
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ പറഞ്ഞു. അദ്ദേഹത്തിന് ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും ഒ. രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ കുമ്മനത്തെ മത്സരിക്കാന്‍ താനും പാര്‍ട്ടിയിലെ വലിയൊരു വിഭാഗവും ആഗ്രഹിക്കുന്നു. ഗവര്‍ണര്‍ പദവിയില്‍ തുടരുന്നത് കൂട്ടിലിട്ട കിളിയെ പോലെ. കുമ്മനത്തെ മടക്കിയെത്തിക്കാന്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ഒ.രാജഗോപാല്‍ വ്യക്തമാക്കി.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും കൂടുതല്‍ വിജയ സാദ്ധ്യത കല്‍പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തരായവരെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളാക്കുന്നതിനോട് സംസ്ഥാന നേതൃത്വവും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കുമ്മനത്തിന്റെ പേര് ഉയര്‍ന്നത്. അതേസമയം, കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ആര്‍.എസ്.എസും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.കുമ്മനത്തിന് പുറമെ കെ.സുരേന്ദ്രന്‍, സുരേഷ് ഗോപി എന്നിവരെയാണ് ബി.ജെ.പി പരിഗണിക്കുന്ന മറ്റ് സ്ഥാനാര്‍ത്ഥികള്‍. ശബരിമല വിഷയത്തില്‍ സുരേന്ദ്രന്റെ ഇടപെടല്‍ ബി.ജെ.പിക്ക് വോട്ട് നോടിക്കൊന്നുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. എന്നാല്‍ തിരുവനന്തപുരം കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് ജയസാദ്ധ്യതയേറെയുള്ള മണ്ഡലമായ പത്തനംതിട്ടയില്‍ സുരേന്ദ്രനെ നിറുത്താന്‍ ആവശ്യം ഉയരുന്നുണ്ട്.