കൊച്ചി: സിറോ മലബാര്‍ സഭയിലെ ഭൂമി വിവാദത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. സഭയിലെ വിവാദം കയ്യേറ്റത്തലേയ്ക്ക് എത്തുന്ന സാഹചര്യത്തിലാണ് ഇടപെടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. ക്രൈസ്തവസഭകളുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത ഉറപ്പാക്കുന്ന ‘ദ കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ട്രസ്റ്റ് ആക്ട് ബില്‍’ നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
അവകാശത്തര്‍ക്കം മൂലം തുറക്കാതെ നാശോന്മുഖമായ, പുരാവസ്തുപ്രാധാന്യമുള്ള പള്ളികള്‍ ഈ ബോര്‍ഡിനു കീഴില്‍ കൊണ്ടുവരാന്‍ കഴിയും. ആക്ടോ ബോര്‍ഡോ നടപ്പാക്കാന്‍ ഏറ്റവും അനുകൂല സാഹചര്യമാണുള്ളതെന്നാണു സര്‍ക്കാര്‍ കരുതുന്നത്. 2009 ല്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മിഷന്‍ തയാറാക്കിയ ബില്‍ നിയമസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിച്ചിരുന്നു. മാറിമാറിവന്ന സര്‍ക്കാരുകള്‍ ബില്‍ നിയമമാക്കാന്‍ ശ്രമിച്ചിട്ടില്ല. ഇതേക്കുറിച്ചു പഠിക്കാന്‍ മന്ത്രിസഭ പദ്ധതിയിട്ടപ്പോള്‍ ക്രൈസ്തവ സഭാ നേൃത്വം എതിര്‍പ്പുമായെത്തി. തൃശൂര്‍, ഇരിങ്ങാലക്കുട ബിഷപ്പുമാര്‍ ഇടയലേഖനങ്ങളുമിറക്കി. ഇതോടെ, സര്‍ക്കാര്‍ പിന്മാറി. എന്നാല്‍ സീറോ മലബാര്‍ സഭയിലെ പ്രശ്നം വിശ്വാസികള്‍ ഏറ്റെടുത്തു. വൈദികര്‍ക്കെതിരെ കടുത്ത പ്രതിഷേധവും ഉണ്ട്. അതുകൊണ്ട് തന്നെ ജസ്റ്റീസ് കൃഷ്ണ്ണയ്യരുടെ നിര്‍ദ്ദേശം നടപ്പാക്കാനാണ് ശ്രമം.
സഭാ പഠനങ്ങളെയോ ദെവശാസ്ത്രത്തെയോ ചര്‍ച്ച് ആക്ട് ബാധിക്കില്ല. ഇവയില്‍ സര്‍ക്കാര്‍ ഇടപെടില്ല. നിയമങ്ങളുടെ അധികാരപരിധി കേരളമായിരിക്കും. ബില്‍ നിയമസഭ പാസാക്കിയാല്‍ ആറുമാസത്തിനകം നടപ്പാകും. ഇടവക മുതല്‍ പള്ളി സ്വത്തുക്കളും വരുമാനങ്ങളും സര്‍ക്കാരിനെ ബോധ്യപ്പെടുത്തണമെന്നതാണു പ്രധാന വ്യവസ്ഥ. ഭരണസമിതി തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യപരമായി ഇതോടെ നടക്കും. ഇടവകകളിലും രൂപതകളിലും സംസ്ഥാനതലത്തില്‍ ഏകീകൃത നിയമം വരും. സ്വത്തുക്കളുടെ നിയന്ത്രണം വിശ്വാസികളിലേക്ക് വരികയും ചെയ്യുമെന്നായിരുന്നു ജസ്റ്റീസ് കൃഷ്ണയ്യര്‍ വിഭാവനം ചെയ്തത്.
നിയമം നടപ്പാക്കുന്നതിനു കാനോന്‍, സാമൂഹിക സഭാനിയമങ്ങള്‍ ബാധകമല്ല. ക്രിസ്ത്യന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ ഓരോ പള്ളിയും രജിസ്റ്റര്‍ ചെയ്തിരിക്കണം. നിയമം പ്രാബല്യത്തിലായി ആറുമാസത്തിനകം പ്രത്യേകമായ നിയമങ്ങള്‍ ഓരോ ഇടവകയ്ക്കും രൂപതയ്ക്കും എഴുതിയുണ്ടാക്കണം. ജനകീയ സമിതിയായിരിക്കണം നിയമങ്ങള്‍ തയാറാക്കേണ്ടത്. ഓരോ ദിവസത്തെയും ഭരണകാര്യങ്ങള്‍ നിര്‍വഹിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റ് കമ്മിറ്റിയാകണം. അക്രൈസ്തവര്‍, നിരീശ്വരവാദികള്‍, കുറ്റവാളികള്‍, മാനസിക രോഗികള്‍, മദ്യം-മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍, അസന്മാര്‍ഗികള്‍ എന്നിവര്‍ക്കു പള്ളി കമ്മിറ്റിയില്‍ മല്‍സരിക്കാന്‍ കഴിയില്ല. ചാരിറ്റബിള്‍ ട്രസ്റ്റിലും മറ്റും പ്രവര്‍ത്തിക്കാനോ സ്ഥാനമാനങ്ങള്‍ വഹിക്കാനോ കഴിയില്ല.
