സി.എ.ജി. റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണ് ;സമഗ്രമായ പരിശോധന നടത്തണം -സുധീരന്‍

തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധം. അദാനിക്ക് 29,217 കോടി അധികലാഭം ഉണ്ടാക്കിക്കൊടുത്തു എന്ന റിപ്പോര്‍ട്ട് പുറത്ത്.അതിനിടെ സി.എ.ജി. റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണെന്നും ഇതേക്കുറിച്ച് സമഗ്രമായ പരിശോധന നടത്തുന്നത് ഉചിതമായിരിക്കുമെന്നും വി.എം സുധീരന്‍ ഫെയിസ് ബുക്കില്‍ കുറിച്ചു .

” കേരളം പ്രതീക്ഷയോടെ നോക്കിക്കാണുന്ന വിഴിഞ്ഞം പദ്ധതിയുടെ വ്യവസ്ഥകള്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന സി.എ.ജി. റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണ്. ഇതേക്കുറിച്ച് സമഗ്രമായ പരിശോധന നടത്തുന്നത് ഉചിതമായിരിക്കും.”

2015ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ഉണ്ടാക്കിയ വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന് കാണിക്കുന്ന സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. അദാനിക്ക് 29,271 കോടി രൂപയുടെ അധിക ലാഭമാണ് കരാര്‍ വഴി ലഭിക്കുന്നത്. നിലവില്‍ ഗ്രീന്‍ ഫീല്‍ഡ്, പൊതുസ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയില്‍ 30 വര്‍ഷത്തേക്കാണ് നിര്‍മ്മാണ കമ്പനിക്ക് കാലാവധി അനുവദിക്കുക. എന്നാല്‍ ഇവിടെ 40 വര്‍ഷത്തേക്ക് കരാര്‍ നല്‍കിയിരിക്കുന്നു. ഇത് നിയമവിരുദ്ധമാണ്. ഇതിനു പുറമേ 20 വര്‍ഷം കൂടി കാലാവധി നീട്ടിനല്‍കാമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്. ഇങ്ങനെ ചെയ്താല്‍ 61,095 കോടി രൂപയുടെ അധിക വരുമാനം അദാനിക്ക് ലഭിക്കുമെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഓഹരി ഘടനയിലെ മാറ്റം സര്‍ക്കാരിന് നഷ്ടമുണ്ടാക്കി. ആരും ആവശ്യപ്പെടാതെയാണ് ഓഹരി ഘടനയില്‍ മാറ്റം വരുത്തിയത്. കമ്പനികള്‍ക്കുള്ള കാലാവധി 30 വര്‍ഷത്തേക്ക് നിജപ്പെടുത്തണമെന്നാണ് രാജ്യാന്തര ഫെഡറേഷന്റെ നിര്‍ദേശം. ഇത് മറികടന്നതും തെറ്റാണ്. കണക്കുകള്‍ പെരുപ്പിച്ച് നല്‍കി പദ്ധതി ചെലവ് ഉയര്‍ത്തി. ആസ്തികള്‍ പണയം വയ്ക്കാന്‍ അവകാശം നല്‍കിയത് കമ്പനിയെ സഹായിക്കാനാണ്. ഇത് അര്‍ഹതയില്ലാത്ത അധികവരുമാനം കമ്പനിക്ക് നേടിക്കൊടുക്കും.

കരാര്‍ പ്രകാരം സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം ശരിയായ രീതിയില്‍ പരിശോധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. വിഴിഞ്ഞം കരാര്‍ അദാനിയുടെ താല്‍പര്യത്തിനനുസരിച്ചാണെന്ന് കാണിച്ച് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ഇന്നലെ നിയമസഭയില്‍ സബ്മിഷന്‍ കൊണ്ടുവന്നിരുന്നു. കരാര്‍ സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു സര്‍ക്കാര്‍. വി.എസിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് സി.എ.ജി പുറത്തുവിട്ട റിപ്പോര്‍ട്ട്. യു.ഡി.എഫ് സര്‍ക്കാരിന്‍െ അവസാന നാളുകളില്‍ കൊണ്ടുവന്ന വിഴിഞ്ഞം കരാറിനെ ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫ് എതിര്‍ത്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ നിലപാടില്‍ അയവ് വരുത്തിയ എല്‍.ഡി.എഫ് വികസനം വരുന്നതിനെ തടയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്

Top