വൃന്ദ കാരാട്ട് കണ്ണുരുട്ടി, ചെറിയാന്‍ ഫിലിപ്പ് പേടിച്ചു !..സി.പി.എമ്മിലെ വനിതകളെ പേടിച്ച് ഖേദ പ്രകടനമെന്ന് ആരോപണം.ഫിലിപ്പിന്റെ പരാമര്‍ശം സിപിഎമ്മിലും മുന്നണിയിലും കടുത്തഭിന്നത

കൊച്ചി: ചെറിയാന്‍ ഫിലിപ്പിന്റെ’സ്ത്രീ വിരുദ്ധ പരാമര്‍ശം സിപിഎമ്മിലും മുന്നണിയിലും കടുത്തഭിന്നത ഉളവാക്കിയതായി റിപ്പോര്‍ട്ട്. സിപിഎമ്മിലും ഇടതുമുന്നണിയിലും കടുത്ത ഭിന്നത ഇതേച്ചൊല്ലി ഉടലെടുത്തിരിക്കയാണ്.മുതിര്‍ന്ന സിപിഎം നേതാവും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഭാര്യയുമായ വൃന്ദ കാരാട്ട് ചെറിയാന്‍ ഫിലിപ്പിനെതിരെ രംഗത്തുവന്നിരുന്നു. എം.എ. ബേബിയും ഡോ.തോമസ് ഐസക്കും ചെറിയാനെതിരായ നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. ഇവര്‍ സി.പി.എം പാര്‍ട്ടിയിലെ വിഎസ് പക്ഷക്കാരാണ്.ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവനയെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുന്‍സെക്രട്ടറി പിണറായി വിജയനും ശക്തമായി അനുകൂലിച്ചപ്പോള്‍ വി.എസ്.അച്യുതാനന്ദന്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു.ഇതിനിടെ ഇന്നലെ ഖേദം പ്രകടിപ്പിച്ചുവെങ്കിലും ഫേസ്ബുക്ക് പോസ്റ്റ് ചെറിയാന്‍ ഫിലിപ്പ് പിന്‍വലിച്ചിട്ടില്ല.അതേസമയം സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്നു സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. പ്രസ്താവന ദൗര്‍ഭാഗ്യകരമായെന്നും വൃന്ദ കാരാട്ട് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സദാചാര ബോധമില്ലാത്ത പാര്‍ട്ടിയാണ് എന്ന് തെളിഞ്ഞതാണ്. എങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്ന പ്രസ്താവനകള്‍ അപലപനീയമാണെന്നും വൃന്ദ പറഞ്ഞു.കോണ്‍ഗ്രസിന്റെ അല്‍പത്തമാണ് കോടിയേരി ബാലകൃഷ്ണന്‍ തന്റെ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത്. അദ്ദേഹത്തിന്റെ പ്രസ്താവനയെ വളച്ചൊടിക്കേണ്ടതില്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു.സ്ത്രീവിരുദ്ധമാണ് ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റെന്ന് അഭിപ്രായമില്ലെന്ന് നേരത്തെ പിണറായി വിജയന്‍ പറഞ്ഞിരുന്നു. സ്ത്രീകളെയല്ല മറിച്ച് കോണ്‍ഗ്രസിന്റെ സംസ്‌കാരത്തെയാണ് ചെറിയാന്‍ ഫിലിപ്പ് ആക്ഷേപിച്ചതെന്നും പിണറായി പറഞ്ഞു. ഇതിനു പിന്നാലെയാണ് വൃന്ദ കാരാട്ടും ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയത്.

ചെറിയാന്‍ ഫിലിപ്പിന്റെ പേരില്‍ ഫലത്തില്‍ പാര്‍ട്ടിയിലെ കണ്ണൂര്‍, തെക്കന്‍ ലോബികള്‍ ചേരിതിരിഞ്ഞിരിക്കുകയാണ്. പി.കെ. ശ്രീമതി, കെ.കെ. ഷൈലജ, ടി.എന്‍. സീമ എന്നിവരോട് പ്രശ്‌നത്തില്‍ പ്രതികരിക്കേണ്ടെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞതായും സൂചനയുണ്ട്.
യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമരമാര്‍ഗമാണെന്നും പണ്ട് ഈ സമരം നടത്തിയ വനിതകള്‍ക്കെല്ലാം കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ടെന്നുമായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പരാമര്‍ശം. ഇത് വലിയ വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം ഇതിനെ എതിര്‍ത്തപ്പോള്‍ വിഎസും എതിര്‍പ്പിന്റെ ചേരിയിലായിരുന്നു. ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശം സംസ്‌ക്കാരശൂന്യമാണെന്നായിരുന്നു വിഎസിന്റെ പ്രസ്താവന. വിഎസിന്റെ നിലപാടിന് എതിരായ പ്രസ്താവനകളാണ് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും പുറപ്പെടുവിച്ചത്.

