പുത്തുമല ഉരുള്‍പൊട്ടല്‍; മണ്ണിനടിയില്‍ അകപ്പെട്ടവരെ കണ്ടെത്താന്‍ സ്‌നിഫര്‍ നായ്ക്കളെത്തിയേക്കും

പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മണ്ണിനടിയില്‍ അകപ്പെട്ടവരെ കണ്ടെത്താന്‍ മനുഷ്യസാന്നിധ്യം തിരിച്ചറിയുന്നതില്‍ വൈദഗ്ധ്യമുള്ള സ്‌നിഫര്‍ നായ്ക്കളുടെ സഹായം തേടാന്‍ അധികൃതരുടെ തീരുമാനം. മനുഷ്യസാന്നിധ്യം കണ്ടെത്തുന്ന സ്‌നിഫര്‍ നായകള്‍ കേരള പോലീസിനോ ദേശീയ ദുരന്ത നിവാരണ സേനക്കോ ഇല്ലാത്തതിനാല്‍ മറ്റ് സ്ഥലങ്ങളില്‍നിന്ന് എത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് വയനാട് സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു.

പുത്തുമലയിലുണ്ടായ ദുരന്തത്തില്‍ ഏഴുപേരെയാണിനി കണ്ടെത്താനുള്ളത്. ഇന്നലെവരെ 10 മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്നലെ നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല. പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഇന്ന് പ്രത്യേകം തെരച്ചില്‍ നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മനുഷ്യസാന്നിധ്യം അറിയാനുപയോഗിക്കുന്ന ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ എന്ന ഉപകരണം ഡല്‍ഹിയിലെ ഏജന്‍സിയില്‍നിന്ന് എത്തിക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ പുത്തുമലയില്‍ ആ ഉപകരണം ഉപയോഗിച്ചതുകൊണ്ട് പ്രയോജനമില്ലെന്ന് ഏജന്‍സി അറിയിച്ചതായി സബ് കലക്ടര്‍ പറഞ്ഞു. റഡാര്‍ മനുഷ്യശരീരം മാത്രമല്ല മരവും കല്ലുകളുമെല്ലാം കണ്ടെത്തും. പുത്തുമലയില്‍ പാറകളും മരങ്ങളും വെള്ളവും ചേര്‍ന്ന് മണ്ണ് നാലടിയിലേറെ കനത്തില്‍ കുഴഞ്ഞുകിടക്കുന്നതിനാല്‍ റഡാര്‍ ഉപയോഗിച്ചിട്ട് കാര്യമില്ലെന്നാണ് ഏജന്‍സി അറിയിച്ചത്.

കവളപ്പാറയില്‍ മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായി സോണാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തെരച്ചില്‍ ഇന്ന് തുടങ്ങിയേക്കുമെന്നാണ് വിവരം. കവളപ്പാറയില്‍ ഇതുവരെ 23 മൃതദേഹം കണ്ടെത്തി. 36പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 96 ആയി. ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച കവളപ്പാറയില്‍ ഇന്നലെ കണ്ടെത്തിയത് നാല് മൃതദേഹങ്ങളാണ്. ഇതോടെ കവളപ്പാറയില്‍ 23 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 36 പേരെയാണ് കണ്ടെത്താനുള്ളത്.

തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കഴിഞ്ഞദിവസത്തില്‍ നിന്നും വ്യത്യസ്ഥമായി പന്ത്രണ്ടോളം ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് മണ്ണുമാന്തി രക്ഷാദൗത്യം നടത്തിയത്. അതേസമയം, പുത്തുമലയില്‍ സംഭവിച്ചത് ഉരുള്‍പൊട്ടലല്ല അതിശക്തമായ മണ്ണിടിച്ചിലെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്.

Top