വട്ടിയൂര്‍ക്കാവില്‍ വിഷ്ണുനാഥിനും കല്‍പ്പറ്റയില്‍ ടി. സിദ്ദിഖിനും സാധ്യത.ലതികയെ തള്ളി ഉമ്മന്‍ ചാണ്ടിയും.കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി

തിരുവനന്തപുരം: ആറു സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. പ്രാദേശിക എതിര്‍പ്പിനെ തുടർന്നാണ് ആറ് മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നലെ നടത്താതിരുന്നത്. ഞായറാഴ്ച വൈകിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചർച്ച നടത്തി ആറ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയിലെത്തിയിരുന്നു. ഈ പട്ടിക മുല്ലപ്പള്ളി രാമചന്ദ്രനുമായി ചർച്ച ചെയ്തശേഷം കോൺഗ്രസ് ഹൈക്കമാൻഡിന് കൈമാറും.

വട്ടിയൂര്‍ക്കാവില്‍ പി.സി വിഷ്ണുനാഥാകും സ്ഥാനാര്‍ഥി. നേരത്തെ പരിഗണിച്ച കെ.പി അനില്‍കുമാറിനും ജ്യോതി വിജയകുമാറിനുമെതിരേ മണ്ഡലത്തില്‍ നിന്നും ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. വിഷ്ണുനാഥിനെ കുണ്ടറയില്‍ ആദ്യം പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം കൊല്ലമാണ് താത്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ കൊല്ലം ബിന്ദു കൃഷ്ണയ്ക്ക് നല്‍കിയതോടെയാണ് വിഷ്ണുനാഥിനെ വട്ടിയൂര്‍ക്കാവിലേക്ക് പരിഗണിക്കുന്നത്. രാഹുൽ ഗാന്ധിക്കു വേണ്ടി വയനാട് ലോക്സഭാ സീറ്റിലെ സ്ഥാനാര്‍ഥിത്വം ഒഴിഞ്ഞ ടി. സിദ്ദിഖിനെ കല്‍പ്പറ്റയില്‍ മത്സരിപ്പിച്ചേക്കും. ആര്യാടന്‍ ഷൗക്കത്തിനെ പട്ടാമ്പിയിലേക്ക് മാറ്റി നിലമ്പൂരില്‍ വി.വി പ്രകാശിനെയും . തവനൂരില്‍ റിയാസ് മുക്കോളിയേയും കുണ്ടറയില്‍ ഈഴവ പ്രാതിനിധ്യം ഉറപ്പിക്കാന്‍ കല്ലറ രമേശിനേയുമാണ് പരിഗണിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചെന്ന പരാതി ശരിയല്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.ഏറ്റുമാനൂര്‍ തന്നെ വേണമെന്ന നിലപാടിലായിരുന്നു ലതിക. മറ്റ് സീറ്റ് നല്‍കാമെന്ന ഉപാധി ലതിക സ്വീകരിച്ചില്ല. കബളിപ്പിച്ചത് ആരെന്ന് അവരോട് ചോദിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കാന്‍ പരമാവധി ശ്രമിച്ചിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഒമ്പതെണ്ണം മാത്രമേ കൊടുക്കുകയുള്ളൂ. ലതിക സുഭാഷ് ഏറ്റുമാനൂര്‍ സീറ്റാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ആ സീറ്റ് വേണ്ടെന്നാണ് അവര്‍ പറഞ്ഞത്. ഗ്രൂപ്പ് പരിഗണനയില്ലാതെയാണ് സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

ലതികാ സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രിന്‍സ് ലൂക്കോസ് പറഞ്ഞു. ലതിക മത്സരിച്ചാല്‍ അത് യുഡിഎഫിന് കെട്ടുറപ്പിനെ ബാധിക്കുമെന്നും വിഷയത്തില്‍ യുഡിഎഫ് നേതൃത്വം ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിന്‍സ് ലൂക്കോസ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചേക്കുമെന്നാണ് സൂചനകള്‍. ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലെങ്കിലും തനിക്ക് ഏറ്റുമാനൂരില്‍ വിജയിക്കാനാവുമെന്ന് ലതിക സുഭാഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതല്‍ ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ലതിക സുഭാഷ് പ്രതികരിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിളിച്ചിട്ട് ഫോണ്‍ പോലും എടുത്തിട്ടില്ലെന്നും ഇനി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാവില്ലെന്നും ലതിക സുഭാഷ് പറഞ്ഞു. വനിതകളില്‍ മത്സരിപ്പിക്കേണ്ടത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരെയാണ്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാത്തവരെ കൊണ്ടു വന്നിട്ട് കാര്യം ഇല്ലെന്നും ലതിക സുഭാഷ് പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ലതിക സുഭാഷ് രാജിവെച്ചത്. ’32 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിച്ച ഒരു പൊതു പ്രവര്‍ത്തക എന്ന നിലയില്‍ ഏതെങ്കിലും ഒരു അപ്പക്കഷ്ണത്തിന് വേണ്ടി കാത്തിരിക്കുന്നതിലും നല്ലത് ഇത്തരമൊരു നിലപാടാണ്. ഇനിയെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടെടുത്ത് സ്ത്രീകളെ അംഗീകരിക്കണം. അതിന് വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്. ആരോടും പരിഭവമില്ല. ആരോടുമുള്ള പോരല്ല. ഞാന്‍ വേറൊരു പാര്‍ട്ടിയിലും പോവില്ല. ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കണമെന്ന് എന്നോട് എല്ലാവരും പറയുന്നുണ്ട്. അതേക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല’.- അവര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് മത്സരിക്കുന്ന 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം ഡൽഹിയിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ സീറ്റ് ലഭിക്കാത്തിനെ തുടർന്ന് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് രാജിവച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് വ്യക്തമാക്കി. അതേസമയം, ലതിക സുഭാഷിനെ അനുനയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അർഹതയുള്ളവരിൽ ഒരാളെ മാത്രമേ മൽസരിപ്പിക്കാൻ സാധിക്കുകയുള്ളൂ. സ്ഥാനാർഥിത്വം കിട്ടാത്തവർക്ക് പാർട്ടിയിൽ അവസരങ്ങളുണ്ടാകും. കോൺഗ്രസിലെ ദിശാമാറ്റത്തിന്റെ സൂചികയാണ് യുവത്വം പ്രസരിക്കുന്ന പട്ടികയെന്നും ചെന്നിത്തല പറഞ്ഞു.

Top