തിരുവനന്തപുരം :കെ.എസ്.യു. സംഘടനാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 20 മുതല്‍ 24 വരെ നടത്തുവാന്‍ എന്‍.എസ്.യു.ഐ. ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചു. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസുകളില്‍ വെച്ചാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 25 ന് 10 മണി മുതല്‍ കെ.പി.സി.സി. ആസ്ഥാനത്തുവെച്ച് നടക്കും.
20 ന് കാസര്‍ഗോഡ്, ഇടുക്കി, പത്തനംതിട്ട. 21 ന് കണ്ണൂര്‍, ആലപ്പുഴ, കോട്ടയം. 22 ന് വയനാട്, എറണാകുളം, കൊല്ലം. 23 ന് മലപ്പുറം, പാലക്കാട്, തിരുവനന്തപുരം. 24 ന് കോഴിക്കോട്, തൃശ്ശൂര്‍ എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ്. സംസ്ഥാന ജില്ലാ ഭാരവാഹികളെയും, ദേശീയ സമിതി അംഗങ്ങളെയുമാണ് തെരഞ്ഞെടുക്കുന്നത്.
9602 സജീവ അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. സൂക്ഷ്മപരിശോധനയില്‍ വിവിധകാരണങ്ങളാല്‍ 4665 സജീവഅംഗങ്ങളെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തു. കേരളത്തില്‍ ഒന്നരലക്ഷം പ്രൈമറി മെമ്പര്‍മാരുണ്ട്. സജീവ അംഗങ്ങള്‍ക്ക് ഏതു സ്ഥാനത്തേയ്ക്കും മത്സരിക്കാം. നോമിനേഷന്‍ 17 ന് 5 മണിക്കുമുമ്പ് ഓണ്‍ലൈനായും, ഓഫ്‌ലൈനായും നല്‍കാം. ഓഫ്‌ലൈന്‍ നോമിനേഷന്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് ഓഫീസുകളില്‍ മാത്രമാണ് സ്വീകരിക്കുക. തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ സോണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പും നോമിനേഷനും സംബന്ധിച്ച വിശദാംശങ്ങള്‍ എന്‍.എസ്.യു.ഐ. വെബ്‌സൈറ്റില്‍ ലഭിക്കും.
സംസ്ഥാന കമ്മിറ്റിയില്‍ പ്രസിഡന്റ്, ആറ് വൈസ്പ്രസിഡന്റുമാര്‍, ഏഴ് ജനറല്‍ സെക്രട്ടറിമാര്‍, ഏഴ് സെക്രട്ടറിമാര്‍ എന്നീ സ്ഥാനങ്ങളാണ് ഉള്ളത്. ഇതില്‍ മൂന്നു സ്ഥാനങ്ങള്‍ വനിതകള്‍ക്കും മൂന്നു സ്ഥാനങ്ങള്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിനുമായി (ആകെ ആറ്) സംവരണം ചെയ്തിട്ടുണ്ട്.
നാല് ദേശീയ സമിതി അംഗങ്ങളില്‍ ഓരോ സ്ഥാനം വീതം വനിതകള്‍ക്കും, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്.
ജില്ലാ കമ്മിറ്റിയിലേയ്ക്ക് 15 അംഗങ്ങളെ തെരഞ്ഞെടുക്കും. പ്രസിഡന്റ്, നാല് വൈസ്പ്രസിഡന്റുമാര്‍, അഞ്ച് ജനറല്‍ സെക്രട്ടറിമാര്‍ അഞ്ച് സെക്രട്ടറിമാര്‍ ഇതില്‍ മൂന്നുവീതം സ്ഥാനങ്ങള്‍ വനിതകള്‍ക്കും, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്.
രാഹുല്‍ ഗാന്ധി എന്‍.എസ്.യു.ഐ.യുടെ ചുമതല ഏറ്റെടുത്തശേഷം സംഘനടയില്‍ ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പ്പ്രക്രിയ ആരംഭിച്ചു. കേരളത്തില്‍ ഇതു മൂന്നാമത്തെ തെരഞ്ഞെടുപ്പാണ്. എന്‍.എസ്.യു.ഐ.യുടെ ആശയങ്ങള്‍ അംഗീകരിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും സംഘടനയില്‍ ചേരാം. വിദ്യാര്‍ത്ഥി പിന്തുണയുടെ അടിസ്ഥാനത്തില്‍ നേതൃരംഗത്തേയ്ക്ക് കടന്നുവരാനുള്ള വാതിലാണ് ഇതുവഴി തുറന്നത്. ഏറെ വിമര്‍ശിക്കപ്പെട്ട നോമിനേഷന്‍ സമ്പ്രദായം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കുവാനും മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയിലുമില്ലാത്ത സുതാര്യമായ ആഭ്യന്തര ജനാധിപത്യ പ്രക്രിയയ്ക്ക് കളമൊരുക്കാനും സാധിച്ചു.
മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് സഹകരിച്ച എല്ലാ കെ.എസ്.യു. അംഗങ്ങള്‍ക്കും നേതാക്കള്‍ക്കും എന്‍.എസ്.യു.ഐ. നന്ദി രേഖപ്പെടുത്തുന്നു.ഈ തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും സത്യസന്ധവും വിജയകരവുമാക്കാന്‍ എല്ലാ കെ.എസ്.യു. അംഗങ്ങളോടും, പാര്‍ട്ടി നേതാക്കളോടും അഭ്യര്‍ത്ഥിക്കുന്നു.
കെ.എസ്.യു.സംഘടനാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 20 മുതല്‍ 24 വരെ.ഗ്രൂപ്പ് അടി ശക്തമാകും
Tags: KSU ELECTION