യാത്രയ്ക്കിടെ നിരോധിത പുകയില വസ്തുക്കളുമായി കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ പിടിയില്‍. 9 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരാണ് കുടുങ്ങിയത്.
പാന്‍മസാലയും പുകയിലയും ഉള്‍പ്പെടെയുള്ള ലഹരി ഉത്പന്നങ്ങളാണ് രാത്രി സര്‍വ്വീസ് നടത്തുന്ന ഡ്രൈവര്‍മാരില്‍ നിന്നു കണ്ടെടുത്തത്. 12 ബസുകളിലായി നടത്തിയ പരിശോധനയില്‍ 9 പേരാണ് പിടിയിലായത്.
പാലക്കാട്-ആലത്തൂര്‍ ദേശീയപാതയില്‍ ഇന്നലെ രാത്രിയായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്. പാലക്കാട് കുഴല്‍മന്ദത്ത് യുവാക്കളുടെ മരണത്തിനിടയാക്കിയ കെ എസ് ആര്‍ ടി സി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. ഡ്രൈവര്‍മാരുടെ അടിവസ്ത്രത്തിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍.
തുടക്കത്തില്‍ കൊറിക്കാനുള്ള ഭക്ഷണങ്ങള്‍ ആണ് കൈയ്യിലുള്ളതെന്നായിരുന്നു ഡ്രൈവര്‍മാരുടെ വിശദീകരണം. എന്നാല്‍ തെളിവുകള്‍ ഉള്‍പ്പെടെ നിരത്തി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാണ് പലരും കുടുങ്ങിയത്. ചിലര്‍ കൂടിയ അളവില്‍ ലഹരി ഉപയോഗിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ഉറക്കം വരാതിരിക്കാനാണ് ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നതെന്നാണ് പിടിക്കപ്പെട്ട ഡ്രൈവര്‍മാരുടെ മൊഴി. പിടിക്കപ്പെട്ടവര്‍ക്കെതിരെ നിയമലംഘനം തെളിഞ്ഞാല്‍ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്തേക്കും. അതിനിടെ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ തുടരുന്ന കണ്ടക്ടര്‍മാരേയും പിടിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും വകുപ്പിന്റെ ശക്തമായ പരിശോധന ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.