അസ്സലാമു അലൈക്കും;ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇത്തവണയും സ്ത്രീ പരിഗണന ഇല്ല.കരഞ്ഞ് കാല് പിടിച്ച് എംഎല്‍എമാര്‍ സീറ്റ് വാങ്ങി.

കോഴിക്കോട്:ലീഗ് എപ്പോഴും അങ്ങിനെയാണ്,എല്ലാറ്റിനും ഒരു പടി മുന്‍പേ,തങ്ങള്‍ പറഞ്ഞാല്‍ അവിടെ എല്ലാം കബൂലാണ് സ്ഥാനാര്‍ത്ഥിയായാലും കത്തീബായാലും. മുഖ്യമന്ത്രിക്കു മുമ്പേ അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ച മുസ്‌ലിംലീഗ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനത്തിനു മുമ്പേ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ച് ഒരു മുഴം മുമ്പേ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞതവണ പാര്‍ട്ടി മത്സരിച്ച 24 സീറ്റില്‍ നാലു സീറ്റുകളിലെ പ്രഖ്യാപനം ബാക്കിവച്ചാണ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പട്ടിക പുറത്തുവിട്ടത്. ഇതില്‍ സി മോയിന്‍കുട്ടി (തിരുവമ്പാടി), അഡ്വ. കെ എന്‍ എ ഖാദര്‍ (വള്ളിക്കുന്ന്), എം പി അബ്ദുസ്സമദ് സമദാനി (കോട്ടക്കല്‍), മമ്മദുണ്ണി ഹാജി (കൊണ്ടോട്ടി) എന്നീ നാലു സിറ്റിങ് എം എല്‍ എമാരെ മാറ്റിനിര്‍ത്തിയപ്പോള്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പാര്‍ട്ടി സെക്രട്ടറിമാര്‍ അടക്കം നാലു പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി.

അഞ്ച് മന്ത്രിമാര്‍ക്കും സിറ്റിങ് സീറ്റ് അനുവദിച്ച പാര്‍ട്ടി പേരിനു പോലും ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെന്നതാണ് മറ്റൊരു പ്രധാന കാര്യം. ഷുവര്‍ സീറ്റ് ആശിച്ചവര്‍ക്കും വീണ്ടും കടുത്ത അങ്കം വെട്ടിയാലേ അനന്തപുരിയിലെത്താനാവൂ. അഴീക്കോട് മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടിയിലെ യുവതുര്‍ക്കി കെ എം ഷാജിയും, മന്ത്രിസഭാ വകുപ്പ് വിഭജനത്തില്‍ ഏറെ തഴയപ്പെട്ടുവെങ്കിലും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് സാമൂഹ്യക്ഷേമം എന്ന ഗ്ലാമര്‍ വകുപ്പ് സമ്മാനിച്ച മന്ത്രി ഡോ.എം കെ മുനീര്‍ കോഴിക്കോട് സൗത്തില്‍ നിന്നും, കൂടുതല്‍ സുരക്ഷിതമായ മണ്ഡലം ആഗ്രഹിച്ചെങ്കിലും നേതൃത്വം അത് പരിഗണിച്ചതേയില്ല. പുതുമുഖത്തെ പ്രതിഷ്ഠിച്ച പാര്‍ട്ടിയുടെ പൊന്നാപുരം കോട്ടയായ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കു കൂടുതല്‍ രൂക്ഷത പകരുംവിധമാണ് പുതിയ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്നും നിരീക്ഷണമുണ്ട്. ഇവിടുത്തെ സിറ്റിങ് എംഎ!ല്‍എ. വി എം ഉമ്മര്‍ മാസ്റ്ററെ തിരുവമ്പാടിയിലേക്കു മാറ്റിയത് ഇരു മണ്ഡലങ്ങളിലെയും ജയസാധ്യതയ്ക്കു മങ്ങലേല്‍പ്പിക്കുമെന്നാണ് പല പാര്‍ട്ടിക്കാരുടെയും വികാരം.

