തിരുവനന്തപുരം:ഒരു നാട് കാത്ത് നില്‍ക്കുകയാണ് തങ്ങളൂടെ പ്രിയ പുത്രന് യാത്രാമൊഴിയേകാന്‍.പലരുടേയും കണ്ണില്‍ കണ്ണീരല്ല,നാടിന് വേണ്ടി ജീവന്‍ കൊടുത്ത ആ ധീരജവാനെ ഓര്‍ത്തുള്ള അഭിമാനം.അതേ മണ്‍ട്രോ തുരുത്തെന്ന ഗ്രാമത്തെ രാജ്യത്തിനാകെ അഭിമാനമായി ഉയര്‍ത്തിയിരിക്കുകയാണ് സുധീഷ്.
സിയാചിനിലെ ഹിമപാതത്തില്‍ പെട്ട് വീരമൃത്യു വരിച്ച കൊല്ലം മണ്‍ട്രോ തുരുത്ത് സ്വദേശി ലാന്‍സ് നായിക് ബി. സുധീഷിന്റെ (31) മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാത്രി 12 മണിയോടെ എത്തിച്ച മൃതദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. മണ്‍ട്രോ തുരുത്ത് വില്ലിമംഗലം വെസ്റ്റ് കൊച്ചുമുളച്ചന്തറയില്‍ ബ്രഹ്പുത്രന്റെയും പുഷ്പവല്ലിയുടെയും മകനാണ് സുധീഷ്.
പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ വിലാപയാത്രയായി മണ്‍ട്രോതുരുത്തിലെത്തിക്കും. കൊട്ടിയം, കണ്ണനല്ലൂര്‍, കുണ്ടറ, ചിറ്റുമല വഴി വിലാപ യാത്ര പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലാണ് മണ്‍ട്രോതുരുത്തിലെത്തുക.
സുധീഷ് പഠിച്ചിരുന്ന മണ്‍ട്രോതുരുത്ത് ഗവ. എല്‍.പി. സ്‌കൂളിലാണ് ആദ്യം പൊതുദര്‍ശനത്തിന് വയ്ക്കുന്നത്. 11.15ന് സുധീഷിന്റെ വീടായ കൊച്ചൊടുക്കത്ത് വീട്ടിലെത്തിക്കും. പതിനഞ്ച് മിനിട്ട് വീട്ടിനുള്ളില്‍ കുടുംബാംഗങ്ങള്‍ക്കു മാത്രമായി സുധീഷിന്റെ ഭൗതികദേഹം വിട്ടുനല്‍കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ഒരു മണിയോടെ വീടിനോട് ചേര്‍ന്നുള്ള മുളച്ചന്തറ ക്ഷേത്ര മൈതാനത്ത് എത്തിക്കും. ഇവിടെയൊരുക്കിയ പ്രത്യേക വേദിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന സുധീഷിന്റെ ഭൗതികദേഹത്തിന് മുന്നില്‍ ഇന്ത്യന്‍ സേനയും കേരള പൊലീസും അന്തിമോപചാരം അര്‍പ്പിക്കും. ഔദ്യോഗിക ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കി 3 മണിക്ക് മുന്‍പ് സംസ്‌കാരം നടക്കും. വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍. മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ സാമൂഹിക സംസ്‌കാരിക നായകന്മാരും സുധീഷിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തും.
അതിനിടെ ഡല്‍ഹിയില്‍ എത്തിച്ച സുധീഷിന്റെ മൃതദേഹത്തോട് സംസ്ഥാന സര്‍ക്കാര്‍ അനാദരവ് കാണിച്ചുവെന്ന ആക്ഷേപമുയര്‍ന്നു. സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധികളായി ആരും വിമാനത്താവളത്തില്‍ എത്തിയില്ല. മറ്റുള്ളവരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ അതത് സംസ്ഥാനങ്ങളിലെ റസിഡന്റ് കമീഷണര്‍മാര്‍ വിമാനത്താവളത്തിലുണ്ടായിരുന്നു.
ബി. സുധീഷിനോട് അനാദരവ് കാട്ടിയിട്ടില്ലെന്നും പ്രത്യേക നിര്‍ദേശമില്ലാതെ സൈനികരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ പോകുന്ന കീഴ്‌വഴക്കമില്ലെന്നും കേരളാഹൗസ് ലെയ്‌സണ്‍ ഓഫീസര്‍ അജയകുമാര്‍ പറഞ്ഞു. സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും വിശദീകരിച്ചു.
സുബേദാര്‍ നാഗേശ, ലാന്‍സ് നായിക് ഹനുമന്തപ്പ, സിപോയ് മഹേഷ് (കര്‍ണാടക), ഹവില്‍ദാര്‍ ഏലുമലൈ, സിപോയ് ഗണേശന്‍, സിപോയ് രാമമൂര്‍ത്തി, ലാന്‍സ് ഹവില്‍ദാര്‍ എസ്. കുമാര്‍ (തമിഴ്‌നാട്), സിപോയ് മുഷ്താഖ് അഹമ്മദ് (ആന്ധ്ര), സിപോയ് സൂര്യവംശി (മഹാരാഷ്ട്ര) എന്നിവരാണ് ഹിമപാതത്തില്‍ മരിച്ച മറ്റ് സൈനികര്‍. അപകടത്തില്‍പ്പെട്ട് ആറു ദിവസങ്ങള്‍ക്ക് ശേഷം ജീവനോടെ കണ്ടെത്തിയ ലാന്‍സ് നായിക് ഹനുമന്തപ്പ ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.
മണ്‍ട്രോതുരുത്ത് നെന്മേനി കൊച്ചൊടുക്കത്ത് വീട്ടില്‍ ബ്രഹ്മപുത്രന്‍പുഷ്പവല്ലി ദമ്പതികളുടെ ഇളയ മകനാണ് സുധീഷ് (31). ഭാര്യ ശിങ്കാരപ്പള്ളി ഗോവിന്ദവിലാസത്തില്‍ ശാലു കൊല്ലം ശ്രീനാരായണ കോളജിലെ അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. രണ്ടു വര്‍ഷം മുന്‍പായിരുന്നു വിവാഹം. നാലു മാസം പ്രായമുള്ള മീനാക്ഷി മകളാണ്. ബറ്റാലിയന്റെ എല്ലാ കായികമല്‍സരങ്ങളിലും മുമ്പനായിരുന്ന സുധീഷിന് ഓള്‍ ഇന്‍ വണ്‍ എന്നായിരുന്നു സഹപ്രവര്‍ത്തകര്‍ക്കിടയിലെ വിളിപ്പേര്.