18 വയസുകഴിഞ്ഞ സ്ത്രീ പുരുഷന്മാര്‍ക്ക് ട്രസ്റ്റി അസംബ്ലിയില്‍ വോട്ടവകാശമുണ്ട്. ഇടവക പൊതുയോഗം മാനേജിങ് കമ്മിറ്റിയെയും ട്രസ്റ്റിയെയും മൂന്ന് ഓഡിറ്റര്‍മാരെയും തെരഞ്ഞെടുക്കണം. ഇടവകയിലെയും രൂപതയിലെയും അംഗസംഖ്യ അനുസരിച്ച് ഓരോ 300 അംഗങ്ങള്‍ക്കും ഒരംഗത്തെ വീതം സ്റ്റേറ്റ് എക്‌സിക്യുട്ടീവിലേക്കു തെരഞ്ഞെടുക്കാം. സഭാസ്വത്ത് ഭരിക്കാനും നിയന്ത്രിക്കാനുമുള്ള അധികാരം ട്രസ്റ്റിനായിരിക്കും. ട്രസ്റ്റ് കമ്മിറ്റിയുടെ ഉത്തരവാദിത്വവും മറ്റും ആക്ടില്‍ പറഞ്ഞിട്ടുണ്ട്. ട്രസ്റ്റിനെ രൂപത, റവന്യൂ ഡിസ്ട്രിക്റ്റ്, സെന്‍ട്രല്‍ എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.
ഇവയ്ക്ക് 25 അംഗ കമ്മിറ്റി വീതം ഉണ്ടാകണം. ഈ കമ്മിറ്റിയാവും രൂപതാ സ്വത്ത് െകെകാര്യം ചെയ്യുക. ഇന്റേണല്‍ ഓഡിറ്റ് കൂടാതെ സര്‍ക്കാര്‍ അംഗീകാരമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുകളും കണക്ക് ഓഡിറ്റ് ചെയ്യണം. സംസ്ഥാനതല ക്രിസ്ത്യന്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ മേജര്‍ ആര്‍ച്ച് ബിഷപ്, ആര്‍ച്ച് ബിഷപ്, ബിഷപ് എന്നിവര്‍ക്കു പുറമെ, ഓരോ രൂപതയില്‍നിന്നു പത്തുപേര്‍ വീതവുമുണ്ടാകണം.
ആക്ട് പ്രാബല്യത്തിലായാല്‍ നിലവില്‍ സഭകളും പള്ളികളും നടപ്പാക്കുന്ന സഭാനിയമങ്ങള്‍ അസാധുവാകും. ചില സഭകള്‍ എതിര്‍ക്കുമ്പോഴും യാക്കോബായ, ലത്തീന്‍ സഭകളിള്‍നിന്നു ബില്ലിന് അനുകൂലമായ നിലപാടുണ്ട്. മതസ്ഥാപനങ്ങള്‍ക്കു സ്വത്ത് ഭരിക്കാന്‍ അവകാശമുണ്ടെന്ന് ഭരണഘടനയുടെ 29-ാം വകുപ്പ് അനുശാസിക്കുന്നു. എന്നാല്‍, ഈ നിയമം സ്വന്തം ഇഷ്ടപ്രകാരമാണു സഭകള്‍ പാലിക്കുന്നത്. ആക്ട് പ്രകാരം സഭാസ്വത്തില്‍ ഓരോ അല്‍മായനും തുല്യാവകാശിയാണ്. പക്ഷേ കേരളത്തില്‍ വൈദികര്‍ മാത്രമാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പള്ളി സ്വത്തുക്കള്‍ വിശ്വാസികള്‍ക്ക് എന്ന തലത്തിലേക്ക് മാറ്റാനാണ് പിണറായിയുടെ ശ്രമം.
ഈ സ്വത്തെല്ലാം പൊതുജനം തലമുറകളായി സമാഹരിച്ചതാണ്. പൊതുജനത്തിന്റെ സ്വത്താകുമ്പോള്‍ സ്വാഭാവികമായും സര്‍ക്കാരിന് നിയന്ത്രണമുണ്ടാകണം. സ്വത്തുക്കള്‍ അത് നല്‍കിയവര്‍ക്കും അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതാണ് ചര്‍ച്ച് ആക്ട്.ആക്ട്. പള്ളിക്കെട്ടിടങ്ങള്‍, ചാപ്പലുകള്‍, ശവക്കോട്ട, മറ്റ് സ്വത്തുക്കളെല്ലാം പള്ളി സ്വത്തുക്കളായി കണക്കാക്കണം. ഇവ വാങ്ങുന്നതും വില്‍ക്കുന്നതും ദാനമായി സ്വീകരിക്കുന്നതുമെല്ലാം നിയമപ്രകാരമാകണം.
സെമിനാരി, ആശുപത്രി, സ്‌കൂള്‍, കോളജ്, അനാഥാലയം, പുരോഹിതഭവനം, ധ്യാനകേന്ദ്രം, വ്യവസായ കെട്ടിടങ്ങള്‍, കൃഷിസ്ഥലങ്ങള്‍, എസ്റ്റേറ്റുകള്‍, ട്രെയിനിങ് കേന്ദ്രങ്ങള്‍, മാധ്യമ-പ്രസിദ്ധീകരണ ശാലകള്‍, പുനരധിവാസ സ്ഥലങ്ങള്‍ ഇവയെ പുരോഹിത മേല്‍ക്കോയ്മയില്‍നിന്ന് ഒഴിവാക്കും. അവയുടെ ഭരണം ജനാധിപത്യരീതിയില്‍ അല്‍മായ നേതൃത്വത്തിലായിരിക്കണം.