കൊച്ചി: സംസ്ഥാനത്ത് വീണ്ടും പിണറായി വിജയൻ തന്നെ നേതൃത്വം കൊടുക്കുന്ന ഇടതു മുന്നണി സർക്കാർ അധികാരത്തിലെത്തുമെന്നു സർവേ ഫലം. ചരിത്രത്തിൽ ആദ്യമായി 96 സീറ്റുമായി പിണറായി വിജയൻ നയിക്കുന്ന ഇടതു മുന്നണി സർക്കാർ തന്നെ അധികാരം നിലനിർത്തുമെന്നാണ് സർവേയിലൂടെ പുറത്തു വരുന്ന ഫലം. കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് വെറും 38 സീറ്റുമായി തകർന്നടിയുമെന്നും സർവേ ഫലം വ്യക്തമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ ഏറെ നിർണ്ണായകമാകുകയ, പത്തു സീറ്റ് നേടുന്ന ബി.ജെ.പിയുടെ വളർച്ചയാണ്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത തരം ശക്തമായ പോരാട്ടമായിരിക്കും സംസ്ഥാനത്ത് നടക്കുകയെന്നാണ് ഈ സർവേ ഫലങ്ങൾ നൽകുന്ന സൂചന.
സംസ്ഥാനത്തെ 64 നിയോജക മണ്ഡലങ്ങളിലെ 2360 പേരുമായി സംസാരിച്ച് തയ്യാറാക്കിയ സർവേ ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സംസ്ഥാനത്തെ ഈ നിർണ്ണായകമായ ഈ നിയോജക മണ്ഡലങ്ങളിലേത് കൂടാതെ, കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന അഞ്ചു തിരഞ്ഞെടുപ്പുകളിലെ ഫലങ്ങൾ കൂടി വിലയിരുത്തിയാണ് ഇത്തരമൊരു സർവേ ഇപ്പോൾ നടത്തിയിരിക്കുന്നത്. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ഉറച്ച കോട്ടകളിൽ പോലും ഇക്കുറി അടിപതറുമെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചന.
സർവേ ഫലത്തിന്റെ അടിസ്ഥാനത്തിൽ 90 മുതൽ 100 സീറ്റുകൾ വരെ നേടാൻ ഇടതു മുന്നണിയ്ക്കു സാധിക്കും. എന്നാൽ, ബി.ജെ.പിയുടെ മുന്നേറ്റമാണ് ഈ സാഹചര്യത്തിൽ ഇടതു മുന്നണിയ്ക്കു വലിയ വെല്ലുവിളിയാകുന്നത്. 6 മണ്ഡലങ്ങളിൽ വിജയിക്കുന്ന ബി.ജെ.പി 26 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തുമെന്നും സർവേ ഫലം വിലയിരുത്തുന്നു.
വോട്ട് ഷെയറിലും ഇടതു മുന്നണി മുന്നിൽത്തന്നെ:
സർവേ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഇടതു മുന്നണിയ്ക്ക് വോട്ട് ഷെയറിന്റെ കാര്യത്തിലും ഏറെ മുൻതൂക്കമുണ്ട്. 45 ശതമാനം വോട്ട് ഇടതു മുന്നണി സ്വന്തമാക്കുമ്പോൾ, 34 ശതമാനമാണ് യു.ഡി.എഫിന് ലഭിക്കുക. ബി.ജെ.പിയ്ക്കു കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 2.5 ശതമാനം വോട്ടിന്റെ വർദ്ധനവ് ഉണ്ടാകുമെന്നു സർവേ വ്യക്തമാക്കുന്നു. ഇതോടെ സംസ്ഥാനത്ത് ചരിത്രത്തിൽ ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട് ഷെയർ 20 ശതമാനമാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു വോട്ട് വിഹിതത്തിൽ ഇടതു മുന്നണിയ്ക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.
എന്നാൽ, ബി.ജെ.പിയെ പിടിച്ചുകെട്ടാൻ ഇവർക്കു ഇക്കുറി സാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബി.ജെ.പിയുടെ കടന്നു കയറ്റത്തിൽ എൽ.ഡി.എഫിന്റെ ഹിന്ദു വോട്ടുകളിൽ വിള്ളലുണ്ടാകുമെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. എന്നാൽ, കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ ഒപ്പം നിർത്തി സമാഹരിക്കുന്ന ക്രൈസ്തവ വോട്ടുകൾ വഴി ഈ വിള്ളൽ മറികടക്കാൻ ഇടതു മുന്നണിയ്ക്കു കഴിയുമെന്നാണ് പ്രാഥമിക സർവേയിലുള്ള വിലയിരുത്തൽ.
