കൊച്ചി:ജോസ് കെ മാണി വിഭാഗത്തെ കൈവിട്ട് യുഡിഎഫ് നേതൃത്വം. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകാൻ ഇന്ന് ചേർന്ന യുഡിഎഫ് ഉന്നതാധികാര യോഗത്തിൽ തീരുമാനമായി. ജോസ് കെ.മാണിയുടെ കാര്യത്തില്‍ പുനഃപരിശോധനയില്ലെന്നും യുഡിഎഫ് യോഗത്തിന് ശേഷം ജോസഫ് പറഞ്ഞു.കേരള കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ കുട്ടനാട്ടിലെ വിജയത്തിന് തടസമാകില്ലെന്ന് അഡ്വ. ജേക്കബ് എബ്രഹാം പറഞ്ഞു. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കും. കുട്ടനാട്ടിൽ ജയം ഉറപ്പാണെന്നും ജേക്കബ് എബ്രഹാം പറഞ്ഞു.
ജോസ് വിഭാഗത്തെ പുറത്താക്കിയതായി യുഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പൂർണമായും കൈയൊഴിഞ്ഞ നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇതിന്റെ ഭാഗമായാണ് കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകിയത്. കുട്ടനാട്ടിൽ ജോസഫ് ഗ്രൂപ്പിലെ ജേക്കബ് എബ്രഹാം സ്ഥാനാർത്ഥിയാകും. പി ജെ ജോസഫ് ഇക്കാര്യം വ്യക്തമാക്കി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
ജോസ് കെ മാണി എൽഡിഎഫിലേക്കെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് എൽഡിഎഫ് മുന്നണിയിൽ ചർച്ചകളും നടന്നു. ജോസ് കെ മാണിയെ തള്ളാതെയുള്ള നിലപാടുകളാണ് സിപിഐഎമ്മും സിപിഐയും കൈക്കൊണ്ടത്. വിശദമായ ചർച്ചകൾക്ക് ശേഷം ഇക്കാര്യത്തിൽ നടപടിയുണ്ടാകും.
അതേസമയം ഇടതു മുന്നണിയിലേക്ക് പോകാൻ ഒരുങ്ങുന്ന കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ എല്‍.ഡി.എഫുമായി പ്രാഥമിക ധാരണയിലേക്ക് എത്തിയതായി സൂചന . കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലകളിലെ സീറ്റുകളിൽ ധാരണയിലേക്ക് എത്തിയതായാണ് ജോസ് വിഭാഗം നൽകുന്ന സൂചന. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ സീറ്റുകൾ സംബന്ധിച്ച് അന്തിമ ധാരണ ഉടൻ ഉണ്ടാകും എന്നും മാണി വിഭാഗം പറയുന്നു.