കുമ്മനം എത്തുന്നത് കേന്ദ്രമന്ത്രിയാകാന്‍!! പ്രചരണം ആര്‍എസ്എസ് ഏറ്റെടുത്തു

ബി.ജെ.പി. അധികാരത്തിലെത്തുകയും തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ വിജയിക്കുകയും ചെയ്താല്‍ കേരളത്തിനൊരു ക്യാബിനറ്റ് മന്ത്രിയെ ലഭിക്കുമെന്നു ബി.ജെ.പിയുടെ വാഗ്ദാനം. ഭരണത്തുടര്‍ച്ചയുണ്ടാവുകയും കുമ്മനം ജയിക്കുകയും ചെയ്താല്‍ കുമ്മനത്തെ കാത്തിരിക്കുന്നത് കേന്ദ്രമന്ത്രിപദമെന്ന പ്രചാരണമാണ് തിരുവനന്തപുരത്ത് ബി.ജെ.പിയുടെ തുറുപ്പുചീട്ട്.

ബിജെപി കേന്ദര നേതൃത്വം മന്ത്രി സ്ഥാനം ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ അക്കൗണ്ട് തുറക്കുന്നതിനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് വന്‍ഉത്തേജനമാണ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് കുമ്മനത്തെ വിജയിപ്പിക്കാനുള്ള ചുമതല ആര്‍.എസ്.എസ് നേരിട്ട് ഏറ്റെടുത്തു. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകമ്മറ്റികളും ആര്‍.എസ്.എസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തിക്കുക.

കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിന് മിസോറം ഗവര്‍ണര്‍പദവി ഒഴിഞ്ഞ കുമ്മനം രാജശേഖരന്‍ ഇന്ന് തലസ്ഥാനത്തെത്തും. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും സ്വീകരിക്കും. തുടര്‍ന്ന് ബൈക്ക് റാലിയോടെ നഗരത്തിലേക്ക് ആനയിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തിയശേഷമാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.

പേട്ട, ജനറല്‍ ആസ്പത്രി, എല്‍.എം.എസ്., പാളയം, സ്റ്റാച്യൂ വഴി പഴവങ്ങാടി ഗണപതികോവിലിനടുത്ത് ബൈക്ക് റാലി സമാപിക്കും. കോവിലില്‍ ദര്‍ശനത്തിനുശേഷം പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തും. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും തുടര്‍ച്ചയായ ആവശ്യം അംഗീകരിച്ചാണ് കുമ്മനത്തെ മടക്കിയയക്കാന്‍ ദേശീയനേതൃത്വം നിര്‍ബന്ധിതരായത്. തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കുക, എന്‍.ഡി.എയുടെ കണ്‍വീനറാക്കുക തുടങ്ങിയവയാണ് ആര്‍.എസ്.എസ്. മുന്നോട്ടുവെച്ച ആവശ്യങ്ങള്‍. രണ്ടിലും തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കുമ്മനം രാജേശഖരന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ നേര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.ക്ക് കേരളത്തില്‍ മികച്ചപ്രകടനം കാഴ്ച വെക്കാന്‍ കഴിയുമെന്നും ബി.ജെ.പിയുടെ വര്‍ധിച്ചുവരുന്ന ജനപിന്തുണ വിജയത്തിന് സഹായിക്കുമെന്നും കുമ്മനം നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അടുത്തഘട്ടത്തില്‍ കേരളത്തില്‍ വീണ്ടുമെത്തുമെന്ന് കുമ്മനത്തെ പ്രധാനമന്ത്രി അറിയിച്ചു.

Top