കേരളീയ ജനജീവിതത്തിന് ഏറ്റ കനത്ത ആഘാതങ്ങളാണ് കഴിഞ്ഞ ദിവസമുണ്ടായ മന്ത്രിസഭാ തീരുമാനവും ഹൈക്കോടതി വിധിയും

മദ്യവില്‍പനശാലകള്‍ തുടങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍.ഒ.സി. വേണമെന്ന നിയമപരമായ നിബന്ധന മറികടക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. ജനനന്മയേക്കാള്‍ മദ്യലോബിയുടെ താല്‍പര്യത്തിന് പ്രാധാന്യം കല്‍പ്പിക്കുന്ന സംസ്ഥാനസര്‍ക്കാര്‍ പൂര്‍ണ്ണമായും മദ്യലോബിക്ക് കീഴടങ്ങി എന്നത് വ്യക്തമാക്കുന്ന തീരുമാനമാണിത്. സര്‍ക്കാരിന്റെ യജമാനന്മാര്‍ മദ്യരാജാക്കന്മാരാണെന്ന് ഒരിക്കല്‍ കൂടി ഈ തീരുമാനത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.

മദ്യവില്‍പനശാലകള്‍ തുറക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം സ്ത്രീകള്‍ ഉള്‍പ്പടെ നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് അതെല്ലാം അവഗണിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി. ജനദ്രോഹപരമായ ഈ തീരുമാനത്തിനെതിരെ വന്‍ ജനപ്രതിഷേധത്തെ സര്‍ക്കാരിന് നേരിടേണ്ടി വരും. മദ്യലോബിക്ക് വേണ്ടി മാത്രം കൊണ്ടുവരുന്ന ഈ ഓര്‍ഡിനന്‍സില്‍ ബഹു. ഗവര്‍ണര്‍ ഒപ്പു വയ്ക്കരുതെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാതയോരങ്ങളില്‍ 500 മീറ്ററിനകമുള്ള മദ്യവില്‍പനശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കൊണ്ടുള്ള സുപ്രീം കോടതിവിധിയുടെ അന്തസത്ത അട്ടിമറിക്കുന്നതാണ് ഇന്നലത്തെ ഹൈക്കോടതി വിധി. മദ്യപിച്ച് വാഹനമോടിച്ച് മരണപ്പെടുന്നവരുടേയും അപകടത്തില്‍ മാരകമായി പരിക്കേല്‍ക്കുന്നവരുടേയും എണ്ണം വര്‍ദ്ധിച്ചു വരുന്നു. ഇതിനു കാരണം പാതയോരങ്ങളിലെ മദ്യവില്‍പനശാലകളാണ് എന്നത് കണക്കിലെടുത്ത് കൊണ്ടാണ് അതെല്ലാം അടച്ചുപൂട്ടണം എന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. ഈ വിധിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ് ഹൈക്കോടതി വിധി. പാതകളുടെ പദവി മാറ്റിയാല്‍ അതോടെ പ്രശ്നങ്ങളൊക്കെ തീര്‍ന്നു എന്ന മട്ടിലാണ് ഹൈക്കോടതി വിധി വന്നിട്ടുള്ളത്. ദേശീയ പാതയെല്ലെന്ന് അധികൃതര്‍ പറഞ്ഞതു കൊണ്ടു മാത്രം കേരളത്തിന്റെ ജീവനാഡിയായ കുറ്റിപ്പുറം-കണ്ണൂര്‍, ചേര്‍ത്തല-തിരുവനന്തപുരം പാതകളുടെ പ്രാധാന്യവും പ്രസക്തിയും ഇല്ലാതാകുമോ? പേരു മാറ്റിയതു കൊണ്ടു മാത്രം ഈ പാതകളിലെ വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍ ഇല്ലാതാകുമോ? എന്തുകൊണ്ട് ഈ യാഥാര്‍ത്ഥ്യം പരിഗണിക്കപ്പെട്ടില്ല ? വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളും തുടര്‍ന്ന് നഷ്ടപ്പെടുന്ന ജീവനും ജനങ്ങളുടെ കഷ്ടപ്പാടുകളും മനസിലാക്കിയതിനെത്തുടര്‍ന്ന് ഉണ്ടായ സുപ്രിം കോടതി വിധിയുടെ പൊരുള്‍ ഏത് സാധാരണക്കാരനും മനസിലാകും. നിര്‍ഭാഗ്യവശാല്‍ എന്തുകൊണ്ട് ഹൈക്കോടതി വിധിയില്‍ ഇതൊന്നും പ്രതിഫലിക്കപ്പെട്ടില്ല എന്നുള്ളത് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

ഈ വിധിയിലൂടെ രക്ഷപ്പെടുന്നത് മദ്യക്കച്ചവടക്കാരാണ്. ശിക്ഷിക്കപ്പെടുന്നത് നിസഹായരായ ജനങ്ങളും. ജനങ്ങളുടെ സുരക്ഷയെ കണക്കിലെടുത്ത് കൊണ്ടുണ്ടായ സുപ്രീം കോടതി വിധിയെ കാറ്റില്‍ പറത്തുന്ന ഹൈക്കോടതിവിധി നിര്‍ഭാഗ്യകരവും അസ്വാഭാവികവും ദുരൂഹവുമാണ്. നിയമവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം തകരുന്ന സാഹചര്യമാണ് ഇത്തരത്തിലുള്ള വിധിയിലൂടെ ഉണ്ടാകുന്നത്.മദ്യലോബിയുടെ വിനീതദാസന്മാരായി മാറിയ സംസ്ഥാന ഭരണക്കാര്‍ ഈ വിധി ഒരു അവസാന വാക്കാണെന്ന മട്ടില്‍ അപ്പീല്‍ പോകാന്‍ പോലും തയ്യാറാകുന്നില്ല. തങ്ങള്‍ക്ക് വേണ്ടിയുള്ള തീരുമാനങ്ങള്‍ ഏത് തലത്തിലും എടുപ്പിക്കുന്നതിന് കെല്‍പ്പുള്ളവരാണ് തങ്ങളെന്ന് മദ്യലോബി ഒരിക്കല്‍ കൂടി തെളിയിച്ചു.ഏതായാലും ജനതാല്‍പര്യം സംരക്ഷിക്കുന്നതിന് ഇനി സുപ്രീം കോടതിയെ സമീപിക്കുക മാത്രമാണ് പോംവഴി.

Top