കോഴിക്കോട്: മനുഷ്യ ശൃങ്കാലയിൽ യുഡിഎഫ് പ്രവർത്തകരും അണിനിരന്നു .ഇടതുമുന്നണിക്ക് കീഴില്‍ സംഘടിപ്പിച്ച പരിപാടി ആയിരുന്നെങ്കിലും രാഷ്ട്രീയപരമായി വ്യത്യസ്ത അഭിപ്രായം പുലര്‍ത്തുന്നവരെയും പ്രതിഷേധത്തില്‍ അണി നിരത്താന്‍ കഴിഞ്ഞത് സംഘാടനത്തിന്‍റെ മികവായി. ഇകെ സുന്നി, കെഎന്‍എം തുടങ്ങി യുഡിഎഫ് അനുകൂല നിലപാട് സ്വീകരിക്കുന്ന സംഘടനകളും ചില ലീഗ് നേതാക്കളും മനുഷ്യശ്യംഗലയില്‍ അണി ചേര്‍ന്നത് യുഡിഎഫിന് വലിയ തിരിച്ചടിയാവുകയും ചെയ്തു.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
ഇടത് മുന്നണിയുടെ രാഷ്ട്രീയത്തോട് അഭിപ്രായ വ്യത്യാസമുള്ള നിരവധി ആളുകള്‍ കോഴിക്കോട്, മലപ്പുറം, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ മനുഷ്യ മഹാശൃംഖലയില്‍ അണിചേര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധ പരിപാടിയില്‍ അണിനിരക്കുന്നതിന്‍റെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
നേരത്തെ തന്നെ ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന എപി സുന്നി വിഭാഗം സംസ്ഥാനത്തുടനീളം ശ്യംഖലയുടെ ഭാഗമായപ്പോള്‍ മുസ്ലിം ലീഗിനൊപ്പം നില്‍ക്കുന്ന ഇകെ വിഭാഗം സുന്നി നേതാക്കള്‍ കോഴിക്കോട് നിന്നാണ് മനുഷ്യശ്യംഖലയുടെ ഭാഗമായത്. ഇകെ വിഭാഗം നേതാക്കളായ ഉമര്‍ ഫൈസി മുക്കം, മുസ്തഫ മുണ്ടുപാറ എന്നിവര്‍ കോഴിക്കോട് ഇടത് നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടു.മുജാഹിദ് വിഭാഗം നേതാക്കളും കെഎന്‍എം പ്രസിഡന്‍റുമായ ടിപി അബ്ദുല്ല കോയ മദനിയും വൈസ് പ്രസിഡന്‍റ് നിസാര്‍ ഒളവണ്ണയും കോഴിക്കോട് മുതലക്കുളത്ത് ശ്യംഖലയുടെ ഭാഗമായി. യുഡിഎഫിന്‍റെ എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗിന്‍റെ പരമ്പരാഗത വോട്ടുബാങ്കായ ഇകെ സുന്നി വിഭാഗത്തെ മനുഷ്യശ്യംഖലയില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായിട്ടാണ് ഇടതുമുന്നണി വിലയിരുത്തുന്നത്.
സാമുദായിക സംഘടനകള്‍ക്ക് പുറമെ മുസ്ലിംലീഗ് നേതാക്കളും കെഎംസിസി പ്രവര്‍ത്തകരും മനുഷ്യമഹാശ്യംഖലിയില്‍ അണിചേര്‍ന്നത് ഇടതുമുന്നണിയുടെ സന്തോഷം ഇരട്ടിപ്പിക്കുന്നു. മുസ്ലിം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റും എംഎസ്എഫ് മുന്‍ സംസ്ഥാന ഭാരവാഹിയുമായിരുന്ന കെഎം ബഷീറാണ് മനുഷ്യശ്യംഖലയില്‍ അണിചേര്‍ന്നത്.രാജ്യത്ത് കരിനിയമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന ന്യൂനപക്ഷ സമുദായത്തിലെ ഒരു അംഗവും പൗരനെന്ന നിലയിലുമാണ് താന്‍ മനുഷ്യ മഹാശൃംഖലയുടെ ഭാഗമായതെന്ന് കെഎം ബഷീര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്. തനിക്കൊപ്പം മുസ്ലിം ലീഗിലെ നിരവധി പ്രവര്‍ത്തകരും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപരമായിട്ടുള്ള വിയോജിപ്പ് മാത്രമാണ് ഉള്ളത്. ഈ കരിനിയമത്തിനെതിരെ പ്രതികരിക്കുന്ന ഏത് ജനാധിപത്യ-മതേതരത്വ സംഘടനകളുമായും സഹകരിക്കണം എന്നാണ് എന്‍റെ അടിയുറച്ച നിലപാട്. ഒരു മുസ്ലിം ലീഗുകാരന്‍ എന്ന നിലയില്‍ പ്രത്യേകിച്ചും. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ലീഗിനെ ചില പാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്യുന്നു. അതിന് ഒരു പരിധിവരെ അവസരമുണ്ടാക്കികൊടുത്തത് ലീഗ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള ധീരമായ നിലപാടാണ് പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇടതുമുന്നണി സ്വീകരിച്ചത്. അത് കൃത്യമായി ആളുകളില്‍ എത്തിക്കാന്‍ കഴിഞ്ഞി എന്നുള്ളതുകൊണ്ടാണ് 75 ലക്ഷം ആളുകള്‍ ഇന്നലെ കേരളത്തിന്‍റെ നിരത്തില്‍ അണിനിരന്നതെന്നും ബഷീര്‍ പറയുന്നു. യുഡിഎഫിന് വോട്ടു ചെയ്ത ആളുകള്‍ മനുഷ്യശ്യംഖലയില്‍ പങ്കെടുത്തു എന്നുള്ള കെ മുരളീധരന്‍റെ നിരീക്ഷണം വളരെ കൃത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമര്‍ശനം ഭയത്തിലായ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷകരാകാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്ന വിമര്‍ശനം ഉയര്‍ത്തിയാണ് യുഡിഎഫ് അണികളും ഇടതു മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തുവെന്ന് കെ മുരളീധരന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.
അതേസമയം, എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശ്യംഖലയില്‍ മുസ്ലിംലീഗ് പ്രാദേശിക നേതാവ് പങ്കെടുത്തത് വലിയ വിഷയമാക്കേണ്ട കാര്യമല്ലെന്നാണ് പികെ കുഞ്ഞാലിക്കുട്ടി എംപി അഭിപ്രായപ്പെട്ടത്. ബിജെ പിക്കെതിരായ പരിപാടി എന്ന നിലക്ക് ആളുകൾ പോകുന്നതാണ്. ഇത്തരം പരിപാടികളിൽ സഹകരിക്കുക എന്ന നിലക്ക് സദുദ്ദേശ്യത്തോടെ ചെയ്യുന്നതാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ത്ഥമില്ല പൗരത്വ നിയമ ഭേദഗതിക്കെതിരായി ആര് നിലപാട് സ്വീകരിച്ചാലും സാധാരണ ജനങ്ങള്‍ അതിനോട് സഹകരിക്കുന്നുണ്ട്. അത് ചര്‍ച്ചയാക്കുന്നതില്‍ അര്‍ത്ഥമില്ല.
മഷിയിട്ടു നോക്കിയാല്‍ യുഡിഎഫ് റാലികളില്‍ ഇടതുമുന്നണിയുടെ ആളുകളും വന്നത് കാണാനാകുമെന്നും പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾക്ക് അറിയാം യുഡിഎഫിന് വോട്ട് ചെയ്ത നല്ലൊരു പങ്ക് ആളുകളും ഭരണഘടന ഉയർത്തിപ്പിടിക്കാൻ മനുഷ്യ മഹാശൃംഖലയിൽ അണിനിരന്നെന്നും മന്ത്രി തോമസ് ഐസക്കും അഭിപ്രായപ്പെട്ടു. അവർ വന്നത്, നാട് അഭിമുഖീകരിക്കുന്ന അത്യാപത്തിനുനേരെ കൈകോർക്കാനാണ്. എൽഡിഎഫിലേയ്ക്ക് അല്ലെന്ന് ഞങ്ങൾക്ക് അറിയാം. പക്ഷെ, ചില യുഡിഎഫ് നേതാക്കളുടെ പേടി നേരെ മറിച്ചാണ്. ഇന്നത്തേതുപോലെയാണ് അവർ മുന്നോട്ടു പോകുന്നതെങ്കിൽ അവരുടെ ഭയം യാഥാർത്ഥ്യമായേക്കും. അതുകൊണ്ട് സമയം വൈകിയിട്ടില്ല. പൗരത്വഭേദഗതി നിയമത്തിനെതിരെ നമുക്ക് ഒരുമിക്കാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.പൗരത്വ നിയമ ഭേദഗതിക്കെതിരായി റിപ്പബ്ലിക് ദിനത്തില്‍ ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യമഹാശ്യംഖലയില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം കളിയിക്കാവിള വരെ എഴുപത് ലക്ഷത്തിലേറെ ആളുകള്‍ പ്രതിഷേധ പരിപാടിയില്‍ അണിനിരനെന്നാണ് ഇടത് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.