തിരുവനന്തപുരം: കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ കത്തോലിക്കാ സഭയുടെ പിന്തുണയോടെ ജോണി നെല്ലൂരിനെ നിർത്താൻ കോൺഗ്രസ് നീക്കം .കേരളം കോൺഗ്രസുകാർ തമ്മിൽ തല്ലുമ്പോൾ പൊതുസ്വീകാര്യതയുള്ള സ്ഥാനാർത്ഥിക്കായി കോൺഗ്രസ് നീക്കങ്ങളാരംഭിച്ചു.കേരള കോൺഗ്രസ്-ജേക്കബ് ഗ്രൂപ്പ് ചെയർമാനും യു.ഡി.എഫ് ഏകോപനസമിതി സെക്രട്ടറിയുമായ ജോണി നെല്ലൂരിന്റെ പേര് പ്രാദേശികതലത്തിൽ സജീവ ചർച്ചയായിട്ടുണ്ട്. ചങ്ങനാശ്ശേരി രൂപതയുടെ ആശീർവാദത്തോടെ ചില പ്രാദേശിക കോൺഗ്രസ് നേതാക്കൾ ജോണി നെല്ലൂരുമായി ചർച്ച നടത്തിയതായാണ് വിവരം. ജാതി നോക്കി വട്ടിയൂർ കാവിൽ സ്ഥാനാർത്ഥിയെ നിർത്തി അമ്പേ പരാജയം നേരിട്ട കോൺഗ്രസ് വീണ്ടും അതെ പാതയിലാണ് .
തോമസ് ചാണ്ടിയുടെ അസാന്നിദ്ധ്യത്തിൽ, ആഞ്ഞുപിടിച്ചാൽ മുമ്പ് കൈവിട്ടുപോയ സീറ്റ് തിരിച്ചെത്തിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് നേതൃത്വം.,കേരള കോൺഗ്രസ്-എമ്മിലെ തർക്കം അതിന് കരിനിഴൽ വീഴ്ത്തുന്നു. പാലാ മോഡൽ ആവർത്തിക്കാതിരിക്കാനുള്ള കരുതലിലാണ് കോൺഗ്രസ് നേതൃത്വം.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
കേരള കോൺഗ്രസ്-എമ്മിലെ തർക്കം കണക്കിലെടുത്ത് കോൺഗ്രസ് കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യമുയർന്നെങ്കിലും ഘടകകക്ഷികളുടെ സീറ്റ് കവരുന്നത് മുന്നണിയിൽ തർക്കത്തിനിടയാക്കുമെന്ന ആശങ്കയുയർന്നു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലുൾപ്പെടെ ഇത് ബാധിക്കുമെന്നതും കണക്കിലെടുത്താണ് എല്ലാവർക്കും സ്വീകാര്യമായ മുഖമെന്ന നിലയിൽ ജോണിനെല്ലൂരിന്റെ പേരുയർന്നത്. പ്രാദേശികതലത്തിൽ ചില തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ്- കേരള കോൺഗ്രസ് തർക്കമുള്ളതും പ്രശ്നമാണ് ജോണി വന്നാൽ കേരള കോൺഗ്രസിലെ പരസ്പരം പോരടിക്കുന്ന വിഭാഗങ്ങളിൽ നിന്ന് എതിർപ്പ് കുറയുമെന്ന വിലയിരുത്തലുമുണ്ട്.
നേരത്തേ ജേക്കബ് ഗ്രൂപ്പ് മത്സരിച്ചിരുന്ന സീറ്റാണ് കുട്ടനാട്. ജേക്കബ് ഗ്രൂപ്പ് ഡി.ഐ.സിയിൽ ലയിച്ചപ്പോഴാണ് സീറ്റ് 2006ൽ ഡി.ഐ.സിക്ക് കൈമാറിയത്. തോമസ് ചാണ്ടി ആദ്യമായി കുട്ടനാട്ടിൽ മത്സരിച്ച് വിജയിച്ചത് ആ തിരഞ്ഞെടുപ്പിലാണ് . അന്ന് ഇടതുമുന്നണിയിലായിരുന്ന ജോസഫ് വിഭാഗത്തിലെ ഡോ.കെ.സി. ജോസഫായിരുന്നു എതിരാളി. പിന്നീട് ഡി.ഐ.സി എൻ.സി.പിയിൽ ലയിച്ചപ്പോൾ 2011ലെ തിരഞ്ഞെടുപ്പിൽ ആ സീറ്റ് ഇടതുമുന്നണിയിൽ എൻ.സി.പിക്ക് കിട്ടി. അപ്പോഴേക്കും ജോസഫ് ഗ്രൂപ്പ് മാണിഗ്രൂപ്പിൽ ലയിച്ച് യു.ഡി.എഫിന്റെ ഭാഗമായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പിൽ ജോസഫ് പക്ഷത്തെ ജേക്കബ് എബ്രഹാമാണ് മത്സരിച്ചത്. അതിനാലാണ് ജോസഫ് സീറ്റിനായി അവകാശവാദമുന്നയിക്കുന്നത്.
എന്നാൽ പാർട്ടിയുടെ സീറ്റ് വിട്ടുനൽകാനാവില്ലെന്ന് പറഞ്ഞാണ് ജോസ് വിഭാഗം നിലപാട് കടുപ്പിക്കുന്നത്.പഴയ ജോസഫ് വിഭാഗത്തിലെ ഡോ.കെ.സി. ജോസഫ് ഇപ്പോൾ ജനാധിപത്യകേരള കോൺഗ്രസിന്റെ ഭാഗമായി ഇടതുമുന്നണിയിലാണ്. അദ്ദേഹത്തെ തിരിച്ചെത്തിക്കാൻ ഇടയ്ക്ക് ജോസഫ് വിഭാഗം ശ്രമിച്ചെങ്കിലും കോൺഗ്രസിന് അതിനോടത്ര താല്പര്യമുണ്ടായില്ല. ഇന്നത്തെ സാഹചര്യത്തിൽ ജോസ് പക്ഷത്തിനോ, ജോസഫ് പക്ഷത്തിനോ സീറ്റ് കൊടുത്താൽ ഇരുകൂട്ടരും പരസ്പരം കാലുവാരി പാലാ ദുരന്തം ആവർത്തിക്കുമെന്നുറപ്പാണ്. ഈ സാഹചര്യത്തിലാണ് പൊതു സ്ഥാനാർത്ഥിയെ തേടുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നത് വരെ ഇക്കാര്യത്തിൽ മൗനം തുടരാനാണ് കോൺഗ്രസ് തീരുമാനം.