സ്ത്രീകളെയല്ല മറിച്ച് കോണ്‍ഗ്രസിന്റെ സംസ്‌ക്കാരത്തെയാണ് ചെറിയാന്‍ ഫിലിപ്പ് ആക്ഷേപിച്ചതെന്നാണ് പിണറായിയുടെ പ്രസ്താവന. കോണ്‍ഗ്രസിന്റെ ഉള്ളിലെക്കാര്യങ്ങള്‍ ശരിക്കും അറിയാവുന്നയാളാണ് ചെറിയാനെന്നും അദ്ദേഹം സ്ത്രീകളെ അപമാനിക്കുന്ന തരക്കാരനല്ലെന്നുമായിരുന്നു കോടിയേരിയുടെ പ്രസ്താവന.
ചെറിയാനെ പരിപൂര്‍ണ്ണമായി പിന്താങ്ങിയതുവഴി വിഎസിനെ അടിക്കാന്‍ കിട്ടിയ അവസരം ഇരുവരും ഉപയോഗിക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന ഉപയോഗിച്ച് കോണ്‍ഗ്രസിനെതിരെ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കേണ്ടതിനുപകരം അവര്‍ക്ക് അനുകൂലമായ നിലപാടാണ് വിഎസ് കൈക്കൊണ്ടതെന്നാണ് പിണറായി പക്ഷക്കാരുടെ അഭിപ്രായം. മുന്‍പും പാര്‍ട്ടിക്ക് അനുകൂലമാകേണ്ട സാഹചര്യങ്ങള്‍ വിഎസ് തകര്‍ത്തുവെന്ന് ഇക്കൂട്ടര്‍ നേരത്തെ മുതല്‍ പറഞ്ഞുവരുന്നതാണ്.

ബിജെപി -എസ്എന്‍ഡിപി കൂട്ടുകെട്ട് തങ്ങള്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം. ഈ സാഹചര്യത്തില്‍ വീണുകിട്ടുന്ന എന്തും ആയുധമാക്കിയും മേല്‍ക്കൈ നേടണമെന്ന ചിന്താഗതി പാര്‍ട്ടിയില്‍ ശക്തമായിരിക്കെയാണ് ചെറിയാന്‍ ഫിലിപ്പിനെതിരെ വിഎസ് പ്രതികരിച്ചതെന്നും ഇവര്‍ പറയുന്നു.
ബിജെപി-എസ്എന്‍ഡിപി സഖ്യം വന്നതോടെ പാര്‍ട്ടിയിലെ വിഭാഗീയത കെട്ടടങ്ങിയെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗവും ഒരുവിഭാഗം മാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നത്. തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് പിണറായി വിഭാഗവും വലിയ ഏറ്റുമുട്ടലിനു പോകാതെ അഡ്ജസ്റ്റു ചെയ്ത് പോകുകയായിരുന്നു. അപ്പോഴാണ് ചെറിയാന്‍ ഫിലിപ്പ് വിവാദത്തില്‍ വിഎസ് പാര്‍ട്ടിക്ക് ഗുണകരമല്ലാത്ത നിലപാട് കൈക്കൊണ്ടത്. ഡോ.തോമസ് ഐസക്കും എം.എ. ബേബിയും വിഎസിന്റെ നിലപാടിലാണ്. ഇരുവരും ചെറിയാന്‍ ഫിലിപ്പിന്റെ നടപടി ശരിയായില്ലെന്നാണ് അഭിപ്രായപ്പെട്ടത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൈവരിച്ചാലേ പാര്‍ട്ടിക്കും തങ്ങള്‍ക്കും നിലനില്‍പ്പുള്ളൂവെന്ന് തിരിച്ചറിഞ്ഞ് പിണറായിയും കോടിയേരിയും ആഞ്ഞുപിടിക്കുമ്പോഴാണ് വിഎസ് വിരുദ്ധനിലപാട് എടുത്തിരിക്കുന്നത്.

ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവനയെച്ചൊല്ലി മുന്നണിയിലും പ്രശ്‌നമുണ്ട്. സ്ത്രീവിരുദ്ധ പ്രസ്താവന പിന്‍വലിക്കണമെന്നാണ് സിപിഐ നേതാക്കളായ ആനി രാജ, ഇ. എസ്. ബിജിമോള്‍ എന്നിവരുടെ ആവശ്യം. ചെറിയാന്‍ ഫിലിപ്പിനെ ആട്ടിന്‍തോലിട്ട ചെന്നായയെന്നാണ് ആനി രാജ വിശേഷിപ്പിച്ചത്. ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവനയെ അനുകൂലിച്ച കോടിയേരി ബാലകൃഷ്‌ന്റെ നിലപാടിനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിമര്‍ശിച്ചു.

Top