കൊച്ചി : എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ പിണറായി വിജയനുള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെയുള്ള റിവിഷന്‍ ഹര്‍ജികള്‍ ഹൈക്കോടതി വേഗം പരിഗണിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹര്‍ജി നല്‍കി. അടുത്ത ദിവസം ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്നേക്കും.
അതേസമയം ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാറിന്‍റെ നടപടി രാഷ്ട്രീയ പ്രേരിതമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമപരമായ നടപടി മാത്രമാണ്. ഹൈകോടതിയില്‍ വാദം നടക്കണമെന്ന് മാത്രമാണ് സര്‍ക്കാര്‍ നിലപാട്. വാദം വേഗത്തിലാക്കാനാണ് കോടതിയെ സമീപിച്ചത്. വിചാരണ നടക്കുന്നതിനെ സി.പി.എം ഭയക്കുന്നതെന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.
നടപടി രാഷ്ട്രീയ പ്രേരിതമല്ലെന്ന് കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരനും വ്യക്തമാക്കി. വാദം വേഗത്തിലാക്കാന്‍ കോടതിയെ സമീപിക്കുന്നതില്‍ എന്താണ് തെറ്റ്. നിരപരാധിയാണെങ്കില്‍ പിണറായിക്ക് ഊതിക്കാച്ചിയ പൊന്ന് പോലെ പുറത്തുവരാന്‍ കഴിയുമെന്നും സുധീരന്‍ പറഞ്ഞു.
എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ 2013 നവംബര്‍ അഞ്ചിനാണ് പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴു പ്രതികളെ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കിയത്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് 374.50 കോടി രൂപയുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ ലാവ്ലിന് ആഗോള ടെന്‍ഡര്‍ വിളിക്കാതെ നല്‍കിയതു മൂലം സര്‍ക്കാരിനു കനത്ത നഷ്ടമുണ്ടായെന്ന് ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിനുണ്ടായ നഷ്ടം സിബി.ഐ കോടതി പരിഗണിച്ചില്ല. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളുമുണ്ട്. ഇവയൊന്നും ശരിയായി വിലയിരുത്താതെയാണ് പ്രതികളെ വിട്ടയച്ചത്. സര്‍ക്കാരിന് നഷ്ടമുണ്ടായെന്ന പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലിന്റെ (ഒാഡിറ്റ്) നിഗമനങ്ങള്‍ക്കും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിലയിരുത്തലുകള്‍ക്കും എതിരാണ് സി.ബി.ഐ കോടതിയുടെ ഉത്തരവെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. അസഫ് അലി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം കാനഡയിലെത്തിയാണ് കരാര്‍ ഒപ്പിട്ടത്. സംഘത്തിലെ സാങ്കേതിക വിദഗ്ദ്ധന്റെ അഭാവത്തില്‍ പിണറായി വിജയനാണ് തീരുമാനങ്ങളെടുത്തത്. കാനഡയിലെ അല്‍സ്റ്റോം എന്ന കമ്പനിയുടെ ഉപകരണങ്ങളാണ് ഇടനിലക്കാരായ ലാവ്&സ്വ്ഞ്;ലിന്‍ കേരളത്തിലെത്തിച്ചത്. അല്‍സ്റ്റോമിനെ നേരിട്ട് സമീപിച്ചിരുന്നെങ്കില്‍ തുകയില്‍ ഇളവു ലഭിക്കുമായിരുന്നു. കരാര്‍ ലാവ്ലിനു കൊടുത്തതിനു പകരം മലബാര്‍ കാന്‍സര്‍ സെന്ററിന് 98.3 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ 12.05 കോടി രൂപയാണ് കിട്ടിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
സി.ബി.ഐ കോടതി ഉത്തരവിനെതിരെ ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ 2013 നവംബര്‍ 25 നും സി.ബി.ഐ 2014 ജനുവരിയിലും റിവിഷന്‍ ഹര്‍ജികള്‍ നല്‍കി. വി.എസ്. അച്യുതാനന്ദന്റെ മുന്‍ അഡി. പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാന്‍ കക്ഷി ചേരാന്‍ നല്‍കിയ ഹര്‍ജി 2015 ജനുവരി 21 ന് ഹൈക്കോടതി അനുവദിച്ചു.
നന്ദകുമാറിന്റെയും സി.ബി.ഐയുടെയും ഹര്‍ജികളില്‍ നോട്ടീസ് നല്‍കുന്നതടക്കം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഷാജഹാന്റെ ഹര്‍ജിയിലെ ഒമ്പതാം എതിര്‍ കക്ഷിയായ ആര്‍. ശിവദാസന്‍ നോട്ടീസ് കൈപ്പറ്റുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇതിനാലാണ് ഹൈക്കോടതിയിലെ നടപടികള്‍ വൈകുന്നത്. എന്നാല്‍ ടി.പി. നന്ദകുമാറിന്റെയും സി.ബി.ഐയുടെയും റിവിഷന്‍ ഹര്‍ജികള്‍ പരിഗണിക്കാന്‍ തടസമില്ലെന്നും എത്രയും വേഗം ഇവ പരിഗണിച്ച് തീര്‍പ്പാക്കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.