കൊച്ചി :മെട്രോയില്‍ യാത്ര ചെയ്തതിന്‍റ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉള്ളതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രാജ്യം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ സംസ്ഥാന പ്രസിഡന്റ്, പ്രധാനമന്ത്രിക്കൊപ്പം കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയില്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മെട്രോയില്‍അതിക്രമിച്ച് കയറിയെന്ന ആരോപണം തെറ്റാണ്. പ്രധാനമന്ത്രിയുടെ ഒാഫീസാണ് തന്‍റ പേര് മെട്രോ യാത്രയില്‍ ഉള്‍പ്പെടുത്തിയതെന്നും കുമ്മനം പറഞ്ഞു.
അഭ്യന്തര വകുപ്പിെന്‍റ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ഇക്കാര്യം അറിയാമായിരുന്നു. മുഴുവന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും യാത്രയെ സംബന്ധിച്ച് അറിവുണ്ട്. കേരള പൊലീസാണ് തനിക്ക് സഞ്ചരിക്കാനുള്ള വാഹനം നല്‍കിയത്. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേെട്ടയെന്നും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് താനെന്നും കുമ്മനം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നും കേരള പൊലീസില്‍നിന്നും യാത്രയെക്കുറിച്ച് അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വാഹനത്തിലാണു ഞാന്‍ യാത്ര ചെയ്തത്. പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്യാനുള്ള വാഹനം ഏര്‍പ്പാടാക്കിയതും സര്‍ക്കാരാണ്. പ്രധാനമന്ത്രിയുടെ വാഹനത്തിനു തൊട്ടുപിന്നാലെയുള്ള വാഹനവ്യൂഹത്തില്‍ ഞാനുമുണ്ടായിരുന്നു. ഇതിനൊക്കെ ആരാണു സൗകര്യങ്ങള്‍ ചെയ്തുതന്നത്? ഇതൊന്നും അറിയാതെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വെറുതെ പച്ചക്കള്ളം പറയുകയാണ്. കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങിന്റെ പ്രഭ കെടുത്താന്‍ ചില ഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ കയ്യിലെ കരുവായി കടകംപള്ളി മാറുകയാണ്.സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു നിയന്ത്രണങ്ങളോ സന്നാഹങ്ങളോ ഇല്ലാതിരുന്നു എന്നതിനു തെളിവാണിത്. അങ്ങനെ സംഭവിച്ചെങ്കില്‍ അതിന്റെ ഉത്തരവാദി ആരാണ്. ഞാന്‍ പോയത് വ്യക്തമായി അറിയിപ്പു കിട്ടിയിട്ടാണ്. എന്റെ പേര് അവിടെ ഉള്ളതു കൊണ്ടാണ്. ഇതേക്കുറിച്ച് എനിക്കു കൃത്യമായ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെയാണ് എസ്പിജിയോ കേരള പൊലീസോ ഒന്നും എന്നെ തടയാതിരുന്നത്. എനിക്കാവശ്യമായിട്ടുള്ള എല്ലാ സഹായങ്ങളും അവര്‍ ചെയ്തുതരികയാണു ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കട്ടെ. അദ്ദേഹമാണ് ഇതിന്റെ ഉത്തരവാദി. കേരളത്തില്‍ പ്രധാനമന്ത്രി എത്തുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തോടൊപ്പം ആരൊക്കെ യാത്ര ചെയ്യുന്നു എന്നതിനെപ്പറ്റി മുഖ്യമന്ത്രിക്കു യാതൊന്നും അറിയാന്‍ പാടില്ലെന്നു പറയാന്‍ പറ്റുമോ? പ്രധാനമന്ത്രിയെ സ്വീകരിക്കുമ്പോള്‍ താന്‍ എയ്റോഡോമില്‍ ഉണ്ടായിരുന്നല്ലോ. യാത്രയാക്കുന്ന സന്ദര്‍ഭത്തിലും മുഖ്യമന്ത്രിയോടൊപ്പം ഞാനുണ്ടായിരുന്നു. ഭാരതം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന പ്രസിഡന്റ് പ്രധാനമന്ത്രിയോടൊപ്പം യാത്രചെയ്തതു വലിയ വിവാദമാണോ? അനുവാദമില്ലാതെ പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്യാന്‍ പറ്റുമോ? മുഖ്യമന്ത്രിയോടൊപ്പമല്ലേ താനും യാത്ര ചെയ്തത്. എന്തെങ്കിലും എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കു പറയാമായിരുന്നല്ലോ. ഇതേപ്പറ്റി കടകംപള്ളി സുരേന്ദ്രന്‍ ആദ്യം ചോദിക്കേണ്ടതു മുഖ്യമന്ത്രിയോടാണ്. മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി, വിരല്‍ചൂണ്ടി പറയണം, നിങ്ങളാണു സുരക്ഷാവീഴ്ച വരുത്തിയത്. ഇതു പറയാനുള്ള ആര്‍ജവം കടകംപള്ളി സുരേന്ദ്രനുണ്ടോ?
പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യേണ്ടവരുടെ പട്ടികയില്‍ പേരുള്ളതുകൊണ്ടാണ് യാത്രയില്‍ പങ്കെടുത്തത്. പേര് ഉള്‍പ്പെടുത്തണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. ആരു പറഞ്ഞിട്ടാണു തന്നെ ഉള്‍പ്പെടുത്തിയതെന്നും അറിയില്ല. ഇക്കാര്യം കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമായറിയാം. എന്നിട്ടും എന്തിനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്ന് കുമ്മനം ചോദിച്ചു.മെട്രോ ഉദ്ഘാടനത്തിന്റെ പ്രഭ കെടുത്താന്‍ ചില ഗൂഢശക്തികള്‍ ശ്രമിക്കുന്നുണ്ട്. അവരുടെ കയ്യിലെ കളിപ്പാവയായി മാറരുതെന്ന്, സമൂഹമാധ്യമത്തിലൂടെ യാത്രാവിവാദം ഉയര്‍ത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെ കുമ്മനം ഓര്‍മിപ്പിച്ചു. സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും യാത്രാവിവാദത്തെക്കുറിച്ചു മുഖ്യമന്ത്രി പ്രതികരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാഹനത്തിലാണ് ഞാനും പാലാരിവട്ടം മെട്രോ സ്റ്റേഷനില്‍ എത്തിയത്. നാവിക വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനും, പരിപാടി കഴിഞ്ഞ് യാത്രയാക്കാനും ഞാനുണ്ടായിരുന്നു. ഈ സമയത്ത് കേരള പൊലീസോ, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയോ തന്നെ തടഞ്ഞില്ല. മാത്രമല്ല, എനിക്ക് ആവശ്യമായ സഹായങ്ങളും അവര്‍ ചെയ്തുതന്നു. എന്നിട്ടുപോലും ഇതെല്ലാം വിവാദമാക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും കുമ്മനം ആരോപിച്ചു.കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള മെട്രോ ട്രെയിന്‍ യാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം തുടങ്ങിയവര്‍ക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും യാത്രചെയ്തത് വിവാദമായിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളും പ്രോട്ടോക്കോളും ചൂണ്ടിക്കാട്ടി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ. ശ്രീധരനെപ്പോലും ഒഴിവാക്കാന്‍ നീക്കം നടന്നതിനു പിന്നാലെയാണ്, കൊച്ചി മെട്രോയിലെ പ്രധാനമന്ത്രിയുടെ കന്നിയാത്രയില്‍ കുമ്മനവും സഹയാത്രികനായത്.കുമ്മനത്തിന്റെ യാത്രാക്കാര്യത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്തെത്തുകയും ചെയ്തു. കുമ്മനത്തിന്റെ യാത്രയെ പരിഹസിച്ച് സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ ട്രോളുകളും പ്രചരിച്ചിരുന്നു.
ഫേസ്ബുക്ക്പോസ്റ്റിെൻറ പൂർണ്ണരൂപം
സുരക്ഷാ വീഴ്ച്ച പരിശോധിക്കണം. കൊച്ചി മെട്രോ നാട മുറിക്കൽ ചടങ്ങിലും, ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയിൽ ഇല്ലാത്ത ഒരാൾ കടന്നു കയറുന്നത് അതീവ സുരക്ഷാ വീഴ്ച്ചയാണ്. SPG അത് പരിശോധിക്കേണ്ടതാണ്. സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും, മെട്രോ മാൻ ഇ.ശ്രീധരനെയുമടക്കം വേദിയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ പൂർണമായും ഔദ്യോഗികമായ പരിപാടിയിൽ ഇടിച്ചു കയറാൻ അനുവദിച്ചത്. പ്രതിപക്ഷ നേതാവിനെ പോലും അനുവദിക്കാത്ത യാത്രയിലാണ് ഇതെന്ന് ഓർക്കണം. ഇ.ശ്രീധരൻ, ഗവർണർ, പ്രതിപക്ഷ നേതാവ് എന്നിവർക്ക് സംസാരിക്കാൻ അവസരം നൽകണമെന്ന് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അനുവദിക്കാത്തതും, ഈ കടന്നുകയറലും ചേർത്ത് കാണണം. സ്ഥലം MLA P.T തോമസിനെ ഉൾപ്പെടുത്താനും തയ്യാറായില്ല.
ഔചിത്യമര്യാദ ഇല്ലായ്മ മാത്രമല്ല ഇത്. സുരക്ഷാവീഴ്ച്ചയായി തന്നെ കണക്കാക്കണം. ഇതാദ്യമായല്ല പ്രധാനമന്ത്രി കേരളം സന്ദർശിക്കുന്നത്. അന്നൊന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ഞാൻ പങ്കെടുത്ത മറ്റൊരു വേദിയിലും ഇതേ വ്യക്തി യാതൊരു കാര്യവുമില്ലാതെ ഇരിക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമല്ല ഇവിടെ പറയുന്നത്. ബ്ലൂ ബുക്ക് പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങളും കർശനമായ പ്രോട്ടോക്കോൾ വ്യവസ്ഥകളും പാലിക്കപ്പെടേണ്ടതാണ്. അത് ലംഘിക്കുന്നവർ രാജ്യത്തെ ഭരണ സംവിധാനത്തെയാണ് അപമാനിക്കുന്നത്.