കെ.എസ്.യു സംസ്ഥാന നേതൃത്വം ചുമതലയേറ്റു

തിരുവനന്തപുരം : പുതിതായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്.യു സംസ്ഥാന ഭാരവാഹികള്‍ ചുമതല ഏറ്റെടുത്തു. കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സന്റെ അധ്യക്ഷതയില്‍ ഇന്ദിരാഭവനില്‍ നടന്ന യോഗത്തില്‍ കെ.എസ്.യു മുന്‍ പ്രസിഡന്റ് വി.എസ്.ജോയി പുതിയ പ്രസിഡന്റ് കെ.എം. അഭിജിത്തിന് ചുമതല കൈമാറി. പ്രസിഡന്റിനെ കൂടാതെ വൈസ് പ്രസിഡന്റുമാര്‍, എന്‍.എസ്.യു ഡെലിഗേറ്റുകള്‍, ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ എന്നിവരും ചുമതല ഏറ്റെടുത്തു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധികാര കൈമാറ്റ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാനം കണ്ടതില്‍ ഏറ്റവും വലിയ കുംഭകോണമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദമെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് വിദ്യാഭ്യാസമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കേരള ചരിത്രത്തില്‍ ഇതുപോലൊരു വിദ്യാഭ്യാസ മന്ത്രി ഉണ്ടായിട്ടില്ല. വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കുന്ന നിലപാടാണ് മന്ത്രിയുടേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രാജ്യത്ത് വിദ്യാര്‍ത്ഥി സംഘടനകള്‍ ദുര്‍ബലപ്പെടുന്നു. മതവര്‍ഗീയ സംഘടനകളിലേക്ക് ചെറുപ്പക്കാരുടെ കുത്തൊഴുക്കാണ്. ഇതിനെതിരെ സംഘടിത പോരാട്ടം വേണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എസ്.എല്‍.സി പരീക്ഷയുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കിയ സര്‍ക്കാരാണിതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നു എന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിദ്യാഭ്യാസത്തെ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നു. അതിന്റെ ഭാഗമാണ് സിലബസ് പരിഷ്‌കരണം. യു.ഡി.എഫ് സര്‍ക്കാര്‍ സിലബസ് പരിഷ്‌കരിച്ചിട്ട് അധികനാളായിട്ടില്ല. എന്നിരിക്കെ ഇടതുസര്‍ക്കാര്‍ തിരക്കിട്ട് വീണ്ടും സിലബസ് പരിഷ്‌കരണത്തിന് തുനിയുന്നതിന് പിന്നില്‍ അവരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ പാഠ്യപദ്ധതില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണെന്നും എം.എം.ഹസ്സന്‍ ആരോപിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ച്ച എന്നല്ല ഇതിനെ വിശേഷിപ്പിക്കേണ്ടത്. ചോദ്യപേപ്പര്‍ കുംഭകോണമെന്നാണ് പറയേണ്ടത്. കോടികണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. ചോദ്യപേപ്പറുകള്‍ അധ്യാപക സംഘടനകള്‍ തയ്യാറാക്കുന്ന സമ്പ്രദായം ഒഴിവാക്കണം. ഈ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം പ്രഹസനമാണ്. ചോദ്യപേപ്പര്‍ കുംഭകോണത്തിന് പിന്നില്‍ കെ.എസ്.ടി.എ ആയതിനാലാണ് സര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പ്. വിദ്യാഭ്യാസ മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച പരിശോധിക്കാന്‍ ജുഡീഷ്യല്‍ അനേഷണമാണ് വേണ്ടത്. ഇതിനെതിരെ കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടത്തണം. അതിന് പാര്‍ട്ടിയുടെ പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെ.എസ്.യുവിന് മുന്നിലുള്ള വെല്ലുവിളികളെ ഏറ്റെടുക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി പറഞ്ഞു. നവമാധ്യമങ്ങളിലെ കെണികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കെ.പി.സി.സി. പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, പി.സി.വിഷ്ണുനാഥ്, എം.എല്‍.എ മാരായ ഷാഫിപറമ്പില്‍, ഹൈബി ഈഡന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെ.പി.സി.സി സെക്രട്ടറിമാരായ എം.എം.നസീര്‍, ജ്യോതികുമാര്‍ ചാമക്കാല, പഴകുളം മധു, വക്താവ് ജോസഫ് വാഴയ്ക്കന്‍, സിന്‍ഡിക്കേറ്റ് അംഗം കൃഷ്ണകുമാര്‍, എന്‍.എസ്.യു സെക്രട്ടറി ശ്രാവണ്‍റാവു, മുന്‍ കെ.എസ്.യു ഭാരവാഹികളായ വി.എസ്.ജോയി, രോഹിത് എന്നിവരും പങ്കെടുത്തു.

Top