യു.ഡി.എഫിനു 38 സീറ്റുകൾ ലഭിക്കുമെങ്കിലും 17 സീറ്റുകൾ മാത്രമാവും കോൺഗ്രസിനു ലഭിക്കുകയെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. ലീഗ് ആയിരിക്കും udf മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ, മികച്ച വിജയം നേടുന്ന ഇടതു മുന്നണിയിലെ എല്ലാ കക്ഷികളും മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നും സർവേയിൽ വ്യക്തമായ സൂചനയുണ്ട്. മത്സരിക്കുന്ന എല്ലാ സീറ്റിലും വിജയിക്കുന്ന രാഷ്ട്രീയപാർട്ടിയായി കേരള കോൺഗ്രസ് ജോസ് വിഭാഗം മാറുമെന്ന സൂചന സർവേ ഫലം വ്യക്തമാക്കുന്നു.
കേരളത്തിൽ കോൺഗ്രസിന്റെ ഏറ്റവും വലിയ ശക്തിദുർഗമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇരിക്കൂർ, പേരാവൂർ ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലങ്ങളിൽ ബി.ജെ.പി ഒരു ക്രിസ്ത്യൻ സ്ഥാനാർത്ഥിയാണ് മത്സരിപ്പിക്കുന്നതെങ്കിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേയ്ക്കു പിൻതള്ളപ്പെടുമെന്നതാണ് സർവേ ഫലം നൽകുന്ന സൂചന. നായർ മറ്റു മുന്നോക്ക ഹിന്ദു വിഭാഗങ്ങളിൽ മുന്നോക്ക വിഭാഗങ്ങൾ പൊതുവേ ബി.ജെ.പി അനൂകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സ്ഥാനാർത്ഥികളെ നോക്കി കുറച്ചു മുന്നോക്ക വോട്ടുകൾ സമാഹരിക്കാൻ എല്ലാ മുന്നണികൾക്കും ആയിട്ടുണ്ട്. കേരള കോൺഗ്രസിന്റെ സാന്നിധ്യം കുറച്ച് നായർ വോട്ടുകൾ നേടാൻ ഇടതു മുന്നണിയെ സഹായിക്കും. എന്നാൽ, കേരള കോൺഗ്രസിനു ശക്തമായ വേരോട്ടമുള്ള ചങ്ങനാശേരിയിൽ ബി.ജെ.പി ജയിക്കുമെന്നാണ് സർവേ ഫലം നൽകുന്ന സൂചന. ഈഴവ തീയ വിഭാഗങ്ങൾ സംസ്ഥാനത്ത് നിർണ്ണായ സ്വാധീനമുണ്ട്. ഇവർ ഇടതു മുന്നണിയെ പിൻതുണയ്ക്കുമെന്നാണ് ലഭിക്കുന്ന പ്രാഥമിക സൂചനകൾ.
യുഡിഎഫിന് കിട്ടിക്കൊണ്ടിരുന്ന ക്രൈസ്തവ സഭയിലെ സ്ഥിരം വോട്ടുബാങ്കുകളിൽ വിള്ളൽ ഉണ്ടാകും .അത് കൂടുതലും വിഭജിക്കുകയും ഗുണം ലഭിക്കുന്നത് ബിജെപിക്കും ഇടതുമുന്നണിക്കും ആയിരിക്കും. സ്ഥിരമായി യുഡിഎഫിന് കിട്ടിക്കൊണ്ടിരുന്ന സമുദായ വോട്ടുകളിൽ വലിയ വിള്ളൽ ആണ് ഉണ്ടായിരിക്കുന്നത് .മുസ്ലിം സമുദായത്തിലെ വോട്ടുകളിലും വിള്ളൽ ഉണ്ട് .ബിജെപി ഭയത്തിൽ സമസ്ത അടക്കമുള്ളവർ സിപിഎമ്മന് പിന്നിൽ അണിനിരക്കും .എന്നാൽ ലീഗ് സ്ഥാനാർത്ഥികൾ എല്ലാം വിജയിക്കാൻ അവർ നീക്കം നടത്തുകയും ചെയ്യും .