മുസ്ലിം ലീഗിൽ കലാപത്തിന് സാധ്യത .ലീഗിലെ മുതിർന്ന നേതാക്കളെ വെട്ടിനിരത്തുവാൻ യുവനിര അരയും തലയും മുറുക്കി രംഗത്ത് .സ്ഥിരം കുറ്റികളെ വെട്ടി നിരത്തി പാർട്ടിയും സ്ഥാനവും പിടിക്കാനുള്ള തത്രപ്പാടിലാണ് യുവനിരയുള്ളത്. മൂന്ന് തവണ എം.എൽ.എ ആയവരെ മാറ്റിനിർത്താൻ 2021ൽ അന്നത്തെ മുസ്ലീം ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ തീരുമാനമെടുത്തിരുന്നു.
ആ തീരുമാനം ഇത്തവണയും തുടരണമെന്നാണ് എം.എസ്.എഫും യൂത്ത് ലീഗും അടക്കമുള്ള യുവനേതൃത്വത്തിന്റെ സമ്മർദ്ദം. ഹൈദരലി തങ്ങളുടെ തീരുമാനം തുടരാൻ ഇപ്പോഴത്തെ ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ തീരുമാനിച്ചാൽ, ആ തീരുമാനത്തിൽ ഇളവ് അനുവദിക്കുക പി.കെ കുഞ്ഞാലിക്കുട്ടിക്കും എം.കെ മുനീറിനും ആണെന്നതും ഉറപ്പാണ്.
തിരൂരങ്ങാടി എം എൽ എ, കെ.പി.എ മജീദ്, കാസർഗോഡ് എം എൽ എ, എൻ എ നെല്ലിക്കുന്ന്, ഏറനാട് എം എൽ എ, പി കെ ബഷീർ, മലപ്പുറം എം എൽ എ, പി ഉബൈദുള്ള, മങ്കട എം എൽ എ, മഞ്ഞളാംകുഴി അലി, മണ്ണാർക്കാട് എം എൽ എ, എൻ. ഷംസുദ്ദീൻ എന്നിവർക്ക് സീറ്റ് ലഭിക്കാനിടയില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം മഞ്ചേരി എം എൽ എ, യു.എ ലത്തീഫ്, വള്ളിക്കുന്ന് എം എൽ എ പി. അബ്ദുൽ ഹമീദ് മാസ്റ്റർ എന്നിവർക്കും സീറ്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി, മുസ്ലിംലീഗ് ദേശീയ സെക്രട്ടറി സി.കെ.സുബൈർ, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശേരി, വനിതാ വിഭാഗത്തിൽനിന്നും യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ എന്നിവരാണ് അടുത്ത തവണ നിയസഭാ സീറ്റ് പ്രതീക്ഷിച്ചിരിക്കുന്ന ലീഗ് യുവനിരയിലെ പ്രമുഖർ. യൂത്ത്‌ലീഗ് നേതാവായ പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം, മുൻ എം.എൽ.എ കൂടിയായ കെ.എം.ഷാജി എന്നിവർ അടുത്ത തവണ സീറ്റ് ഉറപ്പിച്ചിരിക്കുകയാണ്.
പി.കെ ബഷീറിനെ മാറ്റി ഏറനാട്ടിൽ മത്സരിക്കാൻ ലീഗിന്റെ രാജ്യസഭാ എം.പി പി.വി അബ്ദുൽവഹാബിന് താൽപര്യമുണ്ട്. എന്നാൽ രാജ്യസഭയിലേക്ക് കാലാവധി അവശേഷിച്ചിരിക്കെ വഹാബിനെ നിയമസഭയിലേക്കയക്കാൻ ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ സമ്മതം മൂളാൻ സാധ്യത കുറവാണ്. മൂന്ന് തവണ രാജ്യസഭാംഗമായ വഹാബ് യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മന്ത്രി സ്ഥാനം മോഹിക്കുന്ന നേതാവാണ്. എന്നാൽ ലീഗിന്റെ മികച്ച പാർലമെന്റേറിയനായ ജി.എം ബനാത്ത് വാലയെ മറികടന്നാണ് വ്യവസായിയായ വഹാബിനെ ലീഗ് രാജ്യസഭയിലേക്കയച്ചത്. ലീഗ് ധനാഡ്യർക്ക് വഴങ്ങുന്നു എന്ന ആരോപണം അന്ന് ശക്തമായിരുന്നു. 2021ൽ പി.കെ ബഷീറിനെ മാറ്റി ഏറനാട്ടിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കാൻ പി.വി അബ്ദുൽവഹാബിന് താൽപര്യമുണ്ടായിരുന്നു. അന്ന് മൂന്നാം തവണയും വഹാബിനെ രാജ്യസഭയിലേക്കയച്ച് ഈ നീക്കം പൊളിച്ചത് പി.കെ കുഞ്ഞാലിക്കുട്ടിയാണ്.
മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന് ഇത്തവണ തിരൂരങ്ങാടി മണ്ഡലം നൽകാനാണ് സാധ്യത. ഐ.എൻ.എൽ എം.എൽ.എയായി ലീഗിലെത്തിയ സലാമിന് കഴിഞ്ഞ തവണ തിരൂരങ്ങാടി നൽകാൻ ലീഗ് നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് തിരൂരങ്ങാടിക്കായി കടുംപിടുത്തം തുടർന്നതാണ് പി.എം.എ സലാമിന്റെ വഴിയടച്ചത്. അന്നത്തെ ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദിന് തിരൂരങ്ങാടി നൽകി സലാമിന് ലീഗ് ജനറൽ സെക്രട്ടറി സ്ഥാനം നൽകിയാണ് ലീഗ് നേതൃത്വം ഈ പ്രതിസന്ധിയെ അതിജീവിച്ചത്. എന്നാൽ ഇത്തവണ മജീദ് ഒഴിയുമ്പോൾ സലാമിന് തിരൂരങ്ങാടി നൽകണമെന്നത് നിർബന്ധമാണ്. സി.പി.ഐയിൽ നിന്നും ലീഗിലെത്തിയ എം. റഹ്മത്തുള്ളക്കും സീറ്റ് നൽകേണ്ടത് ലീഗിന്റെ ബാധ്യതയാണ്.
മൂന്ന് ടേം എം.എൽ.എമാരെ മാറ്റി നിർത്തിയപ്പോൾ സീറ്റ് നഷ്ടപ്പെട്ടവരിൽ മുൻ മന്ത്രിമാരായ നാലകത്ത് സൂപ്പി, കെ. കുട്ടിഅഹമ്മദ്കുട്ടി, ഇസ്ഹാഖ് കുരിക്കൾ, എം. ഉമ്മർ, മമ്മുണ്ണി ഹാജി അടക്കമുള്ളവരാണ് ഉണ്ടായിരുന്നത്. ഇവരിൽ കുട്ടി അഹമ്മദ്കുട്ടിയും മമ്മുണ്ണിഹാജിയും നിര്യാതരായി. മറ്റുള്ളവർ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുകയും ചെയ്തു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനോ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈറിനോ അവസരം നൽകണമെന്ന ആവശ്യം യുവനിര ശക്തമായി ഉയർത്തിയിരുന്നു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായ പാണക്കാട് മുനവറലി ശിഹാബ് തങ്ങളും ഈ നിലപാടിനൊപ്പമായിരുന്നു. എന്നാൽ ഇ.ടി മുഹമ്മദ് ബഷീറിനെയും എം.പി അബ്ദുസമദ് സമദാനിയെയും മത്സരിപ്പിക്കാനായിരുന്നു ലീഗ് നേതൃത്വത്തിന്റെ തീരുമാനം. രാജ്യസഭാ സീറ്റിലെ ഒഴിവിലും യുവ നേതൃത്വം അവകാശവാദം ഉന്നയിച്ചെങ്കിലും സുപ്രീം കോടതി അഭിഭാഷകനായ അഡ്വ. ഹാരിസ് ബീരാനാണ് നറുക്ക് വീണത്.
പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പിൽ യുവ നിരയെ പരിഗണിച്ചില്ലെങ്കിൽ അത് ലീഗ് നേതൃത്വത്തിൽ പ്രതിസന്ധിയുണ്ടാക്കും. മുതിർന്ന നേതാക്കളെ പിണക്കാതെയും യുവ നിരയെ അപ്പാടെ തള്ളാതെയുമുള്ള സമവായ നീക്കമായിരിക്കും ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ സ്വീകരിക്കുകയെന്നാണ് കരുതുന്നത്.










