കോട്ടയം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പെരുന്നയിലെത്തി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരെ കണ്ട് സംസാരിച്ചിട്ടും അകല്‍ച്ചയുടെ മഞ്ഞുരുകിയില്ല.ബി.ജെ.പി നേതാക്കളില്‍ ചിലര്‍ എന്‍.എസ്.എസിനെ നിരന്തരം ആക്ഷേപിക്കുന്നതിലുള്ള കടുത്ത അതൃപ്തി പ്രകടിപ്പിച്ച ജനറല്‍ സെക്രട്ടറി അഖില കേരള നായര്‍ മഹാസമ്മേളനത്തില്‍ പറഞ്ഞ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചു.പാര്‍ട്ടിക്കോ ഏതെങ്കിലും നേതാക്കള്‍ക്കോ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താമെന്ന് ബി.ജെ.പി പ്രസിഡന്റ് അറിയിച്ചിട്ടും ആരോപണങ്ങളില്‍ ഉറച്ചു നില്ക്കുകയാണെന്ന മറുപടിയാണ് സുകുമാരന്‍ നായര്‍ നല്കിയത്.സുകുമാരന്‍നായരെ അനുനയിപ്പിക്കാനും ബന്ധം മെച്ചപ്പെടുത്താനും മന്നം ജയന്തി ദിവസമായ ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു കുമ്മനം രാജശേഖരന്‍ മന്നം സമാധി മണ്ഡപത്തില്‍ വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, രാധാകൃഷ്ണമേനോന്‍, എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പുഷ്പാര്‍ച്ചനയ്ക്ക് എത്തിയത്. അവിടെ ഉണ്ടായിരുന്ന സുകുമാരന്‍നായരുടെ കൈകള്‍ കുമ്മനം ചേര്‍ത്തുപിടിച്ച് സൗഹൃദം പുതുക്കി. സൗഹൃദം പങ്കിട്ട സുകുമാരന്‍ നായര്‍ ബി.ജെ.പിയിലെ ചില നേതാക്കള്‍ എന്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തുന്നതായും അലോസരപ്പെടുത്തുന്നതായും ഇതില്‍ മനം നൊന്താണ് പ്രതികരിച്ചതെന്നും പറഞ്ഞു. അലോസരപ്പെടുത്തുന്ന പ്രതികരണം ആരുടെ ഭാഗത്തു നിന്ന് ഉണ്ടായാലും പരിശോധിക്കുമെന്ന് കുമ്മനവും അറിയിച്ചു. പത്തുമിനിട്ടോളം അവര്‍ നിന്നു സംസാരിച്ചു. പി.പി. മുകുന്ദന്‍ ഇതിനിടയില്‍ മന്നം സമാധി മണ്ഡപത്തിലെത്തിയപ്പോള്‍ സുകുമാരന്‍നായര്‍ അങ്ങോട്ടു തിരിഞ്ഞു.
എന്‍.എസ്.എസിലെ വിമത വിഭാഗത്തോടൊപ്പം ചേര്‍ന്ന് ചില നേതാക്കള്‍ നേതൃത്വത്തെ വിമര്‍ശിക്കുന്നുവെന്നതാണ് പ്രധാന പരാതി. നടന്‍ സുരേഷ് ഗോപി അനുവാദം ചോദിക്കാതെ ബഡ്ജറ്റ് സമ്മേളന ഹാളില്‍ കയറിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ചില ബി.ജെ.പി നേതാക്കള്‍ നേൃതൃത്വത്തെ വിമര്‍ശിച്ചതും അരുവിക്കര ഉപതിരഞ്ഞെടുപ്പിലെയും തദ്ദേശ തിരഞ്ഞെടുപ്പിലെയും നിലപാടുമാണ് അകല്‍ച്ചയ്ക്ക് കാരണമായത്.ബി.ജെ.പിയിലെ ഏതെങ്കിലും നേതാക്കള്‍ എന്‍.എസ്.എസ് വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ പരിശോധിച്ചു എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. സുകുമാരന്‍നായരുമായി ആത്മബന്ധമാണുള്ളത്. സന്ദര്‍ശനം സൗഹാര്‍ദ്ദപരമായിരുന്നു. തെറ്റിദ്ധാരണ മാറ്റാനായെന്നും ‘ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
രാവിലെ പെരുന്നയിലെത്തി പുഷ്പാര്‍ച്ചന നടത്തിയ കുമ്മനം ജയന്തി സമ്മേളനത്തിന് നില്ക്കാതെ തിരുവനന്തപുരത്തിനു മടങ്ങി.കാവിയുമായി എത്തി എന്‍.എസ്.എസിനെ കാവി പുതപ്പിക്കാന്‍ നോക്കേണ്ട എന്നായിരുന്നു സുകുമാരന്‍ നായര്‍ ഇന്നലെ പറഞ്ഞത്. സൗമ്യമായി എന്‍. എസ്. എസിനെ സമീപിച്ചാല്‍ ബി. ജെ. പിക്ക് തന്നെയാണ് നേട്ടം. എന്‍.എസ്.എസിന് രാഷ്ര്‌ടീയമില്ല. ചിലര്‍ രാഷ്ര്‌ടീയമുണ്ടാക്കി അതില്‍ പ്രവര്‍ത്തിക്കുവാന്‍ പറഞ്ഞാല്‍ എന്‍.എസ്.എസ് അത് അംഗീകരിക്കില്ലെന്നും അദേഹം പറഞ്ഞിരുന്നു
എന്‍.എസ്.എസ് നേതൃത്വവുമായി ബന്ധമില്ലാതിരുന്ന സ്ഥിതി മാറ്റി നല്ല ബന്ധത്തിന് തുടക്കമിടാന്‍ കഴിഞ്ഞുവെന്നാണ് മറ്റൊരു ഉന്നത നേതാവ് പ്രതികരിച്ചത്.ബി.ജെ.പിയെ അകറ്റി നിറുത്തുന്ന എന്‍.എസ്.എസ് നിലപാടിനെ സ്വാഗതം ചെയ്യുന്നതായും ഇത് കേരളത്തിന്റെ സമൂഹ മനസാക്ഷി അംഗീകരിച്ചതായും മന്നം ജയന്തി സമ്മേളനത്തില്‍ സംസാരിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു