ഓണത്തിന് ആനവണ്ടിയ്ക്കും റെക്കോര്‍ഡ്; വിശ്വസിക്കാനാകാതെ ഉദ്യോഗസ്ഥരും

ഈ ഓണക്കാലത്ത് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് കളക്ഷന്‍. ഓണം-ബക്രീദ് അവധിയോട് അനുബന്ധിച്ചാണ് കെഎസ്ആര്‍ടിസി റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയത്. പലയിടത്തും അഡീഷണല്‍ സര്‍വ്വീസുകളും നടത്തി. കോഴിക്കോട് ഡിവിഷനിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചത്. 36 അഡീഷണല്‍ സര്‍വ്വീസുകളാണ് കോഴിക്കോട് ഡിവിഷന് കീഴില്‍ ഓപ്പറേറ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ ഏകദേശം അരക്കോടിക്ക് മുകളിലാണ് കളക്ഷന്‍ തുക. സമീപകാലത്ത് ലഭിച്ച ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ തുകയാണിത്. ഓണം-ബക്രീദ് അവധി അടുത്തടുത്തായി വന്നതാണ് തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായത്. അവധിദിവസങ്ങളിലെ തിരക്ക് മുന്‍കൂട്ടി കണ്ട് കൂടുതല്‍ ബസുകളും സര്‍വ്വീസുകളും ഏര്‍പ്പാടാക്കിയത് നേട്ടമായി. ശനിയാഴ്ച മാത്രം 14 ലക്ഷം രൂപയാണ് കോഴിക്കോട് ഡിവിഷനിലെ കളക്ഷന്‍. 13 ലക്ഷം രൂപയായിരുന്നു ശനിയാഴ്ചത്തെ ടാര്‍ജറ്റ്. മൂന്നു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് കോഴിക്കോട് ഡിവിഷന്‍ ടാര്‍ജറ്റ് മറികടക്കുന്നത്. തിരക്കേറിയ സമയത്ത് കെഎസ്ആര്‍ടിസിയുടെ ഒരു ബസ് പോലും വഴിയില്‍ വെച്ച് കേടായില്ല എന്നതും, അപകടത്തില്‍പ്പെട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്.

മിക്ക ബസുകളും കൃത്യസമയം പാലിച്ചാണ് ഈ ദിവസങ്ങളില്‍ സര്‍വ്വീസ് നടത്തിയത്. ബസുകള്‍ യഥാസമയം എത്തിയതിനാല്‍ യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടായില്ല. ജീവനക്കാരുടെ സഹകരണം കൊണ്ടാണ് കെഎസ്ആര്‍ടിസിക്ക് ഇത്രയേറെ അഡീഷണല്‍ സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യാനായത്. മിക്ക ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഓവര്‍ ടൈം ഡ്യൂട്ടിയെടുക്കാന്‍ തയ്യാറായി. തിരക്കേറിയ ഓണം-ബക്രീദ് സമയത്ത് ബെംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ആവശ്യത്തിന് ട്രെയിനുകളില്ലാതിരുന്നതിനാല്‍ മിക്കവരും കെഎസ്ആര്‍ടിസിയെയാണ് ആശ്രയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top