിലയിരുത്തല്‍ വന്നതോടെ 48 മണിക്കൂറിനുള്ളില്‍ പിന്‍വലിക്കേണ്ടി വന്നു.

അതിന് തൊട്ടുമുമ്പ് മജിസ്റ്റീരിയല്‍ അധികാരങ്ങള്‍ ഐപിഎസുകാര്‍ക്ക് നല്‍കുക എന്ന വിവാദ നിര്‍ദേശം വന്നതും രമണ്‍ ശ്രീവാസ്തവ ഉപദേശകനായി ഇരിക്കുമ്പോഴാണ്. പോലീസിന്റെ ദീര്‍ഘകാല സ്വപ്‌നമായിരുന്ന നടപടിയ്‌ക്കെതിരേ പോലീസ്‌രാജിന് വഴിവെയ്ക്കുമെന്ന ആക്ഷേപം ആദ്യം മുതലേ ഉയര്‍ന്നിരുന്നു. ജസ്റ്റീസ് കെ.ടി. തോമസ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരമായിരുന്നു നീക്കം. തിരുവനന്തപുരത്തും കൊച്ചിയിലും ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥരെ കമ്മീഷണര്‍മാരായി നിയമിച്ച് മജിസ്റ്റീരിയല്‍ പദവി നല്‍കാനായിരുന്നു ഉദ്ദേശം. എന്നാല്‍ ഐഎഎസുകാര്‍ എതിര്‍പ്പുയര്‍ത്തിയതോടെ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു്.

കൊവിഡ് വ്യാജപ്രചാരണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുന്നതിന്റെ പേരില്‍ പൊലീസിന് അധികാരം നല്‍കിയതും പ്രഖ്യാപിച്ച് വിവാദമുണ്ടായപ്പോള്‍ മുഖ്യമന്ത്രിക്ക് പിന്‍വലിക്കേണ്ടിവന്നു. നിലവില്‍ സൈബര്‍ സെല്ല് സ്വീകരിക്കുന്ന നടപടികള്‍ക്കപ്പുറം എങ്ങനെ നടപടി സ്വീകരിക്കുമെന്ന ചോദ്യമുയര്‍ന്നപ്പോള്‍ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്കും ഡിജിപിക്കും മറുപടി ഇല്ലാതായി.

സര്‍ക്കാരിനെ വെട്ടിലാക്കിയ മറ്റൊരു വിഷയമായിരുന്നു പന്തീരാങ്കാവ് യുഎപിഎ കേസ്. വിദ്യാര്‍ത്ഥികളായ അലനെയും താഹയെയും മാവോയിസ്റ്റുകള്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്തതും അവര്‍ക്കെതിരേ യുഎപിഎ ചുമത്തിയതും വിവാദമായിരുന്നു. അലനും താഹയും മാവോയിസ്റ്റുകള്‍ അല്ലെന്ന് സിപിഎം ജില്ലാ നേതൃത്വം പോലും ആദ്യം നിലപാട് എടുത്തതായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വാദത്തിന് പിന്തുണ നല്‍കിയാണ് പിന്നീട് പൊതുയോഗങ്ങളിലും മറ്റും ഇവരെ പരസ്യമായി തള്ളിപ്പറഞ്ഞത്. ഒടുവില്‍ ഇവരുടെ മാവോയിസ്റ്റ് ബന്ധം കണ്ടെത്താനായില്ലെന്ന് പറഞ്ഞ് എന്‍ഐഎ കോടതി ജാമ്യം നല്‍കിയതോടെ അവിടെയും സര്‍ക്കാര്‍ തോറ്റു.

രണ്ടു ദിവസം പോലും ആയുസ്സില്ലാതിരുന്ന പോലീസ് നിയമ ഭേദഗതി കരടില്‍ പോലീസ് ഉപദേഷ്ടാവിന് തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രിയടക്കം സമ്മതിച്ചതിന് പിന്നാലെയാണ് കെഎസ്എഫഇ ഇപ്പോള്‍ റെയ്ഡില്‍ കുരുങ്ങിയിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ അവധിയില്‍ പോയ ഘട്ടത്തിലാണ് റെയ്ഡിന് അനുമതി നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സിപിഎം നേതാക്കള്‍ക്ക് പുറമെ സിപിഐ നേതാക്കളും ഇപ്പോള്‍ റെയ്ഡിനെതിരേ രംഗത്ത വന്നിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനെ തന്നെ കുരുക്കാനുള്ള നീക്കം നടത്തുന്നതായി സിപിഎം തന്നെ ആരോപിക്കുന്ന സാഹചര്യത്തിലാണ് വിജിലന്‍സ് നീക്കവും.

കിഫ്ബിയില്‍ വന്‍ അഴിമതിയാണെന്ന സിഎജി റിപ്പോര്‍ട്ട് വെച്ച് പ്രതിപക്ഷം തോമസ് ഐസക്കിനെ സംശയിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഇത്തരം അപകടങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാരിനെ നിരന്തരം വിവാദത്തിലാക്കുന്ന നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവാണെന്ന ആക്ഷേപം ശക്തമാണ്.

മുമ്പ് 1991 ഡിസംബര്‍ 15 ന് പാലക്കാട് നടന്ന തൊണ്ടിക്കുളം യുപി സ്‌കൂള്‍ ആറാം ക്ളാസ് വിദ്യാര്‍ത്ഥിനി സിറാജുന്നീസ വെടിയേറ്റ് മരിച്ച സംഭവത്തില്‍ വന്‍ വിവാദത്തില്‍ പെട്ടയാളെയാണ് മുഖ്യമന്ത്രി പോലീസ് ഉപദേഷ്ടാവായി വെച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ മനുഷ്യത്വ വിരുദ്ധമായ വിഷയങ്ങള്‍ ഇനിയും ഉയര്‍ന്നു വന്നാല്‍ അതിശയിക്കേണ്ട കാര്യമില്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.

ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിയുടെ ഏകതായാത്രയുമായി ബന്ധപ്പെട്ടുണ്ടായ സമുദായിക സംഘര്‍ഷത്തില്‍ പൊലീസ് നടത്തിയ ഭീകരതയാണ് സിറാജുന്നീസ എന്ന രക്തസാക്ഷിയെ സൃഷ്ടിച്ചതെന്നാണ് ഇപ്പോഴും കേരളം കരുതുന്നത്. വെടിവയ്ക്കാന്‍ ഉത്തരവിട്ട രമണ്‍ ശ്രീവാസ്തവയെന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ നടപടിയൊന്നും നേരിടാതെ പിന്നീട് കേരള പൊലീസിന്റെ ഡിജിപി സ്ഥാനംവരെ അലങ്കരിച്ചായിരുന്നു വിരമിച്ചത്. വെടിവെച്ചു കൊല്ലപ്പെടുമ്പോള്‍ വീട്ടമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 11 കാരി സിറാജുന്നീസ പോലീസ് റജിസ്റ്ററില്‍ ഇപ്പോഴും കലാപകാരിയായും തുടരുന്നു.

Top