തിരുവന്തപുരം: കുട്ടനാട് സിറ്റിന്റെ കാര്യത്തിൽ മുന്നണിയെ ദുർബലപ്പെടുത്തുന്ന നീക്കം ഉണ്ടാവില്ലെന്ന് ജോസ് കെ മാണി. കുട്ടനാട് വിട്ടുകൊടുക്കാൻ ജോസ് കെ.മാണിയുടെ നീക്കം .മുന്നണിക്ക് പരിക്ക് പറ്റുന്ന ഒന്നും ചെയ്യില്ലാന്ന് ജോസ് കെ. മാണി നേതാക്കൾക്ക് ഉറപ്പുനൽകിയെന്നാണ് സൂചന. ജോസ് കെ. മാണിയുടെ ലക്ഷ്യം അടുത്ത വർഷം നടക്കുന്ന തിരഞ്ഞടുപ്പിൽ പാലായിൽ നിന്ന് വിജയിക്കുകയോ അല്ലെങ്കിൽ നിഷ ജോസിനെ നിർത്തി വിജയിപ്പിക്കുകയോ ആണ് .
കുട്ടനാട്ടിൽ ജയസാധ്യതയുള്ള സ്ഥാനാർഥിയെ കണ്ടെത്തുകയാണ് യുഡിഎഫിന് മുന്നിലെ വെല്ലുവിളി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പിജെ ജോസഫുമായി തിരുവനന്തപുരത്തും പി കെ കുഞ്ഞാലിക്കുട്ടി, ബെന്നി ബഹനാൻ എന്നിവർ ജോസ് കെ മാണിയുമായി ഡൽഹിയിലും ചർച്ച നടത്തും.കുട്ടനാട് സീറ്റ് ഏറ്റെടുക്കുമെന്ന് കോൺഗ്രസ്സ് ഇതുവരെ പരസ്യമാക്കിയിട്ടില്ല. പി ജെ ജോസഫും ജോസ് കെ മാണിയും അനുനയത്തിന് തയ്യാറായി ഐകകണ്ഠേന സ്ഥാനാർഥിയെ തീരുമാനിച്ചാൽ സീറ്റ് കേരള കോൺഗ്രസിന് തന്നെ. സമവായ സാധ്യതകളാണ് ആദ്യഘട്ടത്തിലെ ചർച്ച. പക്ഷേ അനുനയ സാധ്യത വിദൂരം.
പി കെ കുഞ്ഞാലിക്കുട്ടി ഇരുനേതാക്കളുമായി സംസാരിച്ചു. മുന്നണിയെ ദുർബലപ്പെടുത്തുന്ന നീക്കങ്ങൾ തൻറെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് ജോസ് കെ മാണി ഉറപ്പ് നൽകിയെന്നാണ് സൂചന . കുട്ടനാട് സീറ്റ് പി ജെ ജോസഫ് വിഭാഗത്തിന് ലഭിച്ചാൽ ജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്തുക വെല്ലുവിളിയാണ്. കേരള കോൺഗ്രസിനും കോൺഗ്രസിനും സ്വീകാര്യനായ ജയസാധ്യതയുള്ള മറ്റൊരാളെ നിർത്തണമെന്ന അഭിപ്രായവും പരിഗണനയിലുണ്ട്.
കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ തന്നെയാണ് പി ജെ ജോസഫ്. സീറ്റ് ഏറ്റെടുക്കുന്ന കാര്യം ആരും ചർച്ച ചെയ്തിട്ടില്ലെന്നാണ് ജോസ് കെ. മാണിയുടെ പ്രതികരണം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കുട്ടനാട്ടിൽ കോൺഗ്രസ് തന്നെ മത്സരിക്കാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.