ശ്രീനഗർ: കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരനെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ നിന്നാണ് സുരക്ഷാ സേന ലഷ്‌കർ ഇ ത്വയ്ബ ഭീകരനെ പിടികൂടിയത്. ഫൈസൽ അഹമ്മദ് ദർ എന്ന ഭീകരനാണ് അറസ്റ്റിലായത്. നിരവധി ആയുധശേഖരങ്ങളും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
അവന്തിപ്പോറ പൊലീസും 50 രാഷ്ട്രീയ റൈഫിൾസും സംയുക്തമായി ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഭീകരൻ പിടിയിലായത്. അവന്തിപ്പോറയിലെ പാംപോർ മേഖലയിലുള്ളയാളാണ് ഫൈസൽ മുഹമ്മദ്. ഇക്കഴിഞ്ഞ സെപ്തംബർ 11 മുതൽ ഇയാളെ കാണാനില്ലായിരുന്നു. ലഷ്‌കർ ഇ ത്വയ്ബ ഭീകര സംഘടനയിൽ ചേരാനായാണ് ഇയാൾ പ്രദേശത്ത് നിന്നും കടന്നു കളഞ്ഞത്. സെപ്തംബർ 13 ന് ഇയാൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ താൻ ഭീകര സംഘടനയിൽ ചേർന്നെന്നും ഇനി തന്നെ അന്വേഷിക്കണ്ടെന്നും മാതാപിതാക്കൾക്ക് സന്ദേശം അയച്ചിരുന്നു.
എന്നാൽ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിൽ ഇയാൾ പിടിയിലാകുകയായിരുന്നു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പാംപോർ പൊലീസ് അറിയിച്ചു..