കഴിഞ്ഞതവണ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ട കുന്ദമംഗലം, കുറ്റ്യാടി, ഇരവിപുരം, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. യു ഡി എഫുമായുള്ള സീറ്റ് ധാരണ പൂര്‍ത്തിയാവാത്തതിനാലാണിത്. ഇതില്‍ ഗുരുവായൂരില്‍ യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലിയെയാണ് നേതൃത്വം മുഖ്യമായും പരിഗണിക്കുന്നത്. കുന്ദമംഗലം സീറ്റ് കോണ്‍ഗ്രസിന് നല്‍കി പകരം ബാലുശ്ശേരി വാങ്ങാനാണ് നേതൃ ആലോചന. അങ്ങനെ വന്നാല്‍ ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റും ഹാന്‍വീവ് ചെയര്‍മാനുമായ യു സി രാമനെയാണ് ഇവിടേക്കു നിയോഗിക്കുക. കുറ്റ്യാടിയും നാദാപുരവും പരസ്പരം മാറാനും ചര്‍ച്ച നടക്കുന്നു. അവിടേക്ക് നാദാപുരം പഞ്ചായത്തിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സൂപ്പി നരിക്കാട്ടേരിയും യൂത്ത്‌ലീഗ് ജനറല്‍സെക്രട്ടറി സി കെ സുബൈറുമാണ് സാധ്യതാ ലിസ്റ്റിലുള്ളത്. സൂപ്പിക്കാണ് സാധ്യത കൂടുതല്‍. ഇരവിപുരം ലീഗ് മത്സരിച്ച സീറ്റാണെങ്കിലും അവിടത്തെ സിറ്റിങ് എംഎല്‍എ ആര്‍ എസ് പിയിലെ എ എ അസീസും സംഘവും ഇപ്പോള്‍ യു ഡി എഫിന്റെ ഭാഗമായതിനാല്‍ പ്രസ്തുത സീറ്റിനു പകരം മറ്റൊരു സീറ്റ് കണ്ടെത്തേണ്ട സ്ഥിതിയാണ്.

മണ്ഡലം കമ്മിറ്റികളുടെ ശക്തമായ സമ്മര്‍ദ്ദമുണ്ടായിട്ടും പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളുടെ കടുത്ത ദയാവായ്പിലൂടെയാണ് മഞ്ചേരി, തിരുര്‍, തിരൂരങ്ങാടി സീറ്റുകളില്‍ സിറ്റിങ് എം എല്‍ എമാര്‍ക്ക് വീണ്ടും ജനവിധി തേടാന്‍ അവസരമുണ്ടായത്. മഞ്ചേരിയില്‍ അഡ്വ. എം ഉമറിനെ പാണക്കാട് തങ്ങള്‍ വീണ്ടും പരിഗണിച്ചപ്പോള്‍ മത്സരിക്കാന്‍ കുപ്പായം തുന്നിയ യു എ ലത്തീഫിനാണ് അവസരം നഷ്ടമായത്. തിരൂരങ്ങാടിയില്‍ അബ്ദുറബ്ബിനെ വീണ്ടും റബ്ബ് കാത്തപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ഐ എന്‍ എലിന്റെ മുന്‍ നിയമസാമാജികനും കൂടിയായ അഡ്വ. പി എം എ സലാമിനാണ് നെഞ്ചിടിപ്പ് കൂട്ടിയത്. തിരൂരില്‍ സി മമ്മുട്ടിക്കു വീണ്ടും നറുക്കു വീണതോടെ കുറുക്കോളി മൊയ്തീന്റെ മോഹവും പൊലിഞ്ഞു. പാര്‍ട്ടി ജനറല്‍സെക്രട്ടറി കെ പി എ മജീദ് രംഗം മുന്‍കൂട്ടി സ്‌ക്രീന്‍ ചെയ്ത് വിദഗ്ധമായി കളമൊഴിഞ്ഞതിനാല്‍ സീറ്റ് കിട്ടാത്ത യുവതുര്‍ക്കികള്‍ അടക്കമുള്ള സീറ്റ്‌മോഹികളുടെ നീരസം സമ്പാദിക്കാതെ രക്ഷപ്പെട്ടു.

അതിനിടെ, സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കുമെന്ന് കരുതിയ യൂത്ത്‌ലീഗ് അഖിലേന്ത്യാ കണ്‍വീനറും സംസ്ഥാന സെക്രട്ടറിയുമായ പി കെ ഫിറോസിനെതിരെ സമസ്തയുടെ വിദ്യാര്‍ത്ഥിയുവജന വിഭാഗത്തില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം ഉയര്‍ന്നു. പാര്‍ട്ടി ലീഡര്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെയും വിവിധ മുജാഹിദ് ഗ്രൂപ്പുകളുടെയും അനുഗ്രഹാശിസ്സുകള്‍ ഫിറോസിനുണ്ടായെങ്കിലും ഫിറോസിനെ വെട്ടാന്‍ ചില യുവതുര്‍ക്കികളും അമിതാവേഷം കാണിച്ചതായി വിവരമുണ്ട്. യൂത്ത്‌ലീഗില്‍ സംസ്ഥാന പ്രസിഡന്റിനും ജനറല്‍സെക്രട്ടറിക്കും മാത്രമെ സീറ്റ് നല്‍കുന്ന കീഴ്‌വഴക്കമുള്ളൂവെന്നും അതിനാല്‍ അതിനപ്പുറം പോകരുതെന്നും ഇവര്‍ നേതൃത്വത്തെ ഉപദേശിച്ചുപോല്‍

അതിനിടെ, സീറ്റ് നഷ്ടപ്പെട്ട സിറ്റിങ് എം എല്‍ എമാരായ അഡ്വ. കെ എന്‍ എ ഖാദറിനെ പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായും സി മോയിന്‍കുട്ടിയെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായും പരിഗണിച്ച് നേതൃത്വം രംഗം തണുപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ചാനല്‍ വക്താവായ ഖാദര്‍ നേരത്തെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായിരുന്നു. മോയിന്‍കുട്ടി ജില്ലാ വൈസ്പ്രസിഡന്റ്, ട്രഷറര്‍ എന്നി പദവികള്‍ വഹിച്ചിരുന്നു.

സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയും സിറ്റിങ് എം എല്‍ എയുമായ വി എം ഉമ്മര്‍ മാസ്റ്റര്‍ക്കു പകരം കൊടുവള്ളിയില്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി എം എ റസാഖ് മാസ്റ്ററെയാണ് നേതൃത്വം അവരോധിച്ചിട്ടുള്ളത്. ഉമ്മര്‍ മാസ്റ്ററെ പകരം തിരുവമ്പാടിയിലേക്കാണ് ചുമതലപ്പെടുത്തിയതെങ്കിലും കാര്യങ്ങള്‍ അത്ര പന്തിയാവില്ല. തിരുവമ്പാടിയിലെ സിറ്റിങ് എംഎല്‍എ സി മോയിന്‍കുട്ടിയെ മാറ്റി അവിടെ ഉമ്മര്‍ മാസ്റ്ററെ നിര്‍ത്തിയതോടെ അവിടെയും ഗ്രൂപ്പ് പോരിന് ശക്തി കൂടാനാണ് സാധ്യത. തിരുവമ്പാടിയില്‍ പ്രത്യേകിച്ച് ക്രിസ്ത്യന്‍ മേഖലയില്‍ സി മോയിന്‍കുട്ടിയെ പോലൊരു സ്വീകാര്യന്‍ പാര്‍ട്ടിയില്‍ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ പ്രചാരണം. മുമ്പ് ഉമ്മര്‍ മാസ്റ്റര്‍ തിരുവമ്പാടിയില്‍ മത്സരിച്ചപ്പോള്‍ സീറ്റ് കിട്ടാത്തതിലുള്ള നീരസം കാരണം ഉമ്മര്‍ മാസ്റ്ററെ മോയിന്‍കുട്ടിയുടെ അനുയായികള്‍ തന്നെ തോല്‍പ്പിച്ചതും അങ്ങാടിപ്പാട്ടാണ്.

Top