ജനമനസുകള്‍ കീഴടക്കി എന്റെ കേരളം

തിരുവനന്തപുരം: ജനകീയ പ്രശ്‌നങ്ങള്‍ക്ക് ജനകീയ ഇടപെടലുകള്‍ തേടുന്ന ബിജെപിയുടെ എന്റെ കേരളം പരിപാടി ജനഹൃദയങ്ങള്‍ കീഴടക്കി നാലാം ദിനം കടന്നു. ക്രിയാത്മക നിര്‍ദ്ദേശങ്ങളുമായി മുതിര്‍ന്നവരും ചെറുപ്പക്കാരും സ്ത്രീകളും ബിജെപിയുടെ എന്റെ കേരളം പരിപാടി വന്‍ വിജയമാക്കിയിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും വന്‍ ജനപിന്തുണയാണ് എന്റെ കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ലക്ഷക്കണക്കിന് പ്രതികരണങ്ങളാണ് നവസാമൂഹ്യമാധ്യമങ്ങളിലുടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

പരിപാടിയില്‍ പങ്കെടുക്കുന്നവരാകട്ടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുക മാത്രമല്ല ഇന്നയിന്ന നടപടികളിലൂടെ ഇത് പരിഹരിക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.60 വര്‍ഷം കേരളം മാറിമാറി ഭരിച്ചവരുടെ മുന്നില്‍ ആവര്‍ത്തിച്ച പരിഹാരനിര്‍ദ്ദേശങ്ങള്‍ ബധിരകര്‍ണങ്ങളിലാണ് പതിച്ചതെന്ന കുറ്റപ്പെടുത്തലും ജനം പങ്കുവയ്ക്കുന്നുണ്ട്. ബിജെപിയിലാണ് അവസാനപ്രതീക്ഷയെന്നും ഭരണം ലഭിച്ചാല്‍ പ്രകൃതിക്കും ആവാസവ്യവസ്ഥയ്ക്കും സമൂഹത്തിനും ഹാനിയുണ്ടാക്കാതെ പരിഹാരം നിര്‍വഹിക്കപ്പെടണമെന്നുമാണ് ജനാഭിലാഷം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരിപാടിയില്‍ പങ്കെടുക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാകട്ടെ നൂറു ശതമാനം അനുകൂലമായാണ് ജനാഭിപ്രായങ്ങളോട് പ്രതികരിക്കുന്നത്. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നൂറുശതമാനം പാലിക്കപ്പെടുമെന്ന ഉറപ്പാണ് അദ്ദേഹം നല്‍കുന്നത്. ജനങ്ങളുന്നയിക്കുന്ന പ്രശ്‌നങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് പ്രകടനപത്രികയില്‍ പ്രതിപാദിക്കുമെന്നും ഭരണത്തിലെത്തിയാല്‍ അടിയന്തര പ്രധാന്യത്തോടെ അവ പരിഹരിക്കുമെന്നും അദ്ദേഹം വാക്കു നല്‍കുന്നു.

ഇന്നലെ നടന്ന എന്റെ കേരളത്തില്‍ പ്രധാനമായും ഉയര്‍ന്നു വന്നത് പൊതുശ്മശാനം, ആദിവാസിക്ഷേമം, കുടിവെള്ളം എന്നീ ആവശ്യങ്ങളായിരുന്നു. മൂന്നൂറ് പഞ്ചായത്തുകളില്‍ പൊതുശ്മശാനമില്ലാത്തതു മൂലം ഭൂരഹിതര്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കഴിയാതെ വന്നിരിക്കുകയാണെന്ന് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ ചിറക്കടവ് പഞ്ചായത്തില്‍ നിന്നുള്ള ഉഷ കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി. ഇതിന് അടിയന്തരവും ശാശ്വതവുമായ പരിഹാരമുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ബിജെപി അധികാരത്തിലെത്തിയാല്‍ അടിയന്തരമായി പരിഹരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മറുപടി നല്‍കി. പ്രത്യേകിച്ചും ഭൂരഹിതരായ ദളിതര്‍ക്ക് മൃതദേഹം സംസ്‌കരിക്കാനായി അന്യജില്ലകളെ തേടിപ്പോകേണ്ട അവസ്ഥയാണ്.

ഭൂരഹിതര്‍ക്ക് നാമമാത്രമായി ഭൂമി അനുവദിച്ചതുകൊണ്ടു മാത്രം കാര്യമില്ല. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ഭൂമി കണ്ടെത്തി ഓരോ പഞ്ചായത്തിലും പൊതുശ്മശാനം നിര്‍മിക്കും. ഇക്കാര്യം പ്രകടനപത്രികയില്‍ ഏറെ പ്രാധാന്യത്തോടെ നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
തുടര്‍ന്ന് ആദിവാസി ക്ഷേമം, കുടിവെള്ളക്ഷാമം, മലയോര മേഖലയുടെ വികസനം എന്നീ വിഷയങ്ങള്‍ മണ്ണാര്‍ക്കാട്, വാമനപുരം എന്നീ മണ്ഡലങ്ങളില്‍ നിന്ന് ഉന്നയിക്കപ്പെട്ടു. ആദിവാസിക്ഷേമത്തിനുള്ള കേന്ദ്ര ഫണ്ട് ഇടനിലക്കാര്‍ മുഖേന കേരളം മാറിമാറി ഭരിച്ചവര്‍ തട്ടിയെടുത്തതായി കുമ്മനം ആരോപിച്ചു. വനാവകാശ നിയമം നടപ്പാക്കാത്ത ഏക സംസ്ഥാനവും കേരളമാണ്.

ആദിവാസിക്ഷേമത്തെ കുറിച്ച് വീണ്‍വാക്ക് പറയുന്ന ഇടതുവലതു മുന്നണികള്‍ മധ്യവര്‍ത്തികള്‍ തട്ടിക്കൊണ്ടു പോയ കേന്ദ്രഫണ്ടിനെ സംബന്ധിച്ച് ഒന്നും പറയുന്നില്ല. അതുപോലെ പ്രധാനപ്പെട്ടതാണ് കുടിവെള്ളം. മലയോര മേഖലയിലെ വനനശീകരണം കുടിവെള്ള ക്ഷാമം രൂക്ഷമാക്കി. കുന്നുകള്‍ ഇടിച്ചു നിരത്തിയും കാവും കാടും നശിപ്പിച്ചും പ്രകൃതിയുടെ താളം തെറ്റിക്കാന്‍ സംസ്ഥാനം ഭരിച്ചവര്‍ കൂട്ടുനിന്നു.

ബിജെപി അധികാരത്തിലെത്തിയാല്‍ വനസംരക്ഷണത്തിനും ജലസ്രോതസ്സുകള്‍ നിലനിര്‍ത്താനും ശാസ്ത്രീയ പദ്ധതികള്‍ ആവിഷ്‌കരിക്കും. അന്നം, വെള്ളം, മണ്ണ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും എന്‍ഡിഎയുടെ പ്രകടനപത്രിക. അതത് സ്ഥലത്തെ സ്വഭാവത്തിനനുസരിച്ച് പഠനം നടത്തി പ്രത്യേകം പ്രത്യേകം പദ്ധതികളായിരിക്കും ഇതിനായി ആവിഷ്‌കരിച്ച് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഇത് കൂടാതെ കാഞ്ഞങ്ങാട്, കൂത്തുപറമ്പ്, മുക്കം, താമരശ്ശേരി, താനൂര്‍, കുന്നംകുളം, കളമശ്ശേരി, ഉടുമ്പന്‍ചോല, കോഴഞ്ചേരി, കൊല്ലം, വെഞ്ഞാറമൂട് എന്നിവടങ്ങളില്‍ നിന്നും ജനങ്ങള്‍ എന്റെ കേരളത്തില്‍ പങ്കെടുത്ത് ചോദ്യങ്ങള്‍ ചോദിച്ചു. ഇവയ്‌ക്കെല്ലാം യുക്തിയുക്തം മറുപടി നല്‍കിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജനങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എന്‍ഡിഎയുടെ പ്രകടനപത്രികയില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പും നല്‍കി.

Top