കണ്ണുനീര്‍ തുടച്ച് ടിക്കറ്റ് മെഷീന്‍ തിരികെ ഏല്‍പ്പിക്കുന്ന കണ്ടക്ടര്‍ ; മനസിനെ തൊട്ട വൈറല്‍ ചിത്രം…

മലയാളിയെ കണ്ണീരീലാഴ്ത്തിയ ചിത്രമായിരുന്നു കണ്ണുനീര്‍ തുടച്ച് ടിക്കറ്റ് മെഷീന്‍ തിരികെ ഏല്‍പ്പിക്കുന്ന കണ്ടക്ടറുടേത്. എറണാകുളം-കുമളി ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ കണ്ടക്ടറായ മൂവാറ്റുപുഴ സ്വദേശി നസീറാണ് ആ കണ്ണീര്‍ ചിത്രത്തിലുള്ളത്. ഞായറാഴ്ച മകളുടെ വിവാഹനിശ്ചയം കഴിഞ്ഞ്, രാവിലെ ജോലിക്കെത്തിയ നസീറിന്റെ ചിത്രം നീറുന്ന ജീവിത യാഥാര്‍ത്ഥ്യമാണ് തുറന്നുകാട്ടുന്നത്.

ഹൈക്കോടതി വിധിയുടെ ആഘാതത്തില്‍ എറണാകുളം ഡിപ്പോയ്ക്കു മുന്നില്‍ കണ്ണീരോടെ ടിക്കറ്റ് മെഷീന്‍ തിരിച്ചു നല്‍കുന്നതിനിടെയാണ് ക്യാമറക്കണ്ണിലേക്ക് പകര്‍ത്തിയത്. എറണാകുളം-കുമളി ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ കണ്ടക്ടറായിരുന്നു നസീര്‍. 2007 നവംബറില്‍ ജോലിക്ക് കയറുമ്പോള്‍ 110 രൂപയായിരുന്നു ശമ്പളമെന്ന് നസീര്‍ പറയുന്നു. ഇന്നത് 480 ആയി. നാട്ടിലെ കൂലിപ്പണിക്കാര്‍ക്ക് പോലും ഇതിലും നല്ല ശമ്പളം ലഭിക്കാറുണ്ട്. തന്റെ ജോലി ആശ്രയിച്ച് മാത്രമാണ് കുടുംബം മുന്നോട്ടുപോകുന്നത്. മകളുടെ വിവാഹം രണ്ടുമാസത്തിനുള്ളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കെയാണ് ജോലി നഷ്ടമായത്. ഡിഗ്രിക്ക് പഠിക്കുന്ന മകളുടെയും പത്താം ക്ലാസില്‍ പഠിക്കുന്ന മകന്റെയും വിദ്യാഭ്യാസച്ചെലവുകളും ഭാര്യ ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ജീവിതമാര്‍ഗവുമാണ് ജോലി പോയതോടെ വഴിമുട്ടിയതെന്നും നസീര്‍ പറയുന്നു. രാവിലെ ഡിപ്പോയില്‍ എത്തിയപ്പോഴാണ് പലരും ജോലി നഷ്ടമായ വിവരം അറിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിങ്കളാഴ്ച മുതല്‍ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും സര്‍വീസിലില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. ഇതോടെ നാലായിരത്തോളം ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. നിരവധി കുടുംബങ്ങളുടെയും സ്വപ്‌നങ്ങള്‍ പെരുവഴിയിലായി. എംപ്ലോയ്മെന്റ് നിയമനത്തിലൂടെ അഭിമുഖവും ശാരീരി കക്ഷമതപരിശോധനയുമൊക്കെ കഴിഞ്ഞ് ജോലിക്ക് കയറിയവരാണ് എം പാനല്‍ ജീവനക്കാര്‍.
‘നിയമനത്തിന് മുന്നോടിയായി 5000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി കെട്ടിവെച്ചിരുന്നു.

ഈ തുക പോലും തിരിച്ചുനല്‍കാതെയാണ് പിരിച്ചുവിട്ടതെന്നും നസീര്‍ പറയുന്നു. സ്ഥിരജീവനക്കാര്‍ക്ക് ലഭിക്കുന്ന യാതൊരു ആനുകൂല്യങ്ങളുമില്ലാതിരുന്നിട്ടും ഈ ജോലി തുടര്‍ന്നത് മറ്റ് ജീവിതമാര്‍ഗങ്ങളില്ലാത്തതിനാലാണ്.’ എം പാനല്‍ ജീവനക്കാരായി ജോലി ചെയ്തവരില്‍ ഭൂരിഭാഗവും പിഎസ്‌സി നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രായപരിധി പിന്നിട്ടവരാണ്. ഇനി മറ്റൊരു ജോലി കണ്ടെത്താനോ വരുമാനമാര്‍ഗം തേടാനോ ആകാത്ത അവസ്ഥയാണ് ഇവരൊക്കെയും. അഞ്ച് മുതല്‍ 13 വര്‍ഷമാണ് ഇവര്‍ കെഎസ്ആര്‍ടിസിക്കുവേണ്ടി ജോലി ചെയ്തത്. ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുകയാണ് പലരും.

Top