
സ്വന്തം ലേഖകൻ
കൊച്ചി:കേരളത്തിൽ ഇനി ഒരിക്കൽ കൂടി സി.പി.എം അധികാരത്തിൽ വന്നാൽ യുഡിഎഫ് സംവിധാനം ഇല്ലാതാകുമെന്ന് തിരിച്ചറിവ് മുസ്ലിം ലീഗ് പരസ്യമായി പറഞ്ഞുതുടങ്ങി .മുഖ്യ ശത്രു സി.പി.എം ആണെന്നും ബിജെപി അല്ലെന്നും മുസ്ലിം ലീഗ് പറഞ്ഞുതുടങ്ങി .കേരളത്തിൽ ബിജെപിയല്ല സിപിഐ എമ്മാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. പാർടി പ്രവർത്തകർക്കായി തയ്യാറാക്കിയ വീഡിയോയിലാണ് കുഞ്ഞാലിക്കുട്ടിയുടെ സന്ദേശം.ഒരു തെരഞ്ഞെടുപ്പ് കൂടി എൽഡിഎഫ് ജയിക്കാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ അത് യുഡിഎഫിനും മുസ്ലിം ലീഗിനും വലിയ പ്രശ്‌നമുണ്ടാക്കുമെന്നും നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.നേരത്തേ തീവ്രസംഘടനകളുമായി മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാൻ തീരുമാനിച്ചത് വിവാദമായിരുന്നു. സ്വർണക്കടത്ത് കേസിൽ വി മുരളീധരനെയോ അനിൽ നമ്പ്യാരെയോ ലീഗ് വിമർശിക്കാതിരിക്കുന്നതും ചർച്ചയാണ്.
അതേസമയം ഉമ്മൻചാണ്ടിയാണ് യുഡിഎഫ് സംവിധാനത്തിന്റെ മുഖമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. മുസ്ലിംലീഗും കോൺഗ്രസും തമ്മിലുള്ള ചേർച്ചയിൽ ഉമ്മൻചാണ്ടിക്കാണ് വലിയ ഇടമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വ സുവർണജൂബിലി ആശംസയിലാണ് മുസ്ലിംലീഗ് നേതാക്കൾ ഉമ്മൻചാണ്ടിയാണ് ലീഗിന് പ്രിയങ്കരനായ കോൺഗ്രസ് നേതാവെന്ന് മറയില്ലാതെ വ്യക്തമാക്കിയത്.
വ്യാഴാഴ്‌ചത്തെ മുഖപത്രം ‘ചന്ദ്രിക’യിലാണ് കുഞ്ഞാലിക്കുട്ടിയും ഹൈദരലി തങ്ങളും ഉമ്മൻചാണ്ടിക്ക് കരുത്തുപകരുന്ന നിലപാട് വ്യക്തമാക്കിയത്. വ്യാഴാഴ്‌ചത്തെ ചന്ദ്രിക പത്രത്തിലും ഉമ്മൻചാണ്ടി @50 എന്ന പ്രത്യേക പതിപ്പിലുമുള്ള ലേഖനങ്ങളിലെല്ലാം ലീഗിന് എ ഗ്രൂപ്പിനോടും ഉമ്മൻചാണ്ടിയോടുമുള്ള അനുഭാവം പ്രകടം.