ആദ്യ വിമതൻ ലീഗിൽ നിന്ന്: തിരഞ്ഞെടുപ്പൊരുക്കം തകൃതിയായി തുടങ്ങി

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ ലീഗ് സ്ഥാനാർഥിക്ക് എതിരെ വിമത നീക്കം. മണ്ഡലം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് കാരാട്ട് റസാഖ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചു. കാരാട്ട് റസാഖുമായി ഇടത് മുന്നണി പ്രാഥമിക ചർച്ചയും നടത്തി. ഗൾഫ് വ്യവസായിയുടെ സ്വാധീനത്തിന് വഴങ്ങിയാണ് സംസ്ഥാന നേതൃത്വം സ്ഥാനാർഥിയെ നിശ്ചയിച്ചതെന്നും കാരാട്ട് റസാഖ്  പറഞ്ഞു.
സംസ്ഥാന നേതൃത്വം മണ്ഡലം കമ്മറ്റിയുമായി ആലോചിക്കാതെയാണ് ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന എംഎം റസാഖ് മാസ്റ്ററെ സ്ഥാനാർഥിയാക്കിയതെന്നാണ് കൊടുവള്ളിയിലെ ഒരു വിഭാഗം ലീഗ് പ്രവർത്തകരുടെ പരാതി. ഇതിനെ തുടർന്നാണ് കൊടുവള്ളി ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കാരാട്ട് റസാഖിനെ സ്വതന്ത്രനായി മത്സരിപ്പിക്കാൻ ഈ വിഭാഗം തീരുമാനിച്ചത്. പാർട്ടി പദവികൾ രാജിവെച്ച് കാരാട്ട് റസാഖ് താൻ സ്വതന്ത്രനായി മത്സരിക്കുകയാണെന്നും പ്രഖ്യാപിച്ചു.
സംസ്ഥാന നേതൃത്വം സ്ഥാനാർഥിയെ തീരുമാനിച്ചതിന് പിന്നിൽ ഗൾഫ് വ്യവസായിയുടെ സ്വാധീനം ഉണ്ടെന്നും കാരാട്ട് റസാഖ് ആരോപിച്ചു. വിമതനായി മത്സരിക്കുമെന്ന് കാരാട്ട് റസാഖ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇടത് നേതാക്കൾ ചർച്ചയും നടത്തി. കാന്തപുരം എപി വിഭാഗത്തിന്റെ പിന്തുണയും കാരാട്ട് റസാഖിന് ഉള്ളതായാണ് വിവരം. കാരാട്ട് റസാഖ് കാന്തപുരവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top