ശൂലംകുത്തും മന്ത്രിവാദ ചികിത്സയും നിയമ വിരുദ്ധമാകുന്നു; 7 വര്‍ഷം തടവും 50000 രൂപ പിഴയും ശിക്ഷ കിട്ടും

തിരുവനന്തപുരം: അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ഭാഗമായുള്ള ദുര്‍മന്ത്രവാദവും കൂടോത്രവും കുറ്റകരമാക്കാന്‍ നിയമപരിഷ്‌ക്കരണ കമ്മീഷന്റെ ശുപാര്‍ശ. ഇത് സംബന്ധിച്ച് കരട് നിയമത്തിന് കമ്മീഷന്‍ രൂപം നല്‍കി. അന്ധവിശ്വാസത്തിന്റെ പേരില്‍ ശരീരത്തിന് ആപത്തുണ്ടാക്കുന്ന വിധം നടത്തുന്ന ആചാരങ്ങള്‍ കുറ്റകരമാക്കാനാണ് നിര്‍ദ്ദേശം. നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് ഏഴുവര്‍ഷം തടവും 50000 രൂപ പിഴയുമാണ്. അതേസമയം, ശരീരത്തിന് ആപത്തുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

നിയമം പ്രാവര്‍ത്തികമാകുന്നതോടു കൂടി കുറ്റകരമാകുന്നവ ഇവയാണ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1. പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരില്‍ ശാരീരികോപദ്രവം ഏല്‍പ്പിക്കുന്നതിനായി മര്‍ദിക്കല്‍, കെട്ടിയിടല്‍, മുടിപറിച്ചെടുക്കല്‍, പൊള്ളിക്കല്‍, ലൈംഗികപ്രവൃത്തികള്‍ക്ക് നിര്‍ബന്ധിക്കല്‍, മൂത്രം കുടിപ്പിക്കല്‍ തുടങ്ങിയവ.

2. ദുര്‍മന്ത്രവാദം, കൂടോത്രം, നഗ്‌നരായി നടത്തിക്കല്‍ തുടങ്ങിയവ, അമാനുഷിക ശക്തിയുടെ പേരില്‍ ഒരാളുടെ ദൈനംദിന പ്രവൃത്തികള്‍ക്ക് തടസം നില്‍ക്കല്‍, നിധിയന്വേഷണത്തിന്റെ പേരിലുള്ള ഉപദ്രവം.

3. മൃഗത്തെയോ പക്ഷിയെയോ ഉപദ്രവിക്കുയോ കൊല്ലുയോ ചെയ്യുന്നതിനായി നിര്‍ബന്ധിക്കല്‍.

4. ചികിത്സ തേടുന്നതില്‍നിന്ന് തടയുകയും പകരം മന്ത്രതന്ത്രങ്ങള്‍, പ്രാര്‍ഥന തുടങ്ങിയ ചികിത്സകള്‍ നല്‍കുക.

5. കവിളില്‍ കമ്പിയോ, അമ്പോ തറയ്ക്കുക.

6. സ്ത്രീകളെ ബലപ്രയോഗത്തിലൂടെ ഒറ്റപ്പെടുത്തല്‍, ഗ്രാമത്തില്‍ പ്രവേശിക്കുന്നത് തടയുക, ആര്‍ത്തവപ്രസവാനന്തരം മാറ്റിപ്പാര്‍പ്പിക്കല്‍, ആരാധനയുടെ പേരില്‍ നഗ്‌നരായി നടത്തിക്കല്‍.

7. കുട്ടിച്ചാത്തന്റെ പേരില്‍ വീടിനുകല്ലെറിയുക, ഭക്ഷണമോ വെള്ളമോ മലിനപ്പെടുത്തുക

8. അമാനുഷിക ശക്തിയുടെ പേരില്‍ ചികിത്സതേടുന്നത്, മരണം, ശാരീരിവേദന എന്നിവയുടെ പേരില്‍ ഭീഷണിപ്പെടുത്തല്‍, സാമ്പത്തിക നഷ്ടമുണ്ടാക്കല്‍.

നിയമം ബാധകമല്ലാത്തത്

1. മത, ആത്മീയസ്ഥലങ്ങളില്‍ നടക്കുന്ന ആരാധനാരീതികള്‍.

2. ഉത്സവങ്ങള്‍, പ്രാര്‍ഥനങ്ങള്‍, ഘോഷയാത്രകള്‍ തുടങ്ങിയ മതാചാരങ്ങള്‍.

3. വീട്, ക്ഷേത്രം, ക്രിസ്ത്യന്‍, മുസ്ലിം ദേവാലയങ്ങള്‍, മറ്റു മതപരമായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ശരീരത്തിന് ആപത്ത് ഉണ്ടാക്കാത്ത മതാചാരങ്ങള്‍.

4. പുരാതന സന്ന്യാസിമാരുടെയും പുണ്യാളന്മാരുടെയും പാരമ്പര്യഅറിവുകള്‍, കല, ആചാരങ്ങള്‍ തുടങ്ങിയവ പ്രചരിപ്പിക്കല്‍.

5. മരിച്ചുപോയ സന്ന്യാസിമാരുടെയും വിശുദ്ധന്മാരുടെയും അദ്ഭുതങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും അവയുടെ പ്രചാരണവും. മതപ്രഭാഷകരുടെ അദ്ഭുതങ്ങള്‍ സംബന്ധിച്ച് പ്രചാരണം.

6. വഞ്ചനയോ ചൂഷണമോ ഇല്ലാത്തവിധത്തിലുള്ള വാസ്തുശാസ്ത്ര, ജ്യോതിഷ ഉപദേശങ്ങള്‍.

7. സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ഏതെങ്കിലും വിധത്തിലുള്ള മതപരമായ ചടങ്ങുകള്‍.

സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് നിയമപരിഷ്‌കരണ കമ്മിഷന്‍ കരടുനിയമം തയ്യാറാക്കിയത്. ദുര്‍മന്ത്രവാദത്തിന്റെ പശ്ചാത്തലത്തില്‍ ചികിത്സ നിഷേധിക്കപ്പെട്ട് സംസ്ഥാനത്ത് പലരും കൊല്ലപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിയമനിര്‍മ്മാണം. ദുര്‍മന്ത്രവാദത്തിനും കൂടോത്രത്തിനുമെതിരെ നിയമനിര്‍മാണം നടത്തുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Top