കാസര്‍കോട്: കാസര്‍ഗോഡ്: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രക്ക് കാസര്‍ഗോഡ് ഉപ്പളയില്‍ തുടക്കമായി. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കുമ്മനം രാജശേഖരന് പതാക കൈമാറിയാണ് യാത്രക്ക് തുടക്കമിട്ടത്. ഹൈദരാബാദ് സര്‍വ്വകലാശാല വിദ്യാര്‍ഥിയുടെ ആത്മതഹത്യയുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.വെങ്കയ്യ നായിഡു വിമോചനയാത്ര ഉദ്ഘാടനം ചെയ്യുമെന്ന് ഡി.ഐ.എച്ച് ന്യുസ് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.തുടര്‍ന്ന് നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ മോദി രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് രാജ്യത്തെ പിന്നോട്ട് നയിക്കാന്‍ ശ്രമിക്കുകയാണെന്ന് വെങ്കയ്യ തുറന്നടിച്ചു.
രാജ്യത്തിന്റെ വളര്‍ച്ചയെ പിന്നോട്ട് നയിക്കുകയാണ് കോണ്‍ഗ്രസ്. യുപിഎ സര്‍ക്കാര്‍ ഇടത് പക്ഷത്തിന്റെ പിന്തുണയോടെ ഒരടി മുന്നോട്ടും ഒരടി പിന്നോട്ടു എന്ന അവസ്ഥയിലായിരുന്നു. നാടിന്റെ തകര്‍ച്ചയ്ക്ക് കാരണം ഇരട്ടകളായ കോണ്‍ഗ്രസും ഇടതുമാണ്. ജനങ്ങളുടെ മുമ്പില്‍ തമ്മിടിക്കുന്നതായി നടിക്കുന്ന ഇടത് പക്ഷവും കോണ്‍ഗ്രസും ഒരേ തൂവല്‍ പക്ഷികളാണെന്നും വെങ്കയ്യ പറഞ്ഞു.
ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അകാശവും പാതാളവും ഭൂമിയും അവര്‍ കൊള്ളയടിച്ചു. എന്നാല്‍ മോദി സര്‍ക്കാരിന്റെ ലക്ഷ്യം വികസനം മാത്രമാണ്. കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ദുരിതം നല്‍കുകയാണ് കോണ്‍ഗ്രസ്-ഇടത് സഖ്യങ്ങളെന്ന് വെങ്കയ്യ കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഗോപി, ഒ രാജഗോപാല്‍, വി മുരളീധരന്‍, പികെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍, എംടി രമേശ്, അഡ്വ ശ്രീധരന്‍ പിള്ള, നളീന്‍ കുമാര്‍ കട്ടീല്‍ എം.പി, റിച്ചാര്‍ഡ് ഹെ എംപി, പിസി തോമസ്, അരിപ്പ ഭൂസമര നേതാവ് ശ്രീരാമന്‍ കൊയ്യോണ്‍, എന്‍ഡോസള്‍ഫാന്‍ സമര നേതാവ് ലീലാ കുമാരി അമ്മ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന വന്‍ ജനാവലി തന്നെ ഉപ്പളയിലെ ചടങ്ങുകള്‍ വീക്ഷിക്കുവാന്‍ എത്തിയിരുന്നു. നേരത്തെ വിമോചനയാത്രയ്ക്ക് മുന്നോടിയായി മധൂര്‍ ശ്രീ മദനന്തേശ്വരസിദ്ധിവിനായക ക്ഷേത്രത്തില്‍ കുമ്മനം ദര്‍ശനം നടത്തിയിരുന്നു.
മഞ്ചേശ്വരം (ഉപ്പള), കാസര്‍കോട് (ടൗണ്‍), ഉദുമ (പൊയ്‌നാച്ചി), കാഞ്ഞങ്ങാട് (ടൗണ്‍), തൃക്കരിപ്പൂര്‍ (ടൗണ്‍) എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങുന്ന യാത്ര ഇന്ന് വൈകിട്ട് ഏഴ് മണിയോടു കൂടി പയ്യന്നൂരില്‍ എത്തിചേരുന്നതോടെ പര്യാടനത്തിന്റെ ആദ്യ ദിനം അവസാനിക്കും. നാളെ കണ്ണൂരില്‍ പര്യാടനം നടക്കും.
21 ദിവസം കൊണ്ട് 140 നിയോജകമണ്ഡലങ്ങളും പിന്നിടുന്ന വിമോചന യാത്ര ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് സമാപിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക.