കോണ്‍ഗ്രസ് പിരിച്ച് വിട്ടാല്‍ മതി.രമേശ് ചെന്നിത്തല പോലും ബിജെപിയില്‍ പോകേണ്ടി വരും. 35,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും ജോർജ്

കോട്ടയം :ഇത്തവണയും പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തിൽ താൻ വിജയിക്കുമെന്ന് പിസി ജോർജ് .ഇക്കുറി 35,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പൂഞ്ഞാറില്‍ നിന്ന് ജയിക്കും എന്നാണ് പിസി ജോര്‍ജ് അവകാശപ്പെടുന്നത്. മറ്റ് സ്ഥാനാര്‍ത്ഥികളൊന്നും പൂഞ്ഞാറുകാരല്ല. എതിര്‍ സ്ഥാനാര്‍ത്ഥികളെല്ലാം ഓരോ കുറ്റങ്ങളും കുറവുകളും ഉളളവരാണ് എന്നും പിസി ജോര്‍ജ് പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 33,000ല്‍ കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷമാണ് പിസി ജോര്‍ജിന് പൂഞ്ഞാറില്‍ ലഭിച്ചത്.

എല്ലാവരേയും അമ്പരപ്പിച്ച് കൊണ്ടാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പിസി ജോര്‍ജ് ബിജെപിക്കൊപ്പം കൈ കോര്‍ത്തത്. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ വിജയത്തിന് വേണ്ടി പിസി ജോര്‍ജ് പ്രവര്‍ത്തിക്കുകയും ചെയ്തു. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും അടക്കം പിസി ജോര്‍ജിനുളള സ്വാധീനം ഗുണം ചെയ്യും എന്നായിരുന്നു ബിജെപി കണക്ക് കൂട്ടല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് നേട്ടമുണ്ടാക്കാനായില്ലെന്ന് മാത്രമല്ല മൂന്നാം സ്ഥാനത്തേ എത്താനുമായുളളൂ. ശബരമല സ്ത്രീ പ്രവേശന വിവാദത്തിലും പിസി ജോര്‍ജ് ബിജെപിക്ക് ഒപ്പമായിരുന്നു. അന്ന് നിയമസഭയില്‍ ബിജെപി എംഎല്‍എയായ ഒ രാജഗോപാലിനൊപ്പം ഒറ്റ ബ്ലോക്കായാണ് പിസി ജോര്‍ജ് ഇരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പിസി ജോര്‍ജ് ബിജെപി ബന്ധം ഉപേക്ഷിച്ചു.

ബിജെപിക്ക് ഒപ്പം ചേര്‍ന്നത് സ്വന്തം മണ്ഡലമായ പൂഞ്ഞാറില്‍ അടക്കം പിസി ജോര്‍ജിന് എതിര്‍പ്പുകള്‍ക്കിടയാക്കിയിരുന്നു. പൂഞ്ഞാറിലെ മുസ്ലീം വോട്ടര്‍മാരില്‍ ഒരു വിഭാഗം ഇതോടെ പിസി ജോര്‍ജിന് എതിരായി തിരിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിലേക്ക് തിരികെ പോകാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനിച്ചത്. പിസി ജോര്‍ജിന് രണ്ട് സീറ്റുകള്‍ നല്‍കി തിരികെ കൊണ്ടുവരാനുളള ചര്‍ച്ചകള്‍ എന്‍ഡിഎയിലും നടന്നിരുന്നു. എന്നാല്‍ അത്തരം നീക്കങ്ങള്‍ എവിടെയുമെത്തിയില്ല. ഇക്കുറി ജനപക്ഷം സ്ഥാനാര്‍ത്ഥിയായാണ് പൂഞ്ഞാറില്‍ പിസി ജോര്‍ജ് മത്സരിക്കുന്നത്. മുന്‍പത്തേക്കാള്‍ കൂടുതല്‍ അനുകൂല സാഹചര്യമാണ് പൂഞ്ഞാറില്‍ എന്നും അനായാസം ഇക്കുറി ജയിക്കുമെന്നും പിസി ജോര്‍ജ് പറയുന്നു.

ബിജെപിയാണ് ഇനി കേരളത്തിന്റെ ഭാവി ബിജെപിയാണ് ഇനി കേരളത്തിന്റെ ഭാവി എന്നാണ് താന്‍ വിശ്വസിക്കുന്നത് എന്ന് പിസി ജോര്‍ജ് പറഞ്ഞു. കോണ്‍ഗ്രസിനുളളില്‍ അടിയാണ്. ഇത്തവണ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഒരൊറ്റ കോണ്‍ഗ്രസുകാരനും കാണില്ല. എല്ലാവരും ബിജെപിയില്‍ പോകും. അതാണ് കാര്യം. അധികാരത്തില്‍ വന്നില്ലെങ്കില്‍ കോണ്‍ഗ്രസ് പിരിച്ച് വിട്ടാല്‍ മതി. രമേശ് ചെന്നിത്തല പോലും ബിജെപിയില്‍ പോകേണ്ടി വരുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

പൂഞ്ഞാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിസി ജോര്‍ജിന് കഴിഞ്ഞ ദിവസം കൂവല്‍ കിട്ടിയിരുന്നു. ഈരാറ്റുപേട്ടയില്‍ വാഹന പ്രചാരണ ജാഥയ്ക്കിടെ ആയിരുന്നു നാട്ടുകാരില്‍ ഒരു വിഭാഗം പിസി ജോര്‍ജിനെ കൂവിയത്. തുടര്‍ന്ന് ഈരാറ്റുപേട്ടയില്‍ പിസി ജോര്‍ജ് പ്രചാരണം നിര്‍ത്തി വെച്ചു. കൂവിയവരുടെ വോട്ട് വേണ്ടെന്നും പിസി ജോര്‍ജ് നിലപാടെടുത്തു. പൂഞ്ഞാറില്‍ എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയത പ്രചരിപ്പിക്കുകയാണ് എന്നാണ് പിസി ജോര്‍ജ് ആരോപിക്കുന്നത്.

ഒരു മുന്നണിയുടേയും ബാനര്‍ ഇല്ലാതെയാണ് ഇത്തവണയും പിസി ജോര്‍ജ് പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്. യുഡിഎഫ് ബന്ധം ഉപേക്ഷിച്ചതിന് ശേഷം ബിജെപിക്കൊപ്പവും പിസി ജോര്‍ജ് നേരത്തെ ഭാഗ്യം പരീക്ഷിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം പിസി ജോര്‍ജ് ബിജെപി ബന്ധം ഉപേക്ഷിച്ചു. എന്നാല്‍ ബിജെപിയാണ് കേരളത്തിന്റെ ഭാവി എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പിസി ജോര്‍ജ് ഇപ്പോള്‍